ലൂവ്റിനുള്ളിലെ ചങ്ങലക്കിട്ട മൊണാലിസ!

Update:2020-08-12 08:00 IST

അയാള്‍ കൂടുതല്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചതു പോലെ എനിക്ക് തോന്നി. വശങ്ങളിലേക്കും മുന്നോട്ടും ആട്ടമുണ്ട്.
ദേഷ്യവും നിരാശയും നിറഞ്ഞ  ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.
ലോകത്തോട് മുഴുവന്‍ കലഹിക്കുന്ന പോലെയായിരുന്നു ഫ്രഞ്ചു ഭാഷയിലെ
സംസാരം.
എന്നാല്‍ അയാളുടെ മുഖം മുകളില്‍ നിന്ന് വ്യക്തമായിരുന്നില്ല. കടന്നു പോകുന്ന ആള്‍ക്കാര്‍ വഴി മാറിപ്പോയി. അല്‍പം കഴിഞ്ഞ് രണ്ടു പോലീസുകാര്‍ വന്ന് ഇരു കൈകളിലും ബലമായി പിടിച്ച് പോലീസ് കാറില്‍ കയറ്റി കൊണ്ടു പോകുന്നതു കണ്ടു ഞാന്‍ ഉള്ളുരുകിക്കൊണ്ട് ജാലകമടച്ചു. ഇപ്പോള്‍ ഒരു ശബ്ദവും  അകത്തു വരുന്നില്ല. നേരത്തെ ഉറങ്ങാന്‍ പോയപ്പോള്‍ ഞാന്‍  ജനല്‍ അടയ്ക്കാന്‍ മറന്നിരുന്നു....

ഫ്രാന്‍സില്‍ അഞ്ചു മില്ല്യന്‍ കറുത്ത വര്‍ഗക്കാരുണ്ടെന്നാണ് കണക്ക്.
എല്ലാവരും കുടിയേറ്റക്കാരാണ്.
അവിടുത്തെ നിയമമനുസരിച്ച് ആരുടെയും  വംശീയതയെക്കുറിച്ച്  ഗവണ്‍മെന്റിന് അന്വേഷണം പറ്റില്ല. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നതാണ് ഫ്രാന്‍സിന്റെ  മുദ്രാവാക്യം. എന്നിരുന്നാലും കടുത്ത
സാമ്പത്തിക അസമത്വം കറുത്ത നിറക്കാരെ നിരാശരും അസ്വസ്ഥരുമാക്കുന്നു. അവര്‍ക്ക് നല്ല ജോലിയും കയ്യില്‍  പൈസയുമില്ല. എന്നാല്‍ കുടിയേറ്റക്കാരായ  വെള്ളക്കാര്‍ വലിയ സ്ഥിതിയില്‍ ജീവിക്കുന്നു.
അത് കറുത്തവര്‍ഗ്ഗമനസ്സുകളില്‍ നീറിക്കൊണ്ടിരിക്കുന്നു.
രണ്ടായിരത്തഞ്ചാമാണ്ടില്‍, എണ്ണായിരത്തോളം കാറുകള്‍ പാരിസ് തെരുവുകളില്‍ കത്തിച്ച ഒരു  സംഭവമുണ്ടായി. അസമത്വം തന്നെ കാരണം.
ആ ദേഷ്യത്തിന്റെ ചെറിയ പതിപ്പാണ് ഞാന്‍ കണ്ടത്.
ഇതൊക്കെ കണ്ടും കേട്ടും ആലോചിച്ചും ഉറക്കം പോയതു കൊണ്ട്  റൂമില്‍ത്തന്നെ ഒരു കെറ്റിലില്‍
കാപ്പി ഉണ്ടാക്കിക്കുടിച്ചു കൊണ്ട്  അന്നത്തെ ദിവസം പ്ലാന്‍ ചെയ്തു. പ്രശാന്തിനെ വിളിച്ചുണര്‍ത്തി. പാവം ഇതൊന്നുമറിഞ്ഞിട്ടില്ല. കുംഭകര്‍ണ്ണസേവയിലായിരുന്നു!

ഇന്നത്തെ പ്ലാനിങ്ങനെ.
ഒരു  മണിക്കൂര്‍ അലസ നടത്തവും കാപ്പിയും പ്രാതലും കഴിഞ്ഞ്  മുഴുവന്‍ സമയം ലൂവ്‌റ് മ്യുസിയം! പാരിസിലെ എന്റെ ഏറ്റവും വലിയ ആകര്‍ഷണം ലൂവ്‌റ് ആയിരുന്നു. എനിക്ക് ഈഫല്‍ ടവര്‍ ഒക്കെ അതിന്റെ മുന്നില്‍ ചീള് കേസ്!

പ്രാതല്‍ കഴിഞ്ഞ് രാവിലെ തന്നെ പ്രശാന്തും ഞാനും പ്രശസ്തമായ ഓപ്പറ ഹൗസിന്റെ മുന്നിലെ നടപ്പാതയിലൂടെ നടന്നു. ഹോട്ടലിന്റെ തൊട്ടടുത്തു തന്നെയാണീ മനോഹര നിര്‍മിതി. രണ്ടായിരത്തോളം സീറ്റുള്ള ഈ പ്രൗഢഗംഭീര സൗധത്തിനെ ഗാര്‍ണിയര്‍ ഓപ്പറ എന്ന് വിളിക്കും.
ഇത് തൊട്ടടുത്തുള്ളതിനാലാണ് ഞങ്ങളുടെ ഹോട്ടല്‍ കോണ്‍കോഡ് ഓപ്പറ ആയത്.
സമയക്കുറവ് കൊണ്ട് ഞങ്ങള്‍ക്ക് ഉള്ളില്‍ കേറാന്‍ സാധിച്ചില്ല. മാത്രമല്ല മാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്താലേ ഓപ്പറയ്ക്ക് സീറ്റു കിട്ടാറുള്ളത്രേ!

ഞങ്ങളുടെ എതിരെ  നടന്നു വന്ന ഒരാള്‍ സ്വര്‍ണ്ണമോതിരം പോലെ എന്തോ താഴെ നിന്ന് എടുത്തു എന്റേതാണോ എന്ന് ചോദിച്ചു.
നോക്കുക പോലും ചെയ്യാതെ അല്ല എന്ന് പറഞ്ഞു ഞാന്‍ മുന്നോട്ട് നടന്നു. അപ്പോള്‍ പ്രശാന്ത് പറയുന്നു,
ഇന്നലെ  നടന്നു പോകുമ്പോള്‍  ഇങ്ങനെ ഒരാള്‍ ഒരു മോതിരം പ്രശാന്തിനെ കാണിച്ച് ഇതേ ചോദ്യം ചോദിച്ചുവെന്ന്.
ഉടമസ്ഥനില്ലാത്ത രണ്ടു മോതിരം കിട്ടിയ സ്ഥിതിക്ക് ഇനി അയാള്‍ക്ക് പണി നിര്‍ത്താലോ എന്ന് ഞാനും.
സ്വര്‍ണ്ണത്തിന്റെ തരി ശരീരത്തിലിടാത്ത ഇന്ത്യക്കാരെ അയാള്‍ ആദ്യം കാണുകയാകും! എന്തോ തട്ടിപ്പിന്റെ തുടക്ക നാടകമാണ് ഞങ്ങള്‍ കണ്ടത്.
ലോകത്തെവിടെയും ഇവരുണ്ട്. നമ്മളില്‍ പലരും അവരുടെ അഭിനയത്തില്‍ വീണു പോകും.

ഒടുവില്‍ ഞങ്ങള്‍  സീന്‍ നദിയുടെ തീരത്തെ റു ദെ റിവോളിയിലുള്ള ലൂവ്‌റിന്റെ മുന്നിലെത്തിയപ്പോള്‍ തണുപ്പ് സഹിച്ച് ജനം  നീണ്ട ക്യൂവില്‍ നില്‍ക്കുന്നു. മുന്നില്‍ ചൈനീസ് അമേരിക്കന്‍  ആര്‍ക്കിടെക്റ്റ് ഐ.എം.പീ( I M pie) രൂപകല്‍പ്പന ചെയ്ത കൂറ്റന്‍ ഗ്ലാസ് പിരമിഡ് അതിന് ചുറ്റും മൂന്ന് ചെറുതും.
അതൊക്കെ എണ്‍പത്തൊമ്പതില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത് ചെയ്തതാണ്. പ്രധാന കെട്ടിടം പൗരാണിക യൂറോപ്യന്‍ വാസ്തു കലയാണ്. ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി മൂന്നിലേത്.
രണ്ടും ചേരാന്‍ പ്രയാസം തന്നെയാണ്.
രണ്ടു നിര്‍മ്മിതികളും മോരും മുതിരയും പോലെ തമ്മില്‍ ചേരാതെ നില്‍ക്കുന്നതായി എനിക്ക് തോന്നി. എന്നാല്‍ ഏറെപ്പേര്‍ അതിനെ പ്രകീര്‍ത്തിക്കുന്നു.
മനുഷ്യരുടെ രുചി വ്യത്യാസം എന്ന് പറയാം.
ഇതിനിടെ പ്രശാന്ത് ടിക്കറ്റ് എങ്ങനെയോ സംഘടിപ്പിച്ചു വന്നു. അകത്തു കയറി കലാസൃഷ്ടികള്‍ കണ്ടു തുടങ്ങിയാല്‍ പിന്നെ നമ്മളെല്ലാം മറന്നു പോകും! ജനിച്ചതേ ഇവിടെ വരാനായിരുന്നു എന്നോര്‍ത്തു പോകും!
ഞാന്‍ കലയില്‍  അത്ര അവഗാഹമുള്ള ആളല്ലതായിട്ടു പോലും അങ്ങനെ തോന്നിപ്പോയി!

ലൂവ്‌റ്  ലോകത്തിലെ ഏറ്റവും വലിയ കലാശേഖരം. ഏകദേശം മുപ്പത്തയ്യായിരം ചരിത്രാതീതകാല കലാവസ്തുവഹകള്‍ എട്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഒതുക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു കോടി ആളുകള്‍ കയറിയിറങ്ങി. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു കൊട്ടാരമാണ് പ്രധാന കെട്ടിടം.
അങ്ങനെ ഒരു കെട്ടിട സമുച്ചയം മുഴുവന്‍ മ്യൂസിയമാണ്.
ഫ്രഞ്ചു വിപ്‌ളവകാലത്ത് നാഷണല്‍ അസംബ്‌ളി കൊട്ടാരം മ്യൂസിയമാക്കാനുത്തരവിട്ടു. വിപ്‌ളവത്തിന് ഗുണങ്ങളുണ്ട് എന്ന് തോന്നി.
ഉള്ളിലേക്ക് കയറുമ്പോള്‍  ഞാന്‍ ഒരു മ്യൂസിയം ഗൈഡിനെ ആയിരത്തോളം രൂപയ്ക്ക് തുല്യമായ യൂറോ കൊടുത്തു വാങ്ങിയിരുന്നു. കൊട്ടാരത്തിനുള്ളില്‍ അതു വളരെ ഉപകാരപ്പെട്ടു. എവിടെ എന്തൊക്കെയാണുള്ളത് എന്നറിഞ്ഞത് കൊണ്ട് നടത്തം പ്ലാന്‍ ചെയ്യാന്‍ പറ്റി.
താല്‍പ്പര്യമുള്ളത് കുറേയൊക്കെ കാണാന്‍ പറ്റി.
ഇല്ലെങ്കില്‍ വെറുതേ വട്ടം കറങ്ങി നടന്നേനെ. പുസ്തകം നിധി പോലെ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

അകത്ത് കയറിയതും ഒരിടത്ത് നിറയെ ആള് കൂടി നില്‍ക്കുന്നതു കണ്ടു. ഒരു വിധം മുമ്പില്‍ എത്തിയപ്പോള്‍ നമ്മുടെ
ഡാവിഞ്ചിയുടെ വിശ്വവിഖ്യാത ചിത്രം മോണലിസ പുഞ്ചിരിയോടെ ഞങ്ങളെ നോക്കി. ഒറിജിനലാണ് പക്ഷെ ചങ്ങലയിട്ട് ചുറ്റും പൂട്ടിക്കളഞ്ഞു. ആരൊക്കെയോ അവിടുന്ന് കടത്താന്‍ ശ്രമിച്ചു വിശ്വസുന്ദരിയെ! ഇപ്പോള്‍ പതിനഞ്ചടി ദൂരെ വരെയേ പ്രവേശനമുള്ളൂ. പകര്‍പ്പുകള്‍ എപ്പോഴും
എവിടെയും കണ്ടു കണ്ടായിരിക്കും എനിക്കത്ര ത്രില്‍ തോന്നിയില്ല.

അത് ഒരു തുടക്കം മാത്രമായിരുന്നെന്നറിഞ്ഞില്ല. അകത്ത് കലയിലെ അത്ഭുതങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
ഇന്നും അതോര്‍ക്കുമ്പോള്‍ ഉള്ളം തുള്ളുന്നു ..

തുടരും..

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News