ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല!

Update:2020-09-02 08:30 IST

ഫ്രാന്‍സിലെ അവസാന ദിവസമായിരുന്ന അന്ന് നേരത്തെ ഉണര്‍ന്നെഴുന്നേറ്റു.
സുഖകരമായ തണുപ്പാസ്വദിച്ച് പാരിസിന്റെ തെരുവീഥികളില്‍ അലസം അലയാന്‍ തീരുമാനിച്ചു. കൗതുക കാഴ്ചകള്‍ കാണാനുള്ള ഓട്ടത്തിന്  ഞാനില്ല എന്ന് സഹ യാത്രികരോട് പറഞ്ഞു.
ജനപ്രിയ കാഴ്ചസ്ഥലങ്ങളേക്കാളേറെ എനിക്കിഷ്ടം  ചെന്നെത്തിയ നാട്ടിലെ തെരുവിലും ചന്തകളിലും ആളുകള്‍ക്കൊപ്പം നടക്കുന്നതാണ്.
ചെറിയ കടയില്‍ പോയി കാപ്പി കുടിക്കുന്നതാണ്. നഗര ചലനങ്ങള്‍  വീക്ഷിക്കുന്നതാണ്. ജീവിതം കാണുന്നതാണ്.

രാവിലെ തന്നെ റസ്‌റ്റൊറന്റില്‍ പോയി  പ്രാതല്‍ ബുഫെ എടുത്തു. ഫ്രഞ്ചുകാര്‍ക്ക്  പൊതുവേ പ്രാതലിനു പ്രാധാന്യം  കുറവാണ്.
Du pain (ഭക്ഷണം തേടുന്ന വേദനയാവാം) എന്നവര്‍  വിളിക്കുന്ന റൊട്ടിയാണ് പ്രധാന ഭക്ഷ്യവസ്തു.
പല തരം ചീസുകള്‍ മുറിച്ച് തട്ടുകളിലായി വച്ചിട്ടുണ്ട്. കമംബര്‍ട്ട്, റോക് ഫോര്‍ട്ട്, കംതെ, െ്രെബ എന്നിങ്ങനെ പോകുന്ന ചീസ് പേരുകള്‍. പൊതുവേ രുചികരമാണ്  എങ്കിലും വൈന്‍ പോലെ തന്നെ ആര്‍ജ്ജിത രുചിയാണ് (acquired taste) ചീസിനും.
കുറച്ച് പ്രയാസമാണ് ഇഷ്ടം കണ്ടു പിടിക്കാന്‍.
എനിക്കിഷ്‌പ്പെട്ടത്  സെയ്ന്റ് അഗര്‍ എന്ന മൃദുവായ നീല വര്‍ണ്ണമുള്ള ചീസാണ്. വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന അഗറും ഫ്രഞ്ചു റൊട്ടിയും ചേര്‍ന്ന പ്രാതലാണ് ഞാന്‍ കഴിച്ചത്.
കൂടെ ക്രോയിസന്‍സ്, കുക്കീസ്, പേസ്ട്രീസ്, പലതരം ബെറീസ് (ബ്ലാക്ക്, ബ്ലൂ, സ്‌ടോ) തുടങ്ങിയവ. കുടിക്കാന്‍  കാപ്പി, ഓറഞ്ച്  ജ്യൂസ്, ചായ, ഹോട്ട് ചോക്കലേറ്റ്. ഇനിയെന്തു വേണം! എവിടെപ്പോയാലും അവിടുത്തെ  ഭക്ഷണം കഴിക്കണം എന്നാണെന്റെ പക്ഷം.
പുട്ടും കടലയും കഴിക്കാന്‍ പാരിസില്‍ പോകേണ്ട  കാര്യമില്ലല്ലോ? ഇന്നലെ ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ പാരിസില്‍ ദോശ കിട്ടുമോ എന്ന് ചോദിക്കുന്നത് കേട്ടു! അത് തിരിച്ചു പോയിട്ട് കഴിച്ചാല്‍ പോരെയെന്ന്  ചോദിക്കാന്‍ തോന്നി.

ഫ്രഞ്ച് സന്ദർശനത്തിനിടെ ലേഖകൻ

പകല്‍ ഹോട്ടലിന്റെ അടുത്തുള്ള തെരുവീഥികളില്‍ കൂടി നടന്നു. വൃത്തിയുള്ള വഴികളിലൂടെ നടന്ന് വഴിയോരത്തെ ഭംഗിയുള്ള കൊച്ചു കടകളില്‍ നിന്ന് കാപ്പിയും കുക്കിയും കഴിച്ച് ഒരു അലസ സഞ്ചാരം. ഉച്ചയ്ക്ക്  പബ്ബില്‍ നിന്ന്  ഒരു കോപ്പ ഡ്രാഫ്റ്റ്ബീയര്‍. ശേഷം തിന്‍ ക്രസ്റ്റ് പിറ്റ്‌സ.
ചേരയെത്തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം !

വൈകുന്നേരം ഷംസ് എലിസിസ് എന്ന പാരിസിലെ  ഏറ്റവും പ്രസിദ്ധമായ വീഥിയില്‍ കൂടി നടക്കാന്‍ തീരുമാനിച്ചു.
ഞങ്ങളുടെ ഹോട്ടലില്‍ നിന്ന് അടുത്താണ് രണ്ടു കിലോമീറ്റര്‍ നീളവും എഴുപത് മീറ്റര്‍  വീതിയുമുള്ള ലോകത്തിലെ തന്നെ  മനോഹര വഴികളിലൊന്ന്.
പ്ലേസ് ദ ല കോണ്‍കോഡില്‍ നിന്ന് ചാള്‍സ് ദ ഗള്‍ ചത്വരം വരെയുള്ള ദൂരം.
അവിടെയാണ് ലോകപ്രശസ്തമായ ആര്‍ക് ദെ ത്രയംഫ് തലയുയര്‍ത്തി  നില്‍ക്കുന്നത്. നെപ്പോളിയന്റെ  യുദ്ധവിജയങ്ങളുടെ  സ്മാരകമായി 1806 ല്‍ പണിതുയര്‍ത്തിയ ഈ ഗോപുരത്തില്‍ നെപ്പോളിയന്റെ കാലത്തും ഫ്രഞ്ചു വിപ്ലവ കാലത്തും
മരിച്ചുവീണ  ആയിരക്കണക്കിന് ഭടന്മാരുടെ പേരുകള്‍ കൊത്തി വെച്ചിരിക്കുന്നു. അതിന്റെ പടികള്‍ കയറി ഏറ്റവും
മുകളിലെത്തി വന്‍മരങ്ങള്‍ നിരയിട്ട് നില്‍ക്കുന്ന, ഗാംഭീര്യമാര്‍ന്ന ഷംസ് എലിസിസ്  വീഥിയുടെ  ആകാശക്കാഴ്ചയും ലൂവ്‌റ് മ്യൂസിയവും കോണ്‍ കോര്‍ഡ് ചത്വരവും പക്ഷിക്കണ്ണുകളില്‍ കണ്ടു.

പിന്നെ താഴെയിറങ്ങി ഇരുവശവുമുള്ള കഫേകളും, ആഢംബര വസ്തുക്കളും വില്‍ക്കുന്ന
കടകളും, തിയേറ്ററുകളും താണ്ടി ഞങ്ങള്‍  നടന്നു. ഒപ്പം നടക്കുന്നത്  നന്നായി വസ്ത്രം ധരിച്ച സുന്ദരീ സുന്ദരന്‍മാര്‍ ഉയര്‍ന്ന മടമ്പിലും അല്ലാതെയും.
ഭംഗിയായി നിര്‍ത്തിയിരിക്കുന്ന മരങ്ങളുടെ നടുവിലുടെ വാഹനങ്ങള്‍ പതിയെ കടന്നു പോകുന്നു. മരങ്ങളുടെ അപ്പുറം വീതിയേറിയ നടപ്പാതയാണ്.
നിരവധി ഭോജന ശാലകളും, പൂന്തോട്ടങ്ങളും, സ്മാരകങ്ങളും നിറഞ്ഞ ജാര്‍ഡിന്‍  പാര്‍ക്ക്. അതിനോട് ചേര്‍ന്ന് ഫ്രഞ്ച് പ്രസിഡണ്ടിന്റെ  വാസ സ്ഥലമായ എലീസി കൊട്ടാരം.
മരങ്ങള്‍ക്ക് പുറകിലായി നടപ്പാതയോട് ചേര്‍ന്ന്  ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ബ്രാന്‍ഡുകളുടെ കടകള്‍ പ്രകാശം പൊഴിക്കുന്നു.
കഫേ ദു ടെമ്പിള്‍ എന്നൊരു  കൗതുകം ജനിപ്പിക്കുന്ന പേരുകണ്ടു. കയറി  കടുപ്പത്തില്‍  ഒരു
കാപ്പി കുടിച്ചു. വിലയും  കടുപ്പമാണ്. നാല് യൂറോ അഥവാ ഇരുന്നുറ്ററുപത് രൂപ!
ആസ്വാദ്യകരമായ നടത്തം കഴിഞ്ഞ് തിരിച്ചു വന്ന് ഹോട്ടലില്‍ അല്‍പ്പനേരം വിശ്രമിച്ചു.

അപ്പോഴാണ് പ്രശാന്ത് വന്ന് പറയുന്നത് നമ്മള്‍ Moulin Rouge കാണാന്‍ പോകുന്നു! അത്താഴം അതു കണ്ടു കൊണ്ടാകാം.
മനസില്‍ കുറെ ലഡ്ഡുകള്‍ ഒരുമിച്ച് പൊട്ടി.
അതേ പേരിലുള്ള സിനിമ കണ്ടിട്ട് പത്തു കൊല്ലമായിക്കാണും. നിക്കോള്‍ കിഡ്മാനും ഇവാന്‍ മക് ഗ്രെഗറും തകര്‍ത്തഭിനയിച്ച പടം. ലോക പ്രശസ്ത ഷോ ഞങ്ങള്‍ നേരില്‍ കാണാന്‍ പോകുന്നു! ഇതിന്  ഞാനും പ്രശാന്തും മാത്രം.
ആദ്യ ദിനം എന്നോടയാള്‍ പറഞ്ഞ സര്‍െ്രെപസ് ഞാനോര്‍ത്തു.

1889 ല്‍ തുടങ്ങിയ ഒരു കാബറേ ഷോ ആണ് റെഡ് മില്‍ എന്നര്‍ത്ഥമുള്ള മൗലിന്‍ റൂജ്. ഭക്ഷണത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു പരിപാടിയാണ് കാബറെ എന്ന് പറയാം. അതിന്റെ ഒരു ഉദാത്ത രൂപമാണ് പാരിസിലെ  ഷോ.
നമ്മുടെ നാട്ടിലെ കാബറെയുമായി ഒരു താരതമ്യവുമില്ല.
ബ്ലാഞ്ച് എന്ന മെട്രോ സ്‌റ്റേഷനടുത്ത് ഇറങ്ങി നടക്കുമ്പോള്‍ മോണ്ട് മാര്‍ട്ടെ  കുന്നിന്റെ ചുവട്ടിലെ കെട്ടിടത്തില്‍  കറങ്ങുന്ന ചുവന്ന കാറ്റാടി  കണ്ടു. അതിനുളളിലാണ് ഷോ  അരങ്ങേറുന്നത്.
രാത്രി 9 മണിക്കും 11 മണിക്കും മാത്രമേ ഷോ ഉള്ളു .ഞങ്ങള്‍ക്ക് 9 മണിയുടെതാണ് കിട്ടിയത്.
പ്രശാന്ത് കൊണ്ട് വന്ന, ഒരാള്‍ക്ക് നൂറ് യൂറോ വിലയുള്ള വി.ഐ.പി
ടിക്കറ്റുമായി അകത്തു കയറിയപ്പോള്‍
വട്ടമേശകള്‍ക്ക് ചുറ്റും കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു.
ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ്  ഉള്ള മെയിന്‍ ഹാള്‍  ഏരിയ പരന്നു കിടക്കുന്നു. ഏകദേശം 800 പേര്‍ക്കിരിക്കാം. മൂന്നു തട്ടുകളായി ഇരിപ്പിടങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നു. ഹാളിന്റെ സീലിംഗ് ഏതാണ്ട് പൂര്‍ണ്ണമായും  ഞൊറികളിട്ട കടും ചുവപ്പ്  സാറ്റിന്‍ തുണി. മേശകള്‍ക്ക് മേലെ മിന്നാമിനുങ്ങ് പോലെ മുനിഞ്ഞ് കത്തുന്ന ചുവന്ന വിളക്കുകള്‍ അഭൗമമായ കാഴ്ച തരുന്നു. ഈ മേശകള്‍ അത്താഴവും ഷാമ്പെയ്‌നും വിളമ്പാനുള്ളതാണ്.
അവരുടെ പരസ്യത്തില്‍ പറയുന്നത് 'രാത്രിയുടെ വരവില്‍, നുരഞ്ഞു പൊങ്ങുന്ന ആവേശത്തില്‍, ഞങ്ങളുടെ വിശിഷ്ടാതികളാവൂ എന്നാണ്.

രണ്ടര മണിക്കൂര്‍ നീണ്ട ഒരു ഭാവനാതീത പ്രദര്‍ശനമാണ് പിന്നെ ഞങ്ങള്‍ കണ്ടത്. കര്‍ട്ടന്‍ പൊങ്ങിയതു മുതല്‍ വേറെയേതോ ലോകത്തേക്ക്
ഞങ്ങള്‍ വലിച്ചെറിയപ്പെട്ടു.
സ്വര്‍ഗ്ഗലോകത്ത് നിന്ന് ഇറങ്ങി വന്ന പോലെ വര്‍ണ്ണ വസ്ത്രങ്ങള്‍  ധരിച്ച
യുവതീ യുവാക്കള്‍ അമ്പതിലേറെപേര്‍ ഒരേ സമയം പാട്ട്  പാടി, നൃത്തമാടി. എല്ലാവരും സൗന്ദര്യത്തിന്റെയും കരുത്തിന്റെയും പര്യായങ്ങള്‍.
വിശാലമായ സ്‌റ്റേജില്‍ അവര്‍ ദേവദൂതരെപ്പോലെ തോന്നിച്ചു.
സംഗീതത്തിന്റ അകമ്പടിയോടെ, നൃത്തത്തിന്റെയും ജിംനാസ്റ്റിക്‌സിന്റെയും സര്‍ക്കസിന്റെയും സങ്കലനം. ഇടക്ക് പശ്ചാത്തലം പൂര്‍ണ്ണമായി മാറുന്ന സാങ്കേതിക വിദ്യ. പല തീമുകളിലെ സംഘനൃത്തവും സംഗീതവും. നൂറ്റാണ്ടുകള്‍ പുറകിലേക്ക് കൊണ്ട് പോകുന്ന പശ്ചാത്തല ക്രമീകരണങ്ങള്‍. സദസ്യരെ ആഹ്‌ളാദിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന,മറ്റൊരു വിഭ്രാത്മക ലോകത്തേക്ക് നയിക്കുന്ന മൗലിന്‍ റൂജ്!

അണിനിലാത്തിരിയിട്ട മണിവിളക്കായ്
മനം അഴകോടെ മിന്നിത്തെളിഞ്ഞ പോലെ...

പിറ്റേന്ന് വെളുപ്പിന് നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ പാരിസില്‍ നിന്ന് പറന്നുയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News