ഗാൾ ഫേസ് ഗ്രീനിലെ പച്ചത്തുരുത്തും ജീവിതാനന്ദവും
കൊളംബോയുടെ അഭിമാനമായ നഗര ഭാഗത്തിന്റെ വിവരണം
ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയിൽ സഹപ്രവർത്തകനായിരുന്ന ശിവാനന്ദം എന്നോട് ഏറെ സ്നേഹമുള്ള ആൾ. ഞങ്ങൾ രണ്ട് പേരും 2002 അവസാനം വരെ അവിടെ സീനിയർ ജനറൽ മാനേജർമാരായിരുന്നു. ഞാൻ വിപണനത്തിലും അദ്ദേഹം ഉൽപ്പാദനശാലയിലും. മാസത്തിലൊരിക്കൽ ബോംബേ മീറ്റിംഗുകളിൽ കാണുന്നത് കൂടാതെ ഏറ്റവും കുറഞ്ഞത് വർഷത്തിലൊരിക്കൽ ശിവാനന്ദത്തിന്റെ കീഴിലുള്ള പൊന്നേരി ഫാക്ടറിയിൽ ഞാൻ പോകാറുണ്ടായിരുന്നു. രാവിലെ തുടങ്ങുന്ന കച്ചവട സംബന്ധ ചർച്ചകൾ കഴിഞ്ഞ് ഉച്ചയ്ക്ക് വാഴയിലയിൽ നല്ല എരിവും രുചിയുള്ള മത്സ്യ മാംസ വിഭവങ്ങളോടെ ഒന്നാന്തരം തമിഴ് ഭക്ഷണം തന്നിട്ടേ അദ്ദേഹം വിടാറുണ്ടായിരുന്നുള്ളൂ. ഞങ്ങൾ രണ്ട് പേരും ഒരു ഓഫീസ് പൊളിറ്റിക് സിന്റെയും ഭാഗമായിരുന്നുമില്ല എന്നതും പരസ്പര ബഹുമാനത്തിന് കാരണമായിരിക്കാം.
ഇവിടെ ലഞ്ച് കഴിച്ച് ഞാൻ അൽപ നേരം ശിവാനന്ദവുമായി കുശലം പറഞ്ഞു നിന്നു. എയർ പോർട്ടിൽ നിന്നും ഏറെ അകലെയല്ല അദ്ദേഹത്തിന്റെ ഇപ്പോൾ ജോലി ചെയ്യുന്ന ഫാക്ടറി. ആ മതിൽക്കെട്ടിനുള്ളിൽത്തന്നെയാണ് അദ്ദേഹത്തിന്റെ താമസസ്ഥലവും. സാമാന്യം വലിയ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ ഒരു തമിഴ് നാട്ടുകാരൻ കുക്കുമുണ്ട്. പോകുന്നതിന് മുമ്പ് ചെന്നാൽ സമുദ്ര വിഭവങ്ങൾ ചേർത്തുള്ള ഉഗ്രൻ ഭക്ഷണം തരാമെന്ന് പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചു. പറ്റിയാൽ വരാമെന്ന് ഞാൻ പറഞ്ഞു. കൊളംബോയിൽ പ്രാദേശികമായി പാൽ ഉൽപാദനമില്ലാത്തത് കൊണ്ട് ഇറക്കുമതി ചെയ്ത പാൽ ഉപയോഗിക്കേണ്ടി വരുന്നതിന്റെ വിഷമം ആൾ പങ്കു വെച്ചു! അദ്ദേഹത്തിന്റെ പൊന്നേരിയിലെ കൂറ്റൻ വീട്ടിലെ തൊഴുത്തിൽ നാല് പശുക്കളുള്ളത് ഞാൻ കണ്ടിട്ടുണ്ട്. ഇവിടുത്തെ ആഭ്യന്തര യുദ്ധത്തിന്റെ പേടിയിൽ ഭാര്യവും രണ്ട് മക്കളും മദ്രാസിലെ വീട്ടിൽത്തന്നെയാണെന്നും രണ്ട് മാസത്തിലൊരിക്കൽ അവരെ സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ എപ്പോഴാണ് തമിഴ് പുലികൾ പടക്കം പൊട്ടിക്കുക എന്നറിയില്ല എന്ന് തമാശ പറഞ്ഞു പതിവ് പോലെ പൊട്ടിച്ചിരിച്ചു.
അദ്ദേഹത്തോട് തൽക്കാലം വിട പറഞ്ഞ് സ്റ്റാളിലെത്തു മ്പോൾ സന്ദർശകരുടെ നല്ല തിരക്കാണ്. ഭാട്യയുടെയും സഹായിയുടെയും കൂടെ ഞാനും മിസ്റ്റർ ജെയും ചേർന്ന് സന്ദർശകർക്ക് ഉൽപ്പന്ന വിവരങ്ങൾ പറഞ്ഞ് കൊടുത്തു. ഭാട്യ പറഞ്ഞതനുസരിച്ച് ശ്രീലങ്കയിൽ പ്രത്യേകിച്ച് കൊളംബോയിലെ പണമുള്ളവർ എല്ലാ അഞ്ച് വർഷത്തിലും ധാരാളം പണം ചെലവാക്കി വീടും പരിസരവും പുതുക്കും. ലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ പൊടിക്കാൻ അവർക്ക് മടിയില്ല. അത് കൊണ്ട് ഉൽപ്പന്നം ഇവിടെ ചെലവാകുമെന്ന് അയാൾക്കുറപ്പുണ്ട്. എന്നാൽ ശ്രീലങ്കയിലെ പല പിന്നോക്ക പ്രദേശങ്ങളിലും ജനങ്ങൾ കൊടും ദാരിദ്യത്തിൽ കഴിയുന്നത് എനിക്കറിയാം. എല്ലാ വികസ്വര രാജ്യങ്ങളിലും പ്രശ്നം ഇത് തന്നെയാണല്ലോ എന്ന് ഞാൻ സങ്കടപൂർവമോർത്തു. ജാഫ്നയിലും ബത്തിക്കലോവയിലും യുദ്ധം മൂലം മനുഷ്യ ജീവിതം ദുസ്സഹമായിരിക്കുമ്പോൾ കൊളംബോ പോലെയുള്ള പട്ടണങ്ങളിൽ ജനങ്ങൾ പണം വാരിയെറിഞ്ഞ് നിശാ പാർട്ടികൾ നടത്തുന്നു. വിലകൂടിയ കാറുകൾ ഇറക്കുമതി ചെയ്യുന്നു. ക്ലബ്ബുകളിൽ ദിവസവും പോയി മധുപാനം നടത്തുന്നു.
എന്തായാലും ഭാട്യയും സഹായിയും ഞങ്ങളെ നാല് മണിയോടെ പ്രദർശന സ്റ്റാളിൽ നിന്ന് സ്വതന്ത്രരാക്കി. മുരുകൻ ഞങ്ങളുമായി വിനോദിന്റെ വാതിൽ ഉൽപ്പാദന യൂണിറ്റിലേക്ക് പുറപ്പെട്ടു. വലിയ ട്രാഫിക് ഇല്ലാത്തത് കൊണ്ടാകണം മുക്കാൽ മണിക്കൂറിൽ ഞങ്ങൾ സ്ഥലത്തെത്തി. ഒരു ചെറുകിട വ്യവസായ മേഖലയാണ് ഞങ്ങൾ എത്തിയ ഇടം. ഒരു വൻ മതിൽക്കെട്ടിനുള്ളിലേക്ക് കാർ കയറി അൽപ്പം പോയ പ്പോഴേക്ക് ന്യൂ എറ ഇൻഡസ്ടീ സിന്റെ ബോർഡ് കണ്ടു. വിനോദ് ഓഫീസ് റൂമിൽ ഇരിക്കുന്നു. ഞങ്ങളെക്കണ്ട് വെളുക്കെച്ചിരിച്ച് തൊട്ട് പുറകിലുള്ള ഉൽപ്പാദന യൂണിറ്റിലേക്ക് കൊണ്ട് പോയി. ഏകദേശം പതിനായിരം സ്ക്വയർഫീറ്റ് കാണും. ഇന്ത്യയിലെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫാക്റ്ററി കളെക്കാൾ വളരെച്ചെറുത്. എന്റെ മനസ് വായിച്ചിട്ടാകും വിനോദ് പറഞ്ഞത് ഇന്ത്യയിലേതുമായി ഇവിടുത്തെ ഉൽപാദനത്തെ തുലനം ചെയ്യാൻ പറ്റില്ലെന്നും ചെറു രാജ്യമായത് കൊണ്ട് വളരെ വലിയ ഫാക്റ്ററികൾ പ്രായോഗികമല്ലെന്നും.
അവിടെയും കിട്ടി ഒന്നാന്തരം കടുപ്പവും സ്വാദുമുള്ള ചായയും കൊക്കിസ് എന്ന വറ പലഹാരവും. നക്ഷത്ര ആകൃതിയിലുള്ള പലഹാരം എടുത്ത് കടിച്ചപ്പോൾ മനസിലായി നമ്മുടെ കേരള അച്ചപ്പത്തിന്റെ വകഭേദം തന്നെ! ഡച്ചുകാരുടെ ഭക്ഷണ സ്വാധീനം കൊച്ചിയിലും ലങ്കയിലുമുണ്ടല്ലോ? കടുപ്പമുള്ള ചായയുമായി ചേർത്ത് കഴിക്കാൻ നല്ല സ്വാദ് തോന്നി.
കൂടിക്കാഴ്ച കഴിഞ്ഞ് ഞങ്ങൾക്ക് ഗാൾ ഫേസ് റോഡിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ വിനോദ് അങ്ങോട്ട് ഒരു കാർ ഏർപ്പാട് ചെയ്ത് ഞങ്ങളെ അതിൽക്കയറ്റി വിട്ടു. ഇടയ്ക്ക് ഫോൺ വിളിക്കാമെന്ന് പറഞ്ഞു.
ഗാൾ ഫേസ് ഗ്രീൻ എന്ന നഗരഭാഗം കൊളംബോയുടെ അഭിമാനമാണ്. ഇവിടെ എനിക്കേറ്റവും ഇഷ്ടമുള്ള ഒരിടം. പരിമിതമായ വാക്കുകളിൽ പറഞ്ഞാൽ ഒരു വശത്ത് അലയടിക്കുന്ന കടൽ.അതിനോട് ചേർന്ന് അര ഭിത്തികെട്ടിയിട്ട് കല്ല് വിരിച്ച ഭംഗിയുള്ള നെടു നീളൻ നടപ്പാത. അതിനതിരിട്ട ങ്ങനെ പരന്ന് കിടക്കുന്ന പച്ച പുൽത്തകിടി. അഞ്ച് ഹെക്റ്റർ വിസ്താരത്തിൽ അത് കണ്ണിനെ കുളിർപ്പിക്കും. കെട്ടിടങ്ങളുടെ ഇടയിലൂടെ തുറസ്സായ എവിടെയും അത് കയറിക്കിടക്കുന്ന കാഴ്ച. മറുവശത്ത് വൃത്തിയുള്ള കറുത്ത മിനുത്ത നാലുവരിപ്പാത കടന്നാൽ അംബരചുംബികളടക്കമുള്ള ഭംഗിയേറിയ കെട്ടിടങ്ങൾ നിരന്നു നിൽക്കുന്നു. ഒരിടത്തും പറന്നു നടക്കുന്ന കടലാസുകളോ ചവറോ മാലിന്യക്കൂമ്പാരമോ ഇല്ല...
പതിനെട്ടാം നൂറ്റാണ്ടിൽ സിലോൺ ഗവർണറായിരുന്ന സർ ഹെൻറി വാർഡാണ് ഗാൾ ഫേസ് ഗ്രീൻ വിഭാവനം ചെയ്തത്. ഇന്നുള്ളതിലും വളരെ വലുതും ഗംഭീരമായിട്ടാണ് അന്നത് പ്ലാൻ ചെയ്തതെങ്കിലും ഒടുവിൽ 1859 ൽ ഈ പ്രൊമനേഡ് എന്ന ചെറുതല്ലാത്ത ഉല്ലാസ നടത്ത കേന്ദ്രം നിലവിൽ വന്നു. ഒരു ഗോൾഫ് കോഴ്സ് ആദ്യകാലങ്ങളിൽ അവിടെയുണ്ടായിരുന്നെങ്കിലും പിന്നീടത് ബോറെല്ല എന്നയിടത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ജനങ്ങൾ കൂട്ടത്തോടെ വരുന്നിടത്ത് ഗോൾഫ് കോഴ്സ് പറ്റില്ല. ചീറി വരുന്ന പന്ത് ജീവനെടുത്തേക്കാം.
അവിടെ കാണുന്ന 1864 ൽ സ്ഥാപിതമായ ഗാൾ ഫേസ് ഹോട്ടൽ എടുത്ത് പറയത്തക്ക മനോഹര നിർമ്മിതിയാണ്. ആ പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന ഓട് മേൽക്കൂരയുള്ള ഒരു വിശാല കൊളോണിയൽ നിർമ്മിതി. ഇത് വെറുമൊരു ഹോട്ടലല്ല, ചരിത്രത്തിന്റെ കാൽപ്പാടുകളുള്ള ഒരു സ്ഥാപനമാണ്. അവിടെ വസിക്കാൻ വന്നവരിൽ ജപ്പാനിലെ ചക്രവർത്തി ഹിരോഹിതോയും അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സണും നടൻ സർ ലോറൻസ് ഒളീവിയറും ജോർജ് ബർണാഡ് ഷായുമുണ്ട്. നമ്മുടെ മഹാത്മാ ഗാന്ധിയുണ്ട്!
ഇതിനെല്ലാമുപരി കഴിഞ്ഞ അറുപത്തി രണ്ട് വർഷങ്ങളായി കൈ കൂപ്പി വിരുന്നുകാരെ സ്വീകരിക്കാൻ ഒരു മലയാളിയുമുണ്ട്! ഇദ്ദേഹത്തെക്കുറിച്ച് ഞാൻ കേട്ടിരുന്നെങ്കിലും ഇതിന് മുമ്പ് വന്നപ്പോഴും കാണാൻ കഴിഞ്ഞില്ല. ഞാൻ കാണാൻ ചെന്ന ദിവസം അദ്ദേഹത്തിന് ഓഫ് ഡ്യൂട്ടി ദിവസമായിരുന്നു. ഇത്തവണ എന്തായാലും കെ.സി. കുട്ടനെന്ന ശ്രീലങ്കൻ ചരിത്രത്തിന്റെ ഭാഗമായി മാറിയ ദ്വാരപാലകനെ കാണണം. പറ്റിയാൽ രണ്ട് മിനിട്ട് സംസാരിക്കണം. കാണണമെങ്കിൽ കെട്ടിടത്തിനകത്ത് കയറണമല്ലോ? കണ്ടതിന് ശേഷം സമുദ്രത്തിന്റെ കിടിലൻ കാഴ്ച തരുന്ന കടലിനഭിമുഖമായുള്ള 'വരാന്ത (The Verandah restaurant) യിൽ ഒരു കാപ്പിയോ ബിയറോ നുണഞ്ഞിരിക്കാം.
എന്തായാലും ഞങ്ങളാദ്യം കടലിനോട് ചേർന്ന നടപ്പാതയിൽ ഒരു അലസഗമനം ചെയ്യാൻ തീരുമാനിച്ചു. ചെറുതായി വീശിയടിക്കുന്ന കടൽക്കാറ്റ് കൊണ്ട് കുറെയേറെ മനുഷ്യർ പുൽത്തകിടിയിൽ നിരന്നിരിക്കുന്നു. ഹൃദ്യമായ അസ്തമയക്കാഴ്ച ഞങ്ങളെത്തിയപോഴേക്ക് കഴിഞ്ഞു പോയിരുന്നു.
സന്ധ്യയ്ക്ക് അവിടവിടെ തെളിഞ്ഞ നിയോൺ വിളക്കുകളുടെ പ്രഭാവലയത്തിൽ പുൽത്തകിടിയിൽ ഓടി നടക്കുന്ന കുട്ടികൾ, ചുമ്മാ സൊറ പറഞ്ഞിരിക്കുന്ന ദമ്പതികൾ, അരമതിലിരിരുന്നു കൊണ്ട് എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന കമിതാക്കൾ എന്നിങ്ങനെ നഗരത്തിന്റെ ഒരു പരിച്ഛേദമാണ് അവിടെക്കണ്ടത്. കാൽ നൂറ്റാണ്ട് ആഭ്യന്തര യുദ്ധം തകർത്ത, എപ്പോഴും ഏത് നിമിഷവും ഒരു ചാവേർ പൊട്ടിത്തെറിക്കാവുന്ന ഒരിടത്ത് ജീവിതം പുഷ്പിച്ച് നിൽക്കുന്ന കാഴ്ച ആഹ്ളാദകരമായിരുന്നു. എല്ലാം മറന്ന് ഞങ്ങളും അതിന്റെ ഭാഗമായിരിക്കുന്നു. "ഇപ്പോൾ ഈ നിമിഷത്തിൽ ജീവിക്കുന്ന " ഒരു ജനതയെയാണ് അവിടെ ഞാൻ കണ്ടത്. നാളെയെക്കുറിച്ച് ഒരാശങ്കയും അവർക്കുള്ളതായി തോന്നിയില്ല.
ഞങ്ങളുടെ വലത് വശത്ത് ഹോട്ടൽ താജ് സമുദ്ര ഗാംഭീര്യത്തോടെ ഉയർന്നു നിൽക്കുന്നു. അതിന് മുന്നിലെ ഗേറ്റിനരികിൽ ബജാജ് ഓട്ടോറിക്ഷകൾ നിരന്ന് കിടക്കുന്നു. കഴിഞ്ഞ തവണ അവിടെ താമസിച്ചപ്പോൾ ദിവസവും കണ്ടിരുന്ന ഗാൾ ഫേസ് ഗ്രീൻ കാഴ്ചകളും സൂര്യോദയവും മറക്കാൻ പറ്റില്ല.
റോഡരികിൽ ഉയർന്നു നിൽക്കുന്ന ആധുനിക കെട്ടിടങ്ങളും റോഡിലൂടെ പോകുന്ന ആഡംബരക്കാറുകളുടെ നിരയും ഒരു വികസിത രാജ്യത്തെ ഓർമ്മിപ്പിച്ചു.
അൻപത് വർഷങ്ങൾക്ക് മുമ്പ് സിംങ്കപ്പൂരിൽ നിന്ന് ലീ ക്വാൻ യു മാതൃകയായിക്കണ്ട കൊളംബോയല്ല ഇതെങ്കിലും നഗരത്തിന്റെ പ്രതാപം ഇപ്പോഴും ഒട്ടും മോശമല്ല.
ഭാരതത്തിലെവിടെയും ഇത്രയും ആസൂത്രിതവും ആകർഷകവും വൃത്തിയുള്ളതുമായ ഒരു നഗര ഭാഗം ഞാൻ കണ്ടിട്ടില്ല...
തുടരും...