ലീ ക്വാൻ യൂ 'കണ്ടു പഠിച്ച' നാട്ടിലേക്ക് ഒരു ഓഫ് ലോഡഡ് യാത്ര

ഇസ്താംബുളിലെ യാത്രാ അനുഭവങ്ങൾക്ക് ശേഷം മറ്റൊരു രാജ്യത്തെ വിശേഷങ്ങളുമായി അഭയ് കുമാർ

Update: 2021-04-28 03:15 GMT

വർഷം 2004.സുനാമി ആഞ്ഞടിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു പ്രഭാതം.

തിരുവനന്തപുരം വിമാനത്താവളത്തിലെ ശ്രീലങ്കൻ എയർലൈൻസിന്റെ കൗണ്ടറിന്റെ മുന്നിൽ നിന്ന് ഞങ്ങൾ,ഞാനും മിസ്റ്റർ ജെ യും കേന്ദ്രീകൃത എയർ കണ്ടീഷന്റെ തണുപ്പിലും അവർ പറഞ്ഞത് കേട്ട് വിയർത്തു.
ഞങ്ങൾക്ക് അന്ന് രാവിലെ തന്നെ കൊളംബോയിൽ എത്തി ഒരു നിർമ്മാണ വസ്തു പ്രദർശനത്തിൽ ബൂത്ത് തയാറാക്കേണ്ടതാണ്. ഒരു ഷെൽ അഥവാ പുറന്തോട് മാത്രമേ അവർ തരുകയുള്ളൂ. ഇവിടെ നിന്നയച്ച ഞങ്ങളുടെ കണ്ടയിനർ ക്ലിയർ ചെയ്ത് അതിലുള്ള ഉൽപന്നങ്ങൾ പ്രദർശന രൂപത്തിലാക്കണം. അതിന് ഒരു ദിവസത്തെ കഠിനാധ്വാനം വേണം. അവിടെ നിന്നും ആരെയെങ്കിലും സഹായത്തിനെടുക്കണം. പിറ്റേന്ന് രാവിലെ പ്രദർശനം തുടങ്ങണം. എന്നാൽ കൗണ്ടറിലെ സ്ത്രീ പറയുന്നു ഞങ്ങൾക്ക് ഇന്ന് കൊളംബോയ്ക്ക് പോകാൻ പറ്റില്ലയെന്ന്. ഞങ്ങൾ ഓഫ് ലോഡഡ് ആയത്രേ ! ആയമ്മ പറഞ്ഞത് മനസിലായില്ലെന്ന് കേട്ടപ്പോൾ അവർ വിശദീകരിച്ച് തന്നതിങ്ങനെ. വിമാനകമ്പനികൾ സാധാരണയായി ( അന്നൊക്കെ ) ഉള്ള സീറ്റിനേക്കാളും ഇരുപത് ശതമാനം കൂടുതൽ ബുക്കിംഗ് എടുക്കും. കുറച്ചു പേർ കാൻസൽ ചെയ്താലും 'വണ്ടി'നിറയെ ആളുണ്ടാകണം. അപൂർവ്വമായി ചിലപ്പോൾ കണക്ക് കൂട്ടൽ തെറ്റും. ടിക്കറ്റ് ബുക്ക് ചെയ്തവരൊക്കെ വരും. അന്ന് അങ്ങനെ പറ്റിയ ഒരു ദിവസമായിരുന്നു. ഞാൻ രോഷാകുലനായി അവരോട് ഞങ്ങളുടെ പ്രശ്നം പറഞ്ഞു. സമയനഷ്ടം, ധനനഷ്ടം, മാനഹാനി ഒക്കെ വരും. ഞങ്ങളുടെ പ്രദർശനസ്റ്റാളിന്റെ വാടക തന്നെ വളരെ വലുതാണ്. കൊളംബോയിലെ ആർക്കിട്ടെക്റ്റുകളെ സ്റ്റാൾ നമ്പർ കൊടുത്ത് ക്ഷണിച്ചു കഴിഞ്ഞു. ഇന്ന് പോയില്ലെങ്കിൽ ആദ്യ ദിനം നഷ്ടപ്പെടും. ഞങ്ങൾ രണ്ട് പേരും കൂടാതെ ജെ യുടെ ബന്ധുക്കളായ യുവ ആർകിടെക്ട് ദമ്പതികൾ, ഞങ്ങളുടെ ആശയമനുസരിച്ച് സ്റ്റാൾ സംവിധാനം ചെയ്യാൻ ഒരു മരാശാരി അഥവാ കാർപ്പെന്റർ. ഇത്രയും പേരാണ് സംഘത്തിൽ. അവരുടെയൊക്കെ പ്ലെയിൻ മടക്കയാത്രയടക്കമുള്ള ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, പ്രദർശന സാമഗ്രികൾ അടങ്ങിയ കണ്ടയിനർ അയച്ച് കഴിഞ്ഞ വാടക അങ്ങനെ പോകും ചെലവുകൾ....


ഇന്നവിടെയെത്തി പണിയെല്ലാം തീർത്ത് നാല് ദിവസത്തെ പ്രദർശനം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം അവിടെയൊക്കെ കറങ്ങണം. ഉൽപ്പന്നത്തിന് വിതരണക്കാരെ തേടണം. പ്രധാന സ്ഥലങ്ങൾ കാണണം എന്നൊക്കെയാണ് എന്റെയും ജെ യുടെയും പ്ലാൻ. എല്ലാം പൊളിയുന്ന ലക്ഷണമാണ് കാണുന്നത്. കൗണ്ടറിന് മുമ്പിൽ ഞങ്ങളെപ്പോലെ ഓഫ് ലോഡഡ് ആത്മാക്കൾ വേറെയും രണ്ട് മൂന്ന് പേരുണ്ട്. അവരും ഉച്ചത്തിൽ തർക്കിക്കുന്നുണ്ട്. എന്തായാലും തർക്കത്തിനൊടുവിൽ ഞങ്ങൾക്ക് പിറ്റേ ദിവസമേ പോകാൻ പറ്റൂ എന്ന് മനസ്സിലായി. വിലപ്പെട്ട ഒരു ദിവസം നഷ്ടപ്പെടുന്ന സങ്കടമുണ്ട്.
എയർലൈൻ ഞങ്ങൾക്ക് ഒരു ദിവസം ഹൊറൈസൺ ഹോട്ടലിൽ (അന്നത് ഉയർന്ന നിലവാരമുള്ള ഒന്നായിരുന്നു) താമസവും നഷ്ടപരിഹാരമായി ഒരു തവണ ശ്രീലങ്കയിൽ പോയി വരാൻ സൗജന്യമായി മടക്ക ടിക്കറ്റും തരും. അതിനായി ഞങ്ങളുടെ കാല് പിടിക്കാനും അവർ തയ്യാർ! ഒടുവിൽ നിവൃത്തിയില്ലാതെ സമ്മതിച്ചു ഞങ്ങൾ നഗരത്തിലെ ഹോട്ടലിലേക്ക് തിരിച്ചു. എന്റെ പക്കൽ വായിക്കാൻ പുസ്തകങ്ങളുള്ളത് നന്നായി. ശ്രീലങ്കനായ അശോക് ഫെറെയുടെ "സെറന്റിപ്പിറ്റി" അഥവാ ഭാഗ്യതിരേകം വർണ്ണാഭവും ത്രസിപ്പിക്കുന്നതുമായ ഒരു നോവലാണ്. വർഷങ്ങളുടെ പ്രവാസത്തിനു ശേഷം ലങ്കയിലേക്ക് തിരിച്ചു വരുന്ന ആളുകളുടെ കഥ മനോഹരമായി അവതരിപ്പിക്കുന്നു അശോക്. അത് കുറേ വായിച്ചു,ഫോണിൽ ശേഖരിച്ചിരുന്ന പാട്ടുകൾ ഇയർ ഫോൺ വെച്ച് കേട്ടു, വൈകുന്നേരം ശംഖുമുഖത്ത് ഏറെ ദൂരം നടന്നു.... സന്ധ്യക്ക് തിരികെ ഹോട്ടലിലെത്തി ഒരു തണുത്ത ബിയർ കഴിക്കാൻ ജെ യുമൊത്ത് അവിടുത്തെ മധുശാലയിൽ കയറിയപ്പോൾ അവിടെ ഉണ്ണികൃഷ്ണൻ ഇരിക്കുന്നു. പ്രശസ്ത നാടകകൃത്തും ചിന്തകനുമായ സി എന്നിന്റെ മകൻ. ഒരു കൂട്ടുകാരനുമുണ്ട് കൂടെ. ജെ യെ കണ്ട് ഉണ്ണി കുശലം പറഞ്ഞു. അവർ മാർ ഇവാനിയോസിൽ ഒരുമിച്ചുണ്ടായിരുന്നുവെന്ന് തോന്നുന്നു. ഉണ്ണി ഒരു സംഭാഷണ ചതുരനാണ്. ബിയറിന്റെ കൂടെ കൊറിക്കാൻ സിനിമയും കലയും സാഹിത്യവുമൊക്കെ കൂട്ട് വന്നു. ആ ഇരിപ്പ് കുറേ നീണ്ടുപോയി. ഭക്ഷണം കഴിച്ച ശേഷം അൽപനേരം കയ്യിലുള്ള പുസ്തകം വായിച്ച് ഉറങ്ങാൻ കിടന്നു. രാവിലെ എയർപോർട്ടിൽ പോകണമല്ലോ. എയർലൈൻ വക കാർ ഹോട്ടലിൽ പറഞ്ഞ് വെച്ചിട്ടുണ്ട്. അവർക്ക് ഓഫ് ലോഡിംഗ് സ്ഥിരം പരിപാടിയാണെന്ന് തോന്നി. ഏതായാലും രാവിലെ എല്ലാവരും ചേർന്ന് വീണ്ടും വിമാനത്താവളത്തിലെത്തി. കൗണ്ടറിൽ തലേ ദിവസം കണ്ട സ്ത്രീ ഞങ്ങളെ ഉപചാരപൂർവ്വം സ്വീകരിച്ചു. ഇന്നലെ ഞങ്ങളെ ഓഫ് ലോഡ് ചെയ്ത ഓർമ്മയൊന്നുമില്ലാത്ത പോലെ. എന്നാൽ ഞങ്ങൾക്ക് ഇന്നലെ ഓഫർ ചെയ്ത ആറുമാസം കാലാവധിയുള്ള സൗജന്യ ടിക്കറ്റും ബോർഡിംഗ് പാസും പുഞ്ചിരിയോടെ തന്നു. അലോസരപ്പെടുത്തുന്ന തരത്തിലുള്ള സുരക്ഷാ പരിശോധനകൾ പലതവണ കഴിഞ്ഞ് ഒടുവിൽ വിമാനത്തിൽ കയറി. തമിഴ് പുലികൾ ഏതെങ്കിലും രീതിയിൽ അപായമുണ്ടാക്കുമോയെന്ന ഭയം എല്ലാവരിലും കണ്ടു.



വിമാനത്തിലെ എയർ ഹോസ്റ്റസ്, ചന്ദ്രിക കുമര തുംഗയെ ഓർമ്മിപ്പിക്കുന്ന ഒരു ആജാനുബാഹുവായ യുവതി വാതിൽക്കൽ പരമ്പരാഗത വേഷത്തിൽ നിറഞ്ഞുനിന്നു. ഒരു പുഞ്ചിരിയോടെ ഞങ്ങളെ ആയു ബൊവൻ( നമസ്കാരത്തിന് തുല്യം) പറഞ്ഞ് സ്വാഗതം ചെയ്ത് സീറ്റിൽ കൊണ്ട് പോയിരുത്തി. വിമാനമുയർന്ന് പൊങ്ങി പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ കാപ്പിയും പഫും ബിസ്കറ്റും കിട്ടി. ഒരു മണിക്കൂറിൽ താഴെ മതി നിലം തൊടാൻ എന്നതിനാൽ ലഘുഭക്ഷണമേ കിട്ടുകയുള്ളൂ. അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീലങ്കയെക്കുറിച്ചറിഞ്ഞ കുറച്ച് കാര്യങ്ങൾ ഓർമ്മ വന്നു. ഇന്ത്യ സ്വതന്ത്രമായി ആറു മാസം കഴിഞ്ഞാണ് ലങ്ക റിപ്പബ്ളിക്കായത്. നമ്മുടെതിന് സമാനമായി പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ഭരണകൂടങ്ങൾ നാലര നൂറ്റാണ്ട് കോളനിയാക്കി വെച്ച രാജ്യം സിലോൺ എന്നറിയപ്പെട്ടിരുന്നു. ഒരു ദ്വീപു രാജ്യമായ ലങ്കയ്ക്ക് മൂവായിരം കൊല്ലത്തെ എഴുതപ്പെട്ട ചരിത്രമുണ്ട്. സമ്പന്നമായ സംസ്കാരിക ചരിത്രമുള്ള ലങ്ക വാണിജ്യപരമായും ഏറെ മുന്നിൽ നിന്നു. ചൈന മുതൽ യൂറോപ്പ് വരെ നീളുന്ന സിൽക് റൂട്ടിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു കൊളംബോ തുറമുഖം. 'സെറന്റിബ് ' എന്ന് അറബികളും പേർഷ്യക്കാരും വിളിച്ചിരുന്ന രാജ്യമായിരുന്നു പുരാതന കാലത്തെ ലങ്ക.
തൊള്ളായിരത്തി അറുപതിൽ സിംഗപ്പൂരിലെ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ലീ ക്വാൻ യൂ തന്റെ വികസന മാതൃകയായി മുന്നിൽക്കണ്ടത് സാമ്പത്തികമായും സംസ്കാരികമായും ആധുനികമായും മുൻ നിരയിൽ നിന്നിരുന്ന കൊളംബൊയെയായിരുന്നുവെന്നത് ഇപ്പോൾ വിശ്വസിക്കാൻ പ്രയാസമാണ്. പിൽക്കാലത്ത് സിംഗപ്പൂർ ഏഷ്യയിലെ തന്നെ സമ്പന്ന ആധുനിക രാജ്യമായി മാറി എന്നത് മറ്റൊരു കാര്യം. അതേസമയം കാൽ നൂറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധം ലങ്കയെ തകർത്തു തരിപ്പണമാക്കിക്കളഞ്ഞു. എന്നിരുന്നാലും ലങ്ക തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളോഹരി വരുമാനമുള്ള രാജ്യമാണ്. ലോകത്തിലെ തന്നെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന ബഹുമതി ലങ്കയിലെ സിരിമാവോ ബണ്ഡാരനായകെക്ക് ആയിരുന്നു.



ഇത്രയുമൊക്കെക്കാര്യങ്ങൾ ഓർത്തപ്പോഴേക്കും സീറ്റ് ബെൽട്ട് മുറുക്കാൻ പൈല റ്റിന്റെ കൽപ്പന വന്നു. താണ് പറന്ന വിമാനത്തിൽ നിന്ന് നോക്കുമ്പോൾ താഴെ വിരലിലെണ്ണാവുന്ന അംബരചുംബികൾ മാത്രമുള്ള ദ്വീപ് കണ്ടു. ചുറ്റിലും അലയടിക്കുന്ന കടൽ. വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങൾ തലയുയർത്തി നിന്നു. നേരത്തെ രണ്ട് തവണ വന്നിട്ടുള്ളതു കൊണ്ട് പരിചയമുള്ള കാഴ്ചയാണ്. രണ്ടായിരാമാണ്ടിൽ ആദ്യസന്ദർശനത്തിൽ ത്തന്നെ തുടങ്ങിയ ഇഷ്ടമാണ് എനിക്ക് കൊളംബോയോട് എന്ന് പറയാം. അത്തവണ പതിവ് പോലെ നടക്കാൻ പോയ ഒരു രാത്രിയിൽ പ്രസിഡണ്ടിന്റെ കൊട്ടാരത്തിന് മുന്നിൽ വെച്ച് പട്ടാളക്കാർ തെറ്റിദ്ധരിച്ച് വെടിവെച്ച് വീഴ്ത്താത്തത് കൊണ്ട് മാത്രം ഒരിക്കൽ കൂടി ഇവിടെ വരാൻ പറ്റിയെന്ന് ഞാൻ ഓർത്തു. അന്ന് മോട്‌വാനി ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് കൊളംബോയിലിറങ്ങിയതെങ്കിൽ ഇത്തവണ മിസ്റ്റർ ജെ യുടെ കമ്പനിയുടെ മുഴുവൻ സമയ കൺസൾട്ടന്റ് എന്ന നിലയിലാണ് വന്നത്.



എന്റെ ഓർമ്മകൾ മുറിച്ചു കൊണ്ട് സീറ്റ് നേരെയാക്കാനും ബെൽട്ട് മുറുക്കാനുമുള്ള അഭ്യർത്ഥന വിമാനത്തിൽ വീണ്ടും ഉയർന്നു കേട്ടു. അൽപ സമയത്തിനുള്ളിൽ തെളിഞ്ഞ കാലാവസ്ഥയിൽ വിമാനം നിഗംബോ എയർ പോർട്ടിലിറങ്ങി. ഹോട്ടൽ ട്രാൻസ് ഏഷ്യയുടെ പ്രതിനിധി എന്റെ പേരെഴുതിയ ബോർഡുമായി ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു. ഞങ്ങളോട് കാത്ത് നിൽക്കാൻ പറഞ്ഞ് അയാൾ വണ്ടിയെടുത്ത് വരാൻ പാർക്കിങ്ങിലേക്ക് പോയി.

തുടരും...


Tags:    

Similar News