ഡോ. പരമേശ്വരന്‍ നായര്‍ എന്ന മാനേജ്‌മെന്റ് പ്രതിഭ
അറിവിന്റെ നിറകുടമായ, അമിത ബഹളങ്ങളില്ലാതെ കടന്നുപോയൊരു മാനേജ്‌മെന്റ് വിദഗ്ധന്റെ സൗമ്യമുഖം തുറന്നുകാട്ടുന്നു
വര്‍ഷം രണ്ടായിരത്തിനാലിലെ ഒരു പ്രഭാതം. അമൃത ആശുപത്രിയുടെ ഐ സി യു വിന്റെ മുമ്പില്‍ ചീകി വയ്ക്കാത്ത മുടിയും ഉറക്കച്ചടവാര്‍ന്ന, കലങ്ങിയ കണ്ണുകളും കുറ്റിത്താടിയുമായി ബാലകൃഷ്ണനിരിക്കുന്നത് ഞാന്‍ ദൂരെ നിന്ന് തന്നെ കണ്ടു.
അമേരിക്കയില്‍ നിന്ന് വെളുപ്പിന് എത്തിയ പാടെ എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഡാഡിക്ക് വളരെ സീരിയസാണ്.
ബാലന്‍ ആകെ ക്ഷീണിച്ചിരിക്കുന്നു. ഉലഞ്ഞ വസ്ത്രങ്ങള്‍. പല്ലു പോലും തേച്ചിട്ടില്ല. ഡോക്ടര്‍ വന്ന ഉടനെ കാണാന്‍ കാത്തിരിക്കുകയാണ്. ''പോയി ഫ്രഷായി വാ ഞാനിവിടിയിരിക്കാം'' എന്ന് നിര്‍ബന്ധിച്ച് പറഞ്ഞയച്ച ആള്‍ പത്ത് മിനിറ്റില്‍ തിരിച്ചെത്തി. നമുക്കൊരുമിച്ച് ഡോക്ടറെ കാണാം. ഒറ്റയ്ക്ക് കാണാന്‍ വയ്യ. അവന്‍ പറഞ്ഞു. ഞങ്ങളൊരുമിച്ച് ഡോക്ടറുടെ ക്യാബിനില്‍ കയറി.
''ദയവായി മിസ്റ്റര്‍ ബാലകൃഷ്ണന്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. ഡാഡിയുടെ ഏതാണ്ടെല്ലാ ഓര്‍ഗന്‍സും പണിമുടക്കി ക്കഴിഞ്ഞു. ഇനി നമുക്ക് ഒന്നും ചെയ്യാനില്ല.''
''ഞാന്‍ എന്തുവേണമെങ്കിലും ചെയ്യാം. എനിക്ക് ഡാഡിയെ ജീവനോടെ വേണം. എന്തെങ്കിലും വഴി?''
ബാലന്റെ ശബ്ദം ഇടറി.
ഞാനൊന്നും മിണ്ടാന്‍ പറ്റാതെ നിന്നു. എന്റെ കൈകാല്‍ തളര്‍ന്ന പോലെ. കണ്ണു നിറഞ്ഞിട്ടൊന്നും കാണാന്‍ വയ്യ.
ഒടുവില്‍ കുറെയേറെ സംസാരിച്ച് ഞങ്ങള്‍ ഒരു ധാരണയിലെത്തി. ഹൃദയത്തില്‍ കുത്തുന്ന വേദന യോടെ.ഡോക്ടര്‍ പറഞ്ഞത് പോലെ ഡാഡിയെ വേദനയില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും മോചിപ്പിക്കുക.
വേറെ ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല.
ഇതെഴുതുമ്പോഴും കണ്ണീരുതിരുന്നു.... ഓര്‍മ്മകളുടെ ഒഴുക്കില്‍...
എനിക്കാരായിരുന്നു അദ്ദേഹം?
ബെസ്റ്റ് ഫ്രന്റിന്റെ അച്ഛന്‍ മാത്രമല്ല സുഹൃത്തും, വഴികാട്ടിയും, ഫിലോസഫറും.
മഹാരാജാസില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ ഏതാണ്ടെല്ലാ ദിവസവും ഞാന്‍ വീട്ടില്‍ പോയി കണ്ടിരുന്ന, എന്നെ സ്‌നേഹത്തോടെ ഒപ്പം ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന, പോവാനിറങ്ങുമ്പോള്‍ പുറത്ത് വന്ന് ചിരിച്ചു യാത്രയാക്കുന്ന സ്‌നേഹത്തിന്റെ, വിനയത്തിന്റെ ആള്‍രൂപം.
മഹാരാജാസില്‍ പ്രീഡിഗ്രിക്ക് ഞാനും ബാലനും പഠിച്ചത് ഒരുമിച്ചായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒരാത്മബന്ധം രൂപപ്പെട്ടു. പരീക്ഷയ്ക്ക് കംബൈന്‍ സ്റ്റഡി അവന്റെ വിശാലമായ വീട്ടുവരാന്തയില്‍. അവന്റെ കൂടെയിരിക്കുമ്പോള്‍ എനിക്കും നന്നായി പഠിക്കാന്‍ പറ്റുന്നു. ഡോക്ടറായ മമ്മി പറവൂര്‍ ഹോസ്പിറ്റലില്‍ നിന്ന് ഇടയ്ക്ക് വരുമ്പോള്‍ അടുത്തുള്ള വുഡ്‌ലാന്റ്‌സില്‍ നിന്ന് മസാല ദോശയും ഗ്രേപ് ജ്യൂസും കഴിക്കാന്‍ കാശു തരും. കുട്ടികള്‍ പഠിക്കുകയാണല്ലോ. ഞങ്ങള്‍ക്ക് ഒരു വെടിയ്ക്ക് രണ്ട് പക്ഷി. പഠനവും പലഹാരവും. അവിടുത്തെ ജ്യൂസിന്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്. രണ്ടു പേര്‍ക്കും നല്ല മാര്‍ക്കു കിട്ടി.
ശേഷം ഞാന്‍ ബി എസ് സി യ്ക്ക് മഹാരാജാസിലും അവന്‍ തിരുവനന്തപുരത്ത് CET ല്‍ ആര്‍കിടെക്ചറിനും ചേര്‍ന്നു.
സെല്‍ഫോണ്‍ ഇല്ലാത്ത കാലമാണെങ്കിലും വരുമ്പോഴൊക്കെ കാണാറുണ്ട്. സ്‌നേഹത്തിന് ഒരു കുറവുമില്ല. മമ്മി പറവൂര്‍ ജോലി ആയതു കൊണ്ട് സാര്‍ ഒറ്റയ്ക്കാണ്,സഹായിയായി ജയനുമുണ്ട്.
ഞാന്‍ അദ്ദേഹത്തിന്റെ സുഖവിവരമനേഷിക്കാന്‍ ദിവസവും ചെല്ലും. പരമേശ്വരന്‍ സാറിന്റെ സംസാരം കേള്‍ക്കാനുള്ള ഇഷ്ടവും കാരണമാണ്. മാനേജ്‌മെന്റ് മേഖല എന്താണെന്ന ഏകദേശ ധാരണ എന്നില്‍ കരുപ്പിടിച്ചത് സാറാണ്. പിന്നീട് എന്റെ പ്രൊഫഷന്‍ കാട്ടിത്തന്നതും ബിരുദമെടുത്തതിനു ശേഷം ജോലി ചെയ്തു കൊണ്ട് പഠിക്കാന്‍ പറഞ്ഞതും അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ ശിഷ്യര്‍ രാമസ്വാമിയും നമകുമാരിയും ഭാരതീയ പശ്ചാത്തലത്തിലെഴുതിയ മാനേജ്‌മെന്റ് പുസ്തകം ഞാന്‍ പിന്നീട് പഠിച്ചിട്ടുണ്ട്.
ഞാന്‍ കാണുന്നത് മുതല്‍ അദ്ദേഹം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (Cusat) മാനേജ്‌മെന്റ് വിഭാഗത്തിലെ പ്രൊഫസറും ഡീനും ആയിരുന്നു. പിന്നെ കുറച്ചൊക്കെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയും. അതില്‍ സൗജന്യമായി സേവനം കിട്ടാന്‍ വരുന്നവരുമുണ്ട്. അന്നത്തെ സംസ്ഥാന ധനമന്ത്രി കെ.എം മാണിയടക്കം ബജറ്റിന് മുമ്പ് വന്ന് ചര്‍ച്ച നടത്തി ഫ്രീ ഉപദേശം മേടിച്ചു പോകുന്നതിന് ഞാന്‍ സാക്ഷിയാണ്. അങ്ങനെ പലരും വന്ന് ഉപദേശം വാങ്ങിപ്പോകും. ചിലര്‍ നന്ദി പോലും പറയില്ല.
മിക്ക ദിവസവും വൈകുന്നേരമായാല്‍ സാറിന്റെ സുഹൃത്തുക്കളുടെ ഒഴുക്കായി. പലപ്പോഴും ഞാന്‍ ആ സമയം അവിടെ ചെന്നു പെടും.
സാനു മാസ്റ്റര്‍, മജീദ്, തര്യന്‍, തമ്പി, വിശ്വനാഥന്‍, ജോണ്‍സണ്‍ അങ്ങനെ പല മേഖലയിലെയും എണ്ണമറ്റ സുഹൃത് വലയം പരമേശ്വരന്‍ സാറിനുണ്ടായിരുന്നു. എല്ലാവരെയും എന്നെ പരിചയപ്പെടുത്തും. സിഗരറ്റ് വലിച്ചും ഇടക്കൊക്കെ ഓരോ സിപ്പും എടുത്ത് സര്‍ ഇടമുറിയാതെ സംസാരിക്കും. സഹായി ജയനാണ് ഭക്ഷണം ഉണ്ടാക്കലും വിളമ്പലും. ഭക്ഷണ സമയമാണേല്‍ എന്നെ കഴിപ്പിക്കാതെ വിടില്ല.
കൊളംബിയ യൂണി വേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ എടുത്ത് അമേരിക്കയില്‍ത്തന്നെ കണക്ടിക്കട്ട് കമ്പനിയില്‍ വൈസ് പ്രസിഡന്റായി ജോലിക്ക് കയറിയ കാര്യവും പ്ലാന്റേഷനു വേണ്ടി സ്ഥലം നോക്കാന്‍ ആഫ്രിക്കയില്‍ പോയി ഹെലികോപ്റ്ററില്‍ പറന്നതും ഒക്കെ നിസാര കാര്യം പോലെയാണ് പറയുക. വ്യക്തവും ഋജുവുമായ വിവരണമാണ്.
അമേരിക്കയില്‍ ആദ്യം താമസിച്ച ഫഌറ്റിലെ ടാപ്പ് നന്നാക്കാന്‍ പ്ലംബറെ വിളിച്ചപ്പോള്‍ അയാള്‍ സ്വന്തം കാറോടിച്ച് വന്നതും ശരിയാക്കിയതിനു ശേഷം കൂലിയായി ഒരു ബിയര്‍ കുടിച്ച് പോയതും ഒക്കെ രസകരമായി വിവരിക്കും.
അമേരിക്കയിലെ വംശീയ വേര്‍തിരിവിന്റെയും സംഘര്‍ഷത്തിന്റെയും കേന്ദ്രമായിരുന്ന അലബാമയില്‍ 1960 കളില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിച്ച ഇന്ത്യക്കാരന്‍ എന്നത് ചെറിയ കാര്യമല്ല. കുറച്ചു കാലം അദ്ദേഹം റോബര്‍ട്ട് എഫ് കെന്നഡിയുടെ ഒപ്പം ഇന്റെണ്‍ ആയിരുന്നു.
അമേരിക്ക വിടാന്‍ കാരണം നാട്ടില്‍ അമ്മക്ക് സുഖമില്ലാതെ വന്നപ്പോള്‍ പരിചരിക്കാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് കൂടി ബഹുമാനം കൂടി. അമ്മാവന്റെ പേര് തകഴി ശിവശങ്കരപ്പിള്ള എന്നാണെന്നും പറഞ്ഞപ്പോഴാണ് മുഖച്ഛായ ശ്രദ്ധിച്ചത്. വലിയ സാമ്യമുണ്ട്.
കുറേക്കാലം കഴിഞ്ഞ് കെ പി അപ്പന്റെ 'തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്' എന്ന പുസ്തകത്തില്‍ നിന്നാണ് അമ്പലപ്പുഴ ഹൈസ്‌കൂളില്‍ സാനുമാഷും പരമേശ്വരന്‍ സാറും അപ്പന്‍ സാറും ഒരേ സമയം അധ്യാപകരായിരുന്നുവെന്നറിയുന്നത്. തകഴിച്ചേട്ടന്റെ മരുമകനായിരുന്നതിന്റെ ഗ്ലാമര്‍ അന്നത്തെ കാലത്ത് കുറച്ചൊന്നുമല്ലായിരുന്നു എന്നാണ് അപ്പന്‍ എഴുതുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ഡോക്ടറേറ്റ് എടുത്തു.
എം. എന്‍ ഗോവിന്ദന്‍ നായര്‍ ട്രാന്‍സ്‌പോര്‍ട്ട്മന്ത്രിയായിരിക്കുമ്പോഴാണ് സാറിനെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി (ഇന്നത്തെ എംഡി പദം) നിയമിക്കുന്നത്. മലയാറ്റൂര്‍ രാമകൃഷ്ണനു ശേഷം.
''ഇത്രയും കാലം ഐ.എ.എസ് കാരായിരുന്നില്ലേ ഭരിച്ചത്, ഇനിയൊരു മാനേജ്‌മെന്റ് വിദഗ്ദന്‍ വരട്ടെ'' എന്നു പറഞ്ഞു കൊണ്ട്. രണ്ടു കൊല്ലം കുറെയൊക്കെ ചെയ്യാന്‍ ശ്രമിച്ച് സര്‍ രാജി വെച്ചൊഴിഞ്ഞു. പിന്നെയാണ് Cusat ല്‍ വരുന്നത്. ഏതു കോര്‍പ്പറേറ്റ് സ്ഥാപനത്തിലും ഏതു വലിയ പദവിയിലും ഇരിക്കാമായിരുന്നു. എത്രയോ പണം സമ്പാദിക്കാമായിരുന്നു. ഒന്നിലും അദ്ദേഹം ആശ വെച്ചില്ല. മകന്റെ പഠനത്തിലൊഴികെ.
പഴയ ഫിയറ്റ് കാര്‍, ഇയ്യാട്ട് മുക്കിലെ ലളിത് നഗറിലെ വാടക വീട്, വൈകുന്നേരത്തെ സുഹൃദ് സംഗമങ്ങള്‍, ചില കണ്‍സള്‍ട്ടന്‍സി സംബന്ധയാത്രകള്‍, ബാലന്റെയും മമ്മിയുടെയും സന്ദര്‍ശനങ്ങള്‍ തുടങ്ങിയ കൊച്ചു സന്തോഷങ്ങളില്‍ അദ്ദേഹം ഒതുങ്ങി. ഏത് മനുഷ്യരോടും ചിരിച്ച മുഖത്തോടെ സന്തോഷമായി സംസാരിച്ചു. എന്നെപ്പോലെയുള്ള നിസാരന്‍മാരോട് പോലും സമഭാവനയോടെ പെരുമാറി ഒത്തിരി ആത്മവിശ്വാസം തന്നു. എന്നെ ആ വീട്ടിലെ ഒരംഗമാക്കി.
ബാലന്റെ ബന്ധുക്കളിലും സുഹൃത്തുക്കളിലും ഞാനറിയാത്ത എന്നെ അറിയാത്ത ആളുകള്‍ കുറവാണ്. കസിന്‍സായ ഗോപാലും രാജുവും ശശിയും രവിയും രാമനും കിച്ചുവും അനുവും കിട്ടുവും ചക്കിയും അമ്മുവും എനിക്കും ഏറെ സ്‌റ്റേഹ ബന്ധമുള്ളവര്‍. സാറിന്റെ സുഹൃത്തുക്കളായിരുന്ന തമ്പി മാഷിന്റെ മകന്‍ രഞ്ജിത് തമ്പിയും (Advertising professional ) വിശ്വനാഥന്‍ സാറിന്റെ മകന്‍ വേണുവും
(Times of India) ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍. ബാലന്റെ ആര്‍ക്കിട്ടെക്റ്റ് സഹപാഠികള്‍ പില്‍ക്കാലത്ത് എന്റെ കൂട്ടുകാരായി.
ബാലനുമായുള്ള നീണ്ട മുപ്പത്തിയെട്ടു കൊല്ലത്തെ സൗഹൃദം ഇന്നും മുറിഞ്ഞിട്ടില്ല. Delhi SPA യില്‍ നിന്ന് M. Arch ഉം ഹാര്‍വഡില്‍ നിന്ന് പബ്ലിക് പോളിസിയില്‍ PhD യുമെടുത്ത് Bala Menon എന്ന ബാലന്‍ വേള്‍ഡ് ബാങ്കില്‍ ജോലി ചെയ്യുന്നു. ഇരുപത് കൊല്ലമായി വാഷിങ്ടണില്‍ ആണെങ്കിലും ലോകം മുഴുവന്‍ സഞ്ചരിക്കുന്നു.ഇടയ്‌ക്കൊക്കെ നാട്ടില്‍ വരുമ്പോള്‍ ഞാനും മറ്റൊരു കോളജ് സുഹൃത്ത് സഞ്ജയനുമായി (ഇന്‍ഡ്യന്‍ എക്‌സ്പ്രസ് മലയാളം ഓണ്‍ലൈന്‍) വൈകുന്നേരം ചെലവിടുന്നു. പറ്റുമെങ്കില്‍ എല്ലാ വര്‍ഷവും ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്നു യാത്ര പോകുന്നു.
ചിലപ്പോള്‍ ചെറുത് അല്ലെങ്കില്‍ വിദേശം. കേരളത്തിന് പ്രളയസഹായം നല്‍കുന്ന ടീം ലീഡറായതു കൊണ്ട് നാട്ടില്‍ ഇടക്കൊക്കെ വരാന്‍ അവസരമുണ്ട്.
കഴിഞ്ഞ ആഗസ്റ്റില്‍ മലേഷ്യയിലെ മെലാക്കയില്‍ മൂന്നുപേരും കണ്ടു മുട്ടി
മൂന്ന് ദിവസം ചെലവിട്ടു. എല്ലാ തിരക്കുകളില്‍ നിന്നുമൊഴിഞ്ഞ് അല്‍പ്പം സൗഹൃദ സഞ്ചാരം.
കൊറോണക്കാലം കഴിഞ്ഞാല്‍ ഞങ്ങളുടെ അടുത്ത മീറ്റിംഗ് പ്ലാന്‍ ചെയ്യണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine