ആ റീറ്റെയ്ൽ ബ്രാൻഡ് വിജയിച്ചത് ഇങ്ങനെയാണ്

ശ്രീലങ്കയിലെ ഒരു പ്രമുഖ റീറ്റെയ്ൽ ബ്രാൻഡിന്റെ വിജയരഹസ്യം പങ്കുവെയ്ക്കുന്നു

Update:2021-06-30 08:41 IST

മിസ്റ്റർ ജെ ക്ക് Bridge on the river kwai സിനിമയെപ്പറ്റി ഞാൻ ചുരുക്കത്തിൽ പറഞ്ഞു കൊടുത്തു. നാളെ സ്ഥലം കാണുമ്പോൾ സഹായകരമാകുമല്ലോ?കഥ ഏതാണ്ടിങ്ങനെയായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ കുറച്ച് ഇംഗ്ലീഷ് പട്ടാളക്കാരെ ജപ്പാൻ സൈന്യം യുദ്ധത്തടവുകാരാക്കി. അവരോട് ബർമ - സയാം അതിർത്തിയിലെ ക്വായ് നദിക്ക് കുറുകെ പെട്ടെന്ന് ഒരു പാലം പണിയാൻ ആവശ്യപ്പെടുന്നു. എന്നാൽ പാലം പണി ശത്രുവിനെ സഹായിക്കലാകുമെന്നതു കൊണ്ട് പലരീതിയിൽ അവരതിനെ വൈകിപ്പിക്കുന്നു. എന്നാൽ പിന്നീട് തടവുകാരുടെ തന്നെ കൂട്ടത്തിലെ നിക്കോൾസൺ എന്ന കർക്കശക്കാരനും അഭിമാനിയുമായ ബ്രിട്ടീഷ് ഓഫീസർ മേൽനോട്ടം ഏറ്റെടുക്കുന്നതോടെ അത് വേഗത്തിലാവുന്നു. പിന്നീട് സഖ്യ സൈന്യം പാലം ബോംബ് വെച്ച് തകർക്കാൻ പദ്ധതിയിടുന്നതും അനുബന്ധ സംഭവങ്ങളും ലോക പ്രസിദ്ധ സംവിധായകൻ ഡേവിഡ് ലീൻ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് പണി നടക്കുന്ന പാലമാണ് ! കൗമാര കാലത്ത് കണ്ട് ഞാൻ ഏറെ ഇഷ്ടപ്പെട്ട സിനിമ !
ഈ ലോകപ്രശസ്ത സിനിമയിൽ അസോസിയേറ്റ് ഡയറക്ടർമാരുടെ പേരെഴുതിക്കാണിക്കുമ്പോൾ എ.ബി രാജ് എന്ന് പിൽക്കാലത്തറിയപ്പെട്ട മലയാള സിനിമ ഡയറക്ടർ ആന്റണി ഭാസ്കർ രാജ് ഉണ്ടെന്നത് കൗതുകകരമാണ്. ആലപ്പുഴയിൽ ജനിച്ച അദ്ദേഹം വളർന്നതും തുടക്കത്തിൽ സിനിമകൾ ചെയ്തതും ശ്രീലങ്കയിലാണ്. അങ്ങനെയാണ് ഈ സിനിമയിൽ അദ്ദേഹം ഡേവിഡ് ലീനുമായി സഹകരിക്കുന്നത്.
ഇതൊക്കെ കേട്ട മിസ്റ്റർ ജെ ആരക്കിന്റെ പിടിയിൽ നിന്ന് സടകുടഞ്ഞെഴുന്നേറ്റത് കണ്ട് ഞാൻ ഞെട്ടി. അയാൾക്ക് ഇപ്പോൾത്തന്നെ സ്ഥലം കാണാൻ പോകണമെന്നായി. എന്നാൽ നൂറ് കിലോമീറ്റർ ദൂരമുണ്ടെന്ന് പറഞ്ഞതു കേട്ട് യാത്ര അടുത്ത ദിവസത്തേക്ക് മാറ്റാൻ സമ്മതിച്ചു. കൊളംബോ കാൻഡി ഹൈവേയിൽ നൂറ് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ സിനിമാ ലോക്കേഷനിലെത്തുമെന്നും അവിടെ നിന്ന് അത്രയും കൂടി യാത്ര ചെയ്താൽ കാൻഡിയെന്ന മനോഹര പട്ടണമാകുമെന്നും ശെൽവ നായകം പറഞ്ഞു.
പുരാതന നഗരമായ കാൻഡിയും കൂടി കാണുകയായിരിക്കും നല്ലത് എന്നാണയാളുടെ പക്ഷം.അങ്ങനെയെങ്കിൽ അടുത്ത ദിവസം ഞങ്ങളുടെ കൂടെ വണ്ടിയുമായി വരാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചതിന് ശെൽവനായകം സമ്മതം പറഞ്ഞു. അയാൾ ഒരു ഹോളിവുഡ് സിനിമാ പ്രേമിയാണ്.ഡേവിഡ് ലീനിന്റെ ആരാധകനും. ഞങ്ങളയാൾക്ക് കൊടുക്കുന്ന പരിഗണനയും ദീർഘ യാത്രയ്ക്ക് സമ്മതിച്ചതിന് കാരണമായിക്കാണണം. അല്ലെങ്കിൽ കൊളംബോയിൽ തന്നെ അയാൾക്ക് ആവശ്യത്തിൽ കൂടുതൽ ഓട്ടം ഉണ്ടല്ലോ? ജീവിക്കാനത് ധാരാളം.
അങ്ങനെ അന്ന് ഞങ്ങൾ മ്യൂസിയത്തിൽ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ കുറച്ച് ഷോപ്പിംഗ് നടത്തണമെന്ന് ജെ യ്ക്ക് ആഗ്രഹം. ഹൗസ് ഓഫ് ഫാഷൻസ് (HoF)എന്ന കൊളംബോയിലെ പ്രശസ്ത കടയിൽ കഴിഞ്ഞ തവണ പോയ കാര്യം ഞാൻ അയാളോട് പറഞ്ഞു. വാൻ ഹ്യൂസൻ അല്ലെങ്കിൽ ലൂയി ഫിലിപ്പ് പോലെയുള്ള ബ്രാൻഡഡ് ഉടുപ്പുകൾ നാട്ടിലെ പകുതി വിലയ്ക്ക് കിട്ടും എന്നതായിരുന്നു എന്റെ അനുഭവം. ഇന്ത്യാക്കാർക്ക് കൂടുതലായി പോകാൻ താൽപര്യമുള്ള ഷോപ്പിംഗ് ഇടമായി പലരും ഈ കടയെ പറയാറുണ്ട്.
ഗൈഡ് കം ഡ്രൈവർ ശെൽവനായകം ഞങ്ങളെ കടയുടെ മുമ്പിൽ ഇറക്കി തിരിച്ച് പോകാൻ സമ്മതം തേടി. അടുത്ത ദിവസം ദൂരയാത്രഉള്ളതാണല്ലോ? തറയിലൂടെ വലിച്ചിഴച്ച് നടക്കാവുന്ന നീണ്ട വള്ളിയുള്ള ഓരോ ഷോപ്പിംഗ് ബാഗുമായി ഞങ്ങൾ അകത്തേക്ക് കയറി.കഴിഞ്ഞ തവണ കണ്ടതിനേക്കാളും അവിടെ സ്റ്റോക്ക് നിറഞ്ഞിരിക്കുന്നു. പ്രശസ്ത ബ്രാന്റുകൾ അടുക്കി വെച്ച നീണ്ട അലമാരകൾ ഞങ്ങളെ വരവേറ്റു.
ഇന്ത്യക്കാരെന്ന് കാഴ്ചയിൽ തോന്നുന്നവരാണ് ഉപഭോക്താക്കളിൽ കൂടുതലും. മിക്കവരുടെയും ഷോപ്പിംഗ് ബാഗുകൾ വസ്ത്രങ്ങൾ കുത്തിനിറച്ചിരിക്കുന്ന നിലയിലാണ്. യൂറോപ്യൻ ബ്രാന്റുകളുടെ താരതമ്യേന കുറഞ്ഞ വിലയായിരിക്കാം ആളുകളെ ആകർഷിക്കുന്നത്. വിലക്കുറവിന്റെ കാരണമന്വേഷിച്ചപ്പോൾ കൗതുകകരമായ ചില കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.
ശ്രീലങ്കയിലെ പ്രധാന വ്യവസായമാണ് ഉടുപ്പുകളുടെ രൂപകൽപനയും നിർമ്മാണവും കയറ്റുമതിയും. രാജ്യത്തെ പതിനഞ്ച് ശതമാനം ജോലികളും വസ്ത്ര വ്യവസായവുമായി ബന്ധപ്പെട്ടാണ്. എഴുപത്തഞ്ച് ശതമാനം കയറ്റുമതിയും അമേരിക്കയിലേക്കാണെന്ന് പറയുമ്പോൾ ഉൽങ്ങളുടെ ഗുണമേൻമ ഊഹിക്കാമല്ലോ? ഗുണനിഷ്കർഷയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും കർക്കശ നിയമങ്ങളാണ് യു.എസ്.എയിലുള്ളത്. ചുരുക്കത്തിൽ പറഞ്ഞാൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന പേരു കേട്ട പല ബ്രാൻഡ് വസ്ത്രങ്ങളും ശ്രീലങ്കയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്നവയാണ്. മുന്തിയ ബ്രാന്റുകൾ "എക്സ്പോർട്ട് സർപ്ലസ് " വിഭാഗത്തിൽപ്പെടുന്നവ ഹൗസ് ഓഫ് ഫാഷൻസ് പോലുള്ള കടകളിൽ കുറഞ്ഞ വിലക്ക് വിൽക്കാൻ സാധിക്കുന്നതിന്റെ രഹസ്യവും അത് തന്നെയാകണം.
1987 ലാണ് പ്രീതിയും നീലമണി ജയവർദ്ദനെയും ചേർന്ന് HoF ആരംഭിച്ചത്. കയറ്റുമതിക്ക് വേണ്ട ഗുണമേൻമയുള്ള വസ്ത്രങ്ങൾ താങ്ങാനാവുന്ന വിലയ്ക്ക് കൊടുക്കുന്ന സംരംഭം പിന്നെ മറ്റനേകം പേർക്ക് മാതൃകയായി. കൂടുതൽ എണ്ണം കുറഞ്ഞ ലാഭമെടുത്ത് വിൽക്കുക എന്നതായിരുന്നു തന്ത്രം. പ്ലാസാ കോംപ്ലക്സിൽ പത്തടി ചതുരത്തിൽത്തുടങ്ങിയ സ്ഥാപനത്തിന് മുന്നിൽ ക്യൂ ഒഴിയാതെയായി. ഗാൾ റോഡിലുള്ള ഈ കെട്ടിടത്തിലേക്ക് മാറിയിട്ട് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. മില്ലേനിയം വർഷത്തിന്റെ അവസാന ദിവസത്തിൽ തുടങ്ങിയ അർധരാത്രിക്കച്ചവടം അടുത്ത ഒരാഴ്ച കടയടയ്ക്കാതെ തുടർന്നു!
കുറഞ്ഞ വിലയ്ക്ക് കൂടിയ ഗുണമേൻമ കൊടുത്തതിനെ ശ്രീലങ്കക്കാർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഉപഭോക്താക്കളോട് നീതി പുലർത്തിയാൽ വിജയം ഉറപ്പെന്ന് രണ്ട് പേരും തെളിയിച്ചു. HoF നാട്ടുകാർക്കും വിദേശികൾക്കും ഒരു പോലെ പ്രിയപ്പെട്ട വാങ്ങൽ ഇടമായി മാറി. വലിയ ഉദ്യോഗസ്ഥരെ നിയോഗിക്കാതെ രണ്ട് ഉടമസ്ഥരും ദൈനം ദിനകാര്യങ്ങൾ നേരിട്ടാണ് നോക്കുന്നത്. കടയിലെ എല്ലാ ജോലിക്കാരുമായി നേരിട്ടാണ് അവർ സംസാരിക്കുന്നതും ശരിയായ ഉപദേശങ്ങൾ നൽകുന്നതും. ഇത് ജോലിക്കാരിൽ കൂറും വിശ്വാസവും വളർത്തി. പതിറ്റാണ്ടുകളായി ജോലിയെടുക്കുന്നവർ ഇവിടെയുണ്ട്.
ആലോചിക്കുമ്പോൾ ലോകത്തെവിടെയും വിജയിക്കുന്ന ഫോർമുലയാണെങ്കിലും അത് പ്രയോഗത്തിൽ വരുത്തുക എളുപ്പമല്ല. രണ്ടായിരത്തി പതിനഞ്ചിൽ ഞാൻ കൊളംബോയിൽ കണ്ടത് ബൊറെല്ല എന്നയിടത്തെ ഒമ്പത് നിലയുള്ള, രണ്ടര ലക്ഷം ചതുരശ്ര അടിയിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നHoF ആയിരുന്നു!
ഞാൻ നോക്കുമ്പോൾ കണ്ടത് അര ഡസൻ ഷർട്ടുകളും അത്ര തന്നെ പാന്റുകളും അടങ്ങിയ ബാഗ് വലിച്ചിഴച്ചു കൊണ്ട് മിസ്റ്റർ ജെ കൗണ്ടറിലെത്തിയതാണ്. ഞാനാവട്ടെ ഒരു ജോഡി വസ്ത്രം മാത്രമാണെടുത്തത്. അത്രയേ ഒരു ദിവസം കൂടിയുള്ള യാത്രയിലാവശ്യമുള്ളൂ. ഞങ്ങൾ രണ്ട് പേരും ബിൽ കൊടുത്ത് പുറത്തിറങ്ങി ഒരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു. ഒരു ഭോജനശാലയാണ് ലക്ഷ്യം. HoF ന് നേരെ പുറകിലെ വെല്ലവട്ട എന്ന തെരുവിലേക്ക് അഞ്ച് മിനിട്ട് നടക്കാനുള്ള ദൂരമേയുള്ളൂ എന്ന് പറഞ്ഞ് അവൻ വണ്ടി ഓടിച്ച് പൊയ്ക്കളഞ്ഞു. ശരിയാണല്ലോ എന്ന് കണ്ട് ഞങ്ങൾ ആദ്യം കണ്ട " യാൾ ഈറ്റ് ഹൗസി " ലേക്ക് കയറി. നടന്ന് ക്ഷീണിച്ച ഞങ്ങൾ അവിടെ ബിയർ കൊടുക്കുന്നത് കണ്ട് മെനുവിലേക്ക് നോക്കി. ലയൺ , ടൈഗർ, ബൈസൺ എന്നിങ്ങനെ വന്യമൃഗങ്ങളുടെ പേരാണ് പാവം ബീയറിന് കൊടുത്തിരിക്കുന്നത്. സിംഹത്തിൽക്കുറഞ്ഞതൊന്നും തനിക്ക് വേണ്ടെന്ന് ജെ പറഞ്ഞു.
തിളങ്ങുന്ന സ്റ്റീൽ പ്ലേറ്റിൽ വാട്ടിയ വാഴയിലയിലാണ് ഓർഡർ ചെയ്ത വിഭവങ്ങൾ വന്നത്. അൽപ്പം ചോറും മീൻ കറിയും ചൂടൻ ചിക്കൻ കൊത്ത് പൊറോട്ടയും പച്ചക്കറി സാലഡും. ലയൺ ബീയർ മേമ്പാടിയാക്കി ഞങ്ങൾ ഭക്ഷണം പതുക്കെ കഴിച്ച് തീർത്തു. നേരം പത്ത് മണിയായി എന്ന് പറഞ്ഞ ജെ യ്ക്ക് ഉറക്കം വന്ന് തുടങ്ങിയിരുന്നു. ഞങ്ങൾ ബിൽ കൊടുത്ത് പുറത്തിറങ്ങി ഒരു ബജാജ് ഓട്ടോറിക്ഷക്ക് കൈ കാണിച്ചു. മിസ്റ്റർ ജെ ഹോട്ടൽ ട്രാൻസ് ഏഷ്യ എന്ന് ഉറക്കെപ്പറഞ്ഞ് ഓട്ടോയിൽ ചാടിക്കയറി. പുറകേ ഞാനും.
തുടരും...


Tags:    

Similar News