അവര്‍ ജീവിക്കുന്നത് നോക്കൂ!
ജീവിക്കാന്‍ വേണ്ടി 24 മണിക്കൂറും പണിയെടുക്കുകയും അവസാനം ജീവിക്കാന്‍ മറക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടുകാര്‍ ജര്‍മനിയിലേക്ക് എന്തിന് നോക്കണം?
ഫ്രാങ്ക്ഫര്‍ട്ടിനെ നമുക്ക് ഒരു ആഗോള നഗരം എന്ന് വിളിക്കാം. ബിസിനസ് ചെയ്യാനും ജീവിക്കാനും കൊള്ളാവുന്ന ലോകത്തിലെ ആദ്യ പത്ത് നഗരങ്ങളില്‍ ഒന്നാണിത്. അതോടൊപ്പം തന്നെ സംസ്‌കാരികവും കലാപരവുമായ ഒട്ടേറെ കാര്യങ്ങള്‍ ഈ നഗരത്തെ യാത്രികരുടെ ആകര്‍ഷണവുമാക്കുന്നുണ്ട്. മെസ്സെ ഫ്രാങ്ക്ഫര്‍ട് എന്ന പടുകൂറ്റന്‍ ട്രേഡ് ഫെയര്‍ സമുച്ചയം വര്‍ഷം മുഴുവന്‍
അനേകം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാറുണ്ട്
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു പുസ്തകപ്രദര്‍ശനങ്ങളിലൊന്നായ 'ഫ്രാങ്ക്ഫര്‍ട് ബുക്ക് ഫെസ്റ്റ്' അതിലൊന്നാണ്.
ഇരുനൂറ്റമ്പത് ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഈ വന്‍ നഗരത്തിലെ ജനസംഖ്യ വെറും ആറര ലക്ഷം മാത്രം!
ഇതേ ജനസംഖ്യയുള്ള കൊച്ചിയുടെ വലിപ്പം വെറും തൊണ്ണൂറ്റഞ്ച് ചതുരശ്ര കിലോമീറ്റര്‍ മാത്രമേയുള്ളൂ.
ഫ്രാങ്ക്ഫര്‍ട്ടിലെ തെരുവുകളില്‍ എവിടെയും വലിയ തിരക്കില്ലാത്തതിന്റെ കാരണം പിടി കിട്ടി.
പുറത്ത് നല്ല തണുപ്പായിരുന്നു. ഇട്ടിരുന്ന ജാക്കറ്റു തുളച്ച് തണുപ്പ് കയറി വന്നു.
നടന്ന് കാണാന്‍ പറ്റിയ ഒരു നഗരമായത് കൊണ്ട് അത് ചെയ്യാമെന്ന് വിചാരിച്ചു. ഏകദേശം നൂറ് വര്‍ഷം മുമ്പ് പണിത Eiserner Steg എന്ന കാല്‍നടക്കാര്‍ക്കുള്ള പാലത്തിലേക്ക് ഞങ്ങള്‍ നടന്നു. വഴിയരികിലെ മനോഹരമായ കിയോസ്‌ക് കണ്ട് ഓരോ കാപ്പി കുടിക്കാന്‍ നിന്നു. വൃത്തിയുള്ള ഒരു തട്ടുകടയാണ് സംഭവം. നല്ല ചൂടും സുഗന്ധവും രുചിയുമുള്ള കാപ്പി. വില ഒന്നിന് മൂന്ന് യൂറോ. നമ്മുടെ ഇരുന്നൂറ് രൂപ വരും!
വില കേട്ട് കുടിച്ച കാപ്പി ആവിയായിപ്പോയി!
എന്തായാലും യാത്രാക്ഷീണം മാറി വീണ്ടും മുന്നോട്ട് നടക്കാന്‍ നല്ല കാപ്പിയാല്‍ ഊര്‍ജ്ജം കിട്ടി. തണുപ്പല്‍പ്പം കുറഞ്ഞതു പോലെയും തോന്നി.
എതിരെ നടന്നു വരുന്ന ആളുകളുടെയൊക്കെ പൊക്കം ആറടിയില്‍ കൂടുതലുണ്ട്. പുരുഷനായാലും സ്ത്രീ ആയാലും ആജാനുബാഹുക്കള്‍.
ജര്‍മ്മന്‍കാര്‍ പൊതുവെ സത്യസന്ധരും വിനയമുള്ളവരും എന്നാല്‍ കാര്യപ്രാപ്തിയുള്ളവരുമാണെന്നാണ് വെപ്പ്. സമയം പാലിക്കുന്നതില്‍ വളരെ കര്‍ശനക്കാരായ ഇവര്‍ വൈകി വരുന്നവരെ അപമര്യാദക്കാരായി ഗണിക്കും. ഉച്ചത്തില്‍ സംസാരിക്കുന്നതും നിയന്ത്രണം വിട്ട്
പെരുമാറുന്നതും അവര്‍ സമ്മതിച്ചു കൊടുക്കില്ല. ഞങ്ങള്‍ അടുത്ത ദിവങ്ങളില്‍ ഇതൊക്കെ കണ്‍മുന്നില്‍ കണ്ടനുഭവിച്ചു.
കുറേ നടന്ന ഞങ്ങള്‍ ഏകദേശം ആറുമണിയോടെ തിരിച്ചു വന്ന് നോക്കുമ്പോള്‍ ഹോട്ടലിന് അടുത്തുള്ള കടകളൊക്കെ അടച്ചിരിക്കുന്നു. അന്ന് ഒരു പ്രവര്‍ത്തി ദിവസമാണ്. ചില അവശ്യസാധനങ്ങള്‍ വാങ്ങാനുണ്ട്. അങ്ങനെ നിന്ന് ചുറ്റും നോക്കുമ്പോള്‍ ഒരു കൊച്ചു കട കണ്ടു.
പ്രായമായ ദമ്പതികളാണ് ഉടമസ്ഥര്‍. ഞങ്ങളുടെ ഫോണ്‍ ചാര്‍ജര്‍ ഹോട്ടലിലെ പവര്‍ പ്ലഗ്ഗില്‍ കുത്താനൊരു അഡാപ്ടര്‍ വേണം.
നമ്മുടേതില്‍ നിന്നും വ്യത്യസ്തമായ പ്ലഗ്ഗാണത്. അവര്‍ക്ക് ഇംഗ്ലീഷ് പൊതുവെ കഷ്ടിയായതിനാലും ഞങ്ങള്‍ക്ക് ജര്‍മ്മനറിയാത്തതിനാലും ചാര്‍ജര്‍ കൈയിലെടുത്തത് കാര്യമായി. അതിന് പറ്റിയ ഒന്ന് അവര്‍ തിരഞ്ഞെടുത്തു തന്നു. പുരുഷന്‍ കുറച്ചൊക്കെ ഇംഗ്ലീഷ് പറയും.
അവരും അര മണിക്കൂറില്‍ കടയടയ്ക്കും. പിന്നെ സന്തോഷമായി കാപ്പിയോ ബിയറോ ഒക്കെക്കഴിക്കാന്‍
വഴിയരികിലെ മേശക്കരികിലേക്ക് നടക്കും. ഒരാളും കൂടുതല്‍ സമയം കട തുറന്നിരുന്ന് മറ്റുള്ളവരുടെ കച്ചവടം കവരാറില്ല.
നമ്മുടെ നാട്ടിലെപ്പോലെ 'ഓള്‍ വര്‍ക്ക് നോ പ്ലേ' ഏര്‍പ്പാട് ഇവിടെയില്ല. അവര്‍ക്ക് ജീവിതം ആസ്വദിക്കാനുള്ളതും കൂടിയാണ്.
ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് തന്നെ സ്ഥിതി.
പല റോഡുകളും വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ വാഹനരഹിത പ്രദേശമാണ്. അത് എല്ലാവരും പാലിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. അവിടെയെല്ലാം മേശകളും കസേരകളും നിരക്കും. കാപ്പിയും ബിയറുമൊക്കെ നുണഞ്ഞ് വീട്ടുകാരും കൂട്ടുകാരും ഒത്ത് ചേര്‍ന്ന് സൊറ പറഞ്ഞിരിക്കുന്ന ഹൃദ്യമായ കാഴ്ച.
ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂറും പറ്റുമെങ്കില്‍ ജോലിയോ കച്ചവടമോ ചെയ്ത്, ജീവിക്കാന്‍ മറന്നു പോയ നമ്മുടെ നാട്ടുകാരെക്കുറിച്ചോര്‍ത്ത് ദു:ഖം തോന്നി. വളരെ കുറച്ചു പേര്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ തുടങ്ങിയതില്‍ സന്തോഷവും ഉണ്ട്.
ഫ്രാങ്ക്ഫര്‍ട്ടില്‍ കാഴ്ചകളൊത്തിരി, പക്ഷെ ഞങ്ങള്‍ക്ക് നാളെ രാവിലെ തന്നെ ഇവിടം വിടണം. അതിനാല്‍ പഴയ നഗര പ്രദേശമായ റോ മെര്‍ബെര്‍ഗിലേക്ക് വെച്ചു പിടിച്ചു.അവിടെയെത്തിയപ്പോള്‍ അത് വരെ കാണാത്ത മട്ടില്‍ ജനങ്ങള്‍ കൂട്ടമായി നടക്കുന്ന ഒരു മനോഹര ചത്വരമാണ് കണ്ടത്. നിയതമായ ഒരു ആകൃതിയില്ലാത്ത ചത്വരത്തിന് നടുവില്‍ 'നീതിയുടെ ജല ധാര' എന്ന് പുകഴ്‌പെറ്റ ഒരു ഫൗണ്ടന്‍.
പണ്ട് കാലത്ത് നഗരത്തില്‍ ധാരാളമായി ഉണ്ടായിരുന്ന അടച്ച് കെട്ടാത്ത മുന്‍ഭാഗമുള്ള കുറേയേറെ കടകള്‍ ധാരാളം കണ്ടു. റോമറെന്ന് പേരുള്ള
പതിനൊന്ന് കെട്ടിടങ്ങള്‍ ചേര്‍ന്ന മധ്യകാല നിര്‍മ്മിതിയായ പഴയ ടൗണ്‍ ഹാള്‍ ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ പ്ലാന്‍ നോക്കി പുതുക്കി പണിതതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പണിത പുതിയ ടൗണ്‍ ഹാളും പതിനാലാം നൂറ്റാണ്ടിലെ സെന്റ് ലേനാര്‍ഡ് പള്ളിയും സെന്റ് നിക്കോളാസ് പള്ളിയും ഗതകാല സ്മരണകളുണര്‍ത്തി തലയയുര്‍ത്തി നിന്നു.
ഈ ചത്വരത്തിലെ വെര്‍ത്തീം ഹൗസ് എന്ന ഭോജനശാല രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് സേനയുടെ പതിമൂവായിരം ടണ്‍ ബോംബിങ്ങിനെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു. അന്ന് അയ്യായിരത്തില്‍ പരം നഗരവാസികള്‍ കൊല്ലപ്പെടുകയും നഗരം ഏതാണ്ട് മുഴുവനായും തകര്‍ന്നടിയുകയും ചെയ്തു.
1878ല്‍ പണിത ഹിസ്റ്ററി മ്യൂസിയം സമയം കഴിഞ്ഞത് കൊണ്ട് അടച്ചു പോയിരുന്നു. അപ്പോഴാണ് ഞങ്ങള്‍ വാച്ച് നോക്കുന്നത്. രാത്രി എട്ടുമണിയായിരിക്കുന്നു. എന്നാല്‍ സൂര്യനസ്തമിച്ചിട്ടില്ല! വൈറ്റ് നൈറ്റ് എന്ന പ്രതിഭാസമാണത്. ഞങ്ങള്‍ ബോംബെയില്‍ നിന്ന് യാത്ര തുടങ്ങിയിട്ട് 20 മണിക്കൂറോളമായിരിക്കുന്നു. ഇതിനിടയില്‍ കാര്യമായിട്ട് വിശ്രമിച്ചിട്ടില്ലെന്ന് പറയാം.
എങ്കിലും വലിയ ക്ഷീണം തോന്നിയില്ല. തിരിച്ച് മുറിയിലേക്ക് നടക്കുമ്പോള്‍ ഒരു കുപ്പി കുടി വെള്ളം വാങ്ങി. വില ഏകദേശം എഴുപത് രൂപ വരും. കൂളറില്‍ അതിനടുത്ത് തന്നെയിരിക്കുന്ന ബിയറിന് ഏകദേശം അതേ വിലയേയുള്ളു!
ഇതെന്തൊരു നാടെന്നോര്‍ത്ത് ഞങ്ങള്‍ ഹോട്ടലിലേക്ക് വലിഞ്ഞ് നടന്നു.
നാളെ രാവിലെ നേരത്തേ തന്നെ ഞങ്ങളെക്കൊണ്ട് പോകാന്‍ ബസ് വരും. കുറച്ചു നേരം നന്നായുറങ്ങണം.
പകലപ്പോഴും തെളിഞ്ഞു നിന്നു !
തുടരും