നിങ്ങളുടെ മനസ്സിൻ്റെ ' ഭക്ഷണക്രമം' നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും!

നിങ്ങളുടേത് ശരാശരി അല്ലെങ്കില്‍ അപൂര്‍വമായ ജീവിതമാക്കി മാറ്റുന്നതില്‍ 'മെന്റല്‍ ഡയറ്റ്' വലിയ സ്വാധീനം ചെലുത്തുന്നു.

Update: 2021-04-25 04:05 GMT

നമ്മള്‍ കഴിക്കുന്ന ഭക്ഷണം, ആഹാരക്രമം, അതില്‍ നിന്ന് ലഭിക്കുന്ന കലോറി, അത് നമ്മുടെ ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനം എന്നിവയെ കുറിച്ചുള്ള അവബോധം വളര്‍ന്നു വരികയാണ്. എന്നാല്‍, നമ്മുടെ സന്തോഷത്തിനും ക്ഷേമത്തിനും അത്യാവശ്യമായ, മനസ്സിനുള്ള ആഹാരക്രമത്തില്‍ നമ്മള്‍ വളരെ കുറിച്ച് ശ്രദ്ധ മാത്രമേ നല്‍കുന്നുള്ളൂ. എന്നാൽ നിങ്ങളുടേത് ശരാശരി അല്ലെങ്കില്‍ അപൂര്‍വമായ ജീവിതമാക്കി മാറ്റുന്നതില്‍ 'മെന്റല്‍ ഡയറ്റ്' വലിയ സ്വാധീനം ചെലുത്തുന്നു

എന്താണ് മെന്റല്‍ ഡയറ്റ് എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്?

നിങ്ങളുടെ മനസ്സിന് നല്‍കുന്ന ഭക്ഷണത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇത് ഒരു പക്ഷേ സിനിമ, ടിവി ഷോ, വീഡിയോസ്, പുസ്തകങ്ങള്‍, വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയ തുടങ്ങി എന്തുമാവാം. മനസ്സിന്റെ ഭക്ഷണക്രമത്തില്‍ മനപൂര്‍വം ശ്രദ്ധ ചെലുത്തുന്നത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്.

എല്ലാവരുടെയും താല്‍പ്പര്യം സന്തോഷവും മനസ്സമാധാനവും ആണെങ്കിലും മനസ്സിന്റെ ഭക്ഷണക്കാര്യത്തില്‍ പലപ്പോഴും നമ്മുടെ തെരെഞ്ഞെടുപ്പ് സ്വന്തം താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കണമെന്നില്ല. അതുകൊണ്ട്, നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് എങ്ങനെ മെന്റല്‍ ഡയറ്റ് ക്രമീകരിക്കണമെന്നതിനെ കുറിച്ചാണ് ഈ ലേഖനം.

എന്ത് ഉപയോഗിക്കുന്നു എന്നതില്‍ എന്തുകൊണ്ട് ശ്രദ്ധ ചെലുത്തണം?

അനുദിന ജീവിതത്തില്‍ വിവിധതരത്തിലുള്ള വിവരങ്ങളാണ് നമ്മളിലേക്ക് എത്തുന്നത്. ഇത്തരം വിവരങ്ങളുടെ അതിപ്രസരമാണ് നമ്മളില്‍ പലരും ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്. കണ്ടന്റുകള്‍ ഗണ്യമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നു, എന്നാല്‍ സമയം വര്‍ധിക്കുന്നില്ല. അതിനാല്‍ വേണ്ട കാര്യങ്ങള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ഊര്‍ജവും സമയവും ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുന്ന കാര്യങ്ങള്‍ക്കായി വിനിയോഗിക്കാനാകും.

നിങ്ങളുടെ മനസ്സിന് എന്തു ഭക്ഷണം കൊടുക്കുന്നു എന്നത് പ്രധാനമാണ്. കാരണം, നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നതാണെങ്കിലും സന്തുഷ്ടരായിരിക്കുക, വിജയയിയാവുക, മനസമാധാനം ഉണ്ടാവുക, സമ്പത്ത് സൃഷ്ടിക്കുക തുടങ്ങിയവയെ കുറിച്ചൊന്നും നമ്മുടെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നില്ല. (വിവരങ്ങള്‍ മാത്രം നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനു വേണ്ടി നമ്മളില്‍ മിക്കയാളുകളും 20 വര്‍ഷത്തോളം ചെലവഴിച്ചു എന്നതാണ് അത്ഭുതം.) നമ്മളിലേക്ക് കണ്ടന്റ് എത്തിക്കുന്ന പ്രധാന ഉറവിടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്തിനു വേണ്ടിയാണ് നാം ഉപയോഗിക്കുന്നത് എന്ന കൃത്യമായ ധാരണ ഉള്ളത് നല്ലതാണ്. അല്ലെങ്കില്‍ അതിന്റെ ആകർഷണ വലയത്തില്‍പ്പെട്ട് നമ്മുടെ കുറേയേറെ സമയം പാഴായി പോയേക്കാം.

ആളുകളുമായി ബന്ധം പുലര്‍ത്തുക എന്നതാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ പ്രധാന കാരണമെങ്കില്‍, ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും അവരുടെ ന്യൂസ് ഫീഡ് പിന്തുടരുന്നതിനേക്കാള്‍ അതിന് മികച്ച വഴി വേറെ ഉണ്ടെന്ന് നിങ്ങളും സമ്മതിക്കും.

സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് അനാവശ്യമായ വിവരങ്ങള്‍ കൊണ്ട് നമ്മുടെ മനസ്സ് അലങ്കോലമാകുകയും കൂടുതല്‍ പ്രധാന്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള മോട്ടിവേഷന്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു എന്നതാണ്.

സോഷ്യല്‍ മീഡിയ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് വ്യക്തത നേടുന്നതിന് ഈ ചോദ്യങ്ങള്‍ ഉപകരിക്കും:

സോഷ്യല്‍ മീഡിയ നിങ്ങളുടെ ജീവിതത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ്?

നിങ്ങളുടെ ചുറ്റുമുള്ളവരുമായി ചെലവഴിക്കുന്ന സമയത്തെ ഇത് ബാധിക്കുന്നുണ്ടോ?

മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതം താരതമ്യം ചെയ്യാനും അതു വഴി സ്വയം മോശമെന്ന് തോന്നാനും ഇടയാക്കുന്നുണ്ടോ?

ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരുമായി മത്സരിക്കാന്‍ സോഷ്യല്‍ മീഡിയ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ?


ടിവി ഷോകളും സിനിമകളും

നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്നതെല്ലാം, അത് ഒരു സിനിമയായാലും ടിവി ഷോ ആയാലും നമ്മുടെ ബോധത്തെ നല്ല രീതിയിലോ മോശമായോ ശക്തമായി സ്വാധീനിക്കുന്നുണ്ട്. ടിവി ഷോകളും സിനിമയും കാണുമ്പോള്‍ നിങ്ങളുടെ ബോധം ഹിപ്‌നോസിസിന് സമാനമായ അവസ്ഥയിലേക്ക് മാറ്റപ്പെടുന്നു. ഇത് വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ സിനിമയോ ടിവി ഷോയോ കണ്ടു തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ മസ്തിഷ്‌കം ഒരു ആ്ല്‍ഫ അവസ്ഥയിലേക്ക് കടക്കുകയും നമ്മുടെ വലത് മസ്തിഷ്‌ക്കത്തിലേക്ക് മാറുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ കാട്ടുന്നത്.

ഈ അവസ്ഥയില്‍ നിങ്ങളുടെ യുക്തിബോധം വലിയൊരളവു വരെ ഇല്ലാതാവുകയും ഉപബോധമനസ്സ് കാര്യങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്യുന്നു.

ഗവേഷകനായ ഹെര്‍ബെര്‍ട്ട് ക്രുഗ്മാന്‍ നടത്തിയ പഠനത്തിൽ ടിവി കാണുമ്പോള്‍ വലത് തലച്ചോറിന്റെ പ്രവര്‍ത്തനം ഇടത് തലച്ചോറിന്റെ പ്രവര്‍ത്തനത്തേക്കാള്‍ 2:1 എന്ന അനുപാതത്തില്‍ കൂടുതലാണെന്ന് തെളിയിക്കുന്നു.

ടിവി ഷോകളും സിനിമകളും കാണുമ്പോള്‍ മനസ്സ് ഹിപ്‌നോസിസിന് സമാനമായ മാറ്റങ്ങളിലേക്ക് കടക്കുന്നതിലൂടെ നമ്മുടെ ചിന്തകളും വിശ്വാസങ്ങളും രൂപപ്പെടുത്തുന്നതിന് വരെ സാധിക്കുന്നു.

സമീപകാലത്തെ ഏറ്റവും ജനപ്രിയ ടി വി ഷോകളിലൊന്നായ ഗെയിം ഓഫ് ത്രോണ്‍സിന്റെ സീരിസിലുടനീളം അക്രമങ്ങളുടെ ഗ്രാഫിക് ചിത്രീകരണങ്ങളാണ്. അതൊരു ടിവി ഷോ മാത്രമാണ് ഒന്നും യഥാര്‍ത്ഥമല്ല എന്ന് വാദിക്കാം. എന്നാല്‍ നിങ്ങളുടെ ഉപബോധമനസ്സ് അതിനെ വ്യാഖ്യാനിക്കുന്നത് അങ്ങനെയല്ല. അത് യഥാര്‍ത്ഥമാണോ സാങ്കല്‍പ്പികമാണോ എന്ന് തിരിച്ചറിയാനാവാതെ പ്രതികരിക്കും. അക്രമ രംഗങ്ങള്‍ കാണുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കൂട്ടും. എന്നാലിത് പ്രകടമാകണമെന്നില്ല. കാരണം, ബോധമണ്ഡലത്തിനും താഴെ ഉപബോധമനസ്സിലാണിത് സംഭവിക്കുക.

അതേസമയം, പോസിറ്റീവായ കാര്യങ്ങള്‍ കാണുന്നത് നമ്മുടെ ശരീരത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ടിവി ഷോ, സിനിമ എന്നിവ തെരഞ്ഞെടുക്കാന്‍ കുറച്ചു കൂടി ശ്രദ്ധ കാട്ടേണ്ടതുണ്ട്.

വാര്‍ത്തകള്‍

അമിതമായി വാര്‍ത്തകളെ പിന്തുടരുന്നത് സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതു പോലെയാണ്. ഇത് നിങ്ങളുടെ വിശപ്പിനും ആര്‍ത്തിക്കും പരിഹാരമാകുമെങ്കിലും അവ പോഷകങ്ങളൊന്നും നല്‍കുന്നില്ല.

അമിതമായി വാര്‍ത്തകള്‍ പിന്തുടരുന്നത് മനസ്സില്‍ ഭയവും ലോകത്തെ കുറിച്ചുള്ള തെറ്റായ ധാരണകളും നിറയ്ക്കാന്‍ ഇടയാക്കിയേക്കാം.

ന്യൂസ് സ്‌റ്റോറിയുമായി ബന്ധമൊന്നുമില്ലാത്ത നമ്മുടെ സ്വകാര്യ ആശങ്കകള്‍ വാര്‍ത്തകള്‍ പിന്തുടരുന്നതിലൂടെ വര്‍ധിക്കൂന്നതായി മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. മാത്രവുമല്ല, ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ നമ്മളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും സമ്മര്‍ദ്ദത്തിന് കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ബാധിക്കുകയും രോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

വാര്‍ത്തയുടെ പ്രാധാന്യത്തിന്റെ കാര്യത്തില്‍, സ്റ്റീവ് പവ്‌ലിന എന്ന ബ്ലോഗര്‍ അത് കൃത്യമായി പറയുന്നുണ്ട്;

ഇപ്പോഴത്തെ എത്ര വാര്‍ത്തകള്‍ നിങ്ങള്‍ അടുത്ത വര്‍ഷം ഓര്‍മിക്കും? കഴിഞ്ഞ മാസത്തെ വാര്‍ത്തകള്‍ പോലും നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? നിസാരമായ കാര്യമെന്നതിനാല്‍ തലച്ചോര്‍ വാര്‍ത്തകള്‍ ഉപേക്ഷിക്കുന്നു, അതില്‍ നിന്നുണ്ടാകുന്ന ഭയം മാത്രം അവശേഷിക്കുന്നു.

വാര്‍ത്തകളുടെ വിനിയോഗത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രായോഗികമായി കൈക്കൊള്ളാവുന്ന ഏതാനും കാര്യങ്ങളിതാ...

ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ നേരത്തേക്ക് വാര്‍ത്തകള്‍ ഒന്നും കാണുകയോ കേള്‍ക്കുകയോ വേണ്ട. (വാര്‍ത്തകളോടെ എഴുന്നേല്‍ക്കുക എന്നത് മോശമായ ദിവസാരംഭമാണ്)

ദിവസത്തില്‍ ഒരു നേരം മാത്രം വാര്‍ത്ത എന്ന് തീരുമാനിക്കുക. അതിന് നിശ്ചിത സമയം നീക്കി വെക്കുക. ഈ തീരുമാനം തെറ്റാതെ നോക്കുക.

നെഗറ്റീവ് ആയതും ഭയമുളവാക്കുന്നതുമായ വാര്‍ത്തകള്‍ ഒഴിവാക്കുക. (മറ്റുള്ളവരുമായി സംസാരിക്കാനുള്ള എന്തെങ്കിലും വക അത് നല്‍കിയേക്കാമെങ്കിലും അതിന് കാര്യമായ മൂല്യമില്ല.)

പുസ്തകങ്ങളും ഡോക്യുമെന്ററികളും

പുസ്തക വായനയും ഡോക്യുമെന്ററികള്‍ കാണുന്നതും 21 ാം നൂറ്റാണ്ടിലെ ജനപ്രിയമായ കാര്യങ്ങളല്ല. എന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും സന്തോഷത്തിനും ഉപകരിക്കുന്ന അറിവുകള്‍ നേടാന്‍ അവ മികച്ച വഴിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ജീവിതത്തിന് തന്നെ മാറ്റം വരുത്താന്‍ പുസ്തകങ്ങള്‍ക്ക് കഴിയും. എന്റെ അനുഭവം കൊണ്ട് അതെനിക്ക് ഉറപ്പിച്ച് പറയാനാകും.

ശതകോടീശ്വരന്മാരുടെ ഏറ്റവും പൊതുവായ ശീലങ്ങളിലൊന്ന് പുസ്തക വായനയാണ് .ഇലോണ്‍ മസ്‌ക് മുതല്‍ വാറന്‍ ബുഫെ, ഓപ്ര വിന്‍ഫ്രി തുടങ്ങി അവരില്‍ പലരുടെയും ജീവിത വിജയത്തില്‍ പുസ്തക വായന ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട ജീവിതത്തിന് സഹായകരമാകുന്ന ക്രിയാത്മകവും പ്രചോദനാത്മകവുമായ ഉള്ളടക്കങ്ങള്‍ ഉള്ള, വ്യക്തിവികാസത്തിന് സഹായകരമായ എണ്ണമറ്റ പുസ്തകങ്ങള്‍ ലഭ്യമാണ്.

പുസ്തകങ്ങളില്‍ നിന്നും ഡോക്യുമെന്ററികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളിൽ ലഭ്യമാകില്ല. കാരണം, അവയില്‍ പലതും വലിയ കോര്‍പറേറ്റുകളുടെയും സര്‍ക്കാരുകളുടെയും പിന്തുണയുള്ളവയാണ്.

അതുകൊണ്ട് വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ പലതും അടിച്ചമര്‍ത്തുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു.

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ഡോക്യൂമെന്ററികള്‍ കുറച്ചു വര്‍ഷങ്ങളായി കൂടുതല്‍ പേരിലേക്ക് എത്തുന്നുണ്ട്. വ്യൂവര്‍ഷിപ്പും കൂടിയിട്ടുണ്ട്.

രണ്ടും (പുസ്തകങ്ങളും ഡോക്യുമെന്ററികളും) മഹത്തരമാകുന്നത്, മറ്റു മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഴത്തില്‍ ചിന്തിക്കുവാനും കൂടുതല്‍ അര്‍ത്ഥവത്തായി ജീവിക്കാനും പ്രേരിപ്പിക്കുന്നതിനാലാണ്.

വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകുന്നതില്‍ ഭക്ഷണ ക്രമത്തിന് പങ്കൊന്നുമില്ലെന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങളിലെ വിദഗ്ധരുടെ കാലങ്ങളായുള്ള അഭിപ്രായം. എന്നാൽ ആഹാരക്രമത്തിന് അതില്‍ വലിയ പങ്കുണ്ടെന്നത് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം.

അതേപോലെ, നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം, നമ്മുടെ ചിന്തയെ സ്വാധീനിക്കുകയോ വിശ്വാസ സമ്പ്രദായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുകയോ ചെയ്യുന്നില്ല എന്ന് കരുതുന്നത് വിവേകമില്ലായ്മയാണ്.

അതിനാല്‍ വിവരങ്ങള്‍ക്കായി നിങ്ങള്‍ ചെലവിടുന്ന സമയത്തെ കുറിച്ച് കൂടുതല്‍ ബോധവാനാകുക. ഗുണപരമല്ലാത്ത കാര്യങ്ങള്‍ക്കായി ചെലവിടുന്ന സമയം പതിയെ കുറച്ചു കൊണ്ടുവരിക. നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റം ഉണ്ടാക്കുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനായി കൂടുതല്‍ സമയം ചെലവഴിക്കുക.

To read more articles by Anoop click on the link below:

https://www.thesouljam.com/best-articles

Tags:    

Similar News