വൈന്‍ നുരയും ഫ്രാന്‍സിലെ വിരുന്ന് വിശേഷങ്ങള്‍

Update:2020-08-26 09:53 IST

ഈ സീന്‍ നദിയിലാണ് വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളിലെ  ജീന്‍ വാല്‍ ജീനിന്റെ പ്രതിയോഗി ഇന്‍സ്‌പെക്ടര്‍ ജാവര്‍ വീണ് മരിക്കുന്നത്.
777 കിലോമീറ്റര്‍ നീളമുള്ള നദിക്ക് വാണിജ്യപരമായി  ഏറെ പ്രാധാന്യമുണ്ട്. ഈ നദീ തീരത്താണ് നോത്രദാം പള്ളിയും ലൂവ്‌റും ഈഫല്‍ ടവറുമൊക്കെ തലയുയര്‍ത്തി നില്‍ക്കുന്നത്. മുപ്പത്തിയേഴ് പാലങ്ങള്‍ നദിക്ക് കുറുകെ പാരിസിനുള്ളില്‍ ത്തന്നെയുണ്ട്. നഗരപരിധി കഴിഞ്ഞ് പാലങ്ങള്‍ ഒട്ടേറെയുണ്ട്.

ഞങ്ങള്‍ ചെറു കപ്പലില്‍ ചെന്നുകയറിയത് വിശാലമായ ഒരു ഡെക്ക് ലോബിയിലാണ്. അവിടെ ധാരാളം സുന്ദരികളും സുന്ദരന്‍മാരും നിറഞ്ഞു നില്‍ക്കുന്നു. ഒരു പാരിസ് ഫാഷന്‍ ഷോ നടക്കുന്നതു പോലെ തോന്നി. ചാനല്‍ ഫൈവിന്റെയും ഹ്യൂഗോ ബോസിന്റെയും സുഗന്ധമുള്ള കാറ്റ് ഞങ്ങളെ തഴുകി. കമ്പനിയില്‍ ജോലി ചെയ്യുന്നവരും ക്ഷണിക്കപ്പെട്ട അതിഥികളും ഉണ്ടാകാം. സ്ത്രീ പുരുഷ ഭേദമെന്യേ ഏവരും വൈന്‍  ഗ്ലാസുകളുമായി നിന്ന് സംസാരിക്കുകയാണ്. പശ്ചാത്തലത്തില്‍ നനുത്ത സംഗീതം.

ചെന്ന പാടെ  ഏഷ്യാ പസിഫിക് ഡയറക്ടര്‍  ഇന്ത്യക്കാരന്‍ നിധിന്‍ എന്നെ ചെയര്‍മാന് പരിചയപ്പെടുത്തിയത് ഇന്ത്യയില്‍ നിന്ന് വന്ന രാജകുമാരന്‍ എന്നാണ്.  ഞാന്‍ അയാളുടെ വിശദീകരണം കേട്ട് ഞെട്ടി. എന്റെ പേരിന്റെ കൂടെയുള്ള കുമാര്‍ ആണ്  അയാള്‍ Prince ന്റെ പര്യായമാക്കിയത്. ഞാനും വിട്ടുകൊടുത്തില്ല. രാജ്യമൊക്കെ ജനങ്ങള്‍ക്ക്  കൊടുത്തിട്ട് കൊട്ടാരം ഇപ്പോള്‍ ഒരു അപ്പാര്‍ട്ട്‌മെന്റാക്കി അതിലാണ്  താമസം എന്ന് പറഞ്ഞു.
അതു കേട്ടതും ചെയര്‍മാന്‍ പൊട്ടിച്ചിരിച്ചു.
അദ്ദേഹം  ഒരു വിധം ഇംഗ്ലീഷ് പറയുന്നുണ്ട്. സാധാരണ അത് പതിവില്ലാത്തതാണ്.
ഫ്രഞ്ചുകാരുടെ  അഭിമാനം അവരുടെ ദേശവും ഭാഷയും ഭക്ഷണവും സംസ്‌കാരവുമാണ്. അവരതില്‍ ഊറ്റം കൊള്ളും. ഇന്ത്യാക്കാര്‍ പൊതുവെ  ആഗ്രഹിക്കുന്നതു  പോലെ ഇംഗ്ലീഷ് നന്നായി പറയുക എന്നത് അവരുടെ മനസ്സിലെങ്ങുമില്ല. കഴിയുന്നതും ഫ്രഞ്ച് സംസാരിക്കും. ഫ്രഞ്ച്  ഭക്ഷണം തന്നെ കഴിക്കും. ഫ്രഞ്ച് പുസ്തകം വായിക്കും.ഭോജന ശാലകളില്‍ മെനു വരെ ഫ്രഞ്ച് ആണ്!
അതു കൊണ്ടാണ് ചെയര്‍മാന്‍ ഇംഗ്ലീഷ് പറഞ്ഞപ്പോള്‍  ഞാന്‍ അത്ഭുതപ്പെട്ടത്. ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും സ്ഥലം വളരെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു. ഇന്ത്യ അങ്ങനെ എളുപ്പം കണ്ടു തീര്‍ക്കാവുന്ന ഒന്നല്ലല്ലോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
താജ് മഹല്‍ അടങ്ങിയ സുവര്‍ണ്ണ ത്രികോണം മാത്രം കണ്ടാണ് അദ്ദേഹം ഭാരതം കണ്ടെന്ന്  പറഞ്ഞത്.
അതാണോ ഭാരതം?
കേരളത്തിലേക്ക് ഞാന്‍ ക്ഷണിച്ചു.
വരാമെന്നുമേറ്റു. വന്നുവോ എന്നറിയില്ല.

ഞങ്ങളും ഓരോ വൈന്‍ ഗ്ലാസ് വീതം എടുത്തു. എത്രയോ ജനുസ് വൈനുകള്‍ ഒഴുകുകയാണ്.  വര്‍ണ്ണം ചുവപ്പും വെള്ളയും, പക്ഷെ വിവിധ തരം മുന്തിരികളില്‍ നിന്നുള്ള, ഫ്രാന്‍സിലെ പല പ്രവിശ്യകളില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍.
എഴുന്നൂറ് കോടിയില്‍ പരം കുപ്പികളാണ് ഫ്രഞ്ചുകാര്‍ വര്‍ഷത്തില്‍ കുടിച്ച് വറ്റിക്കുന്നത്. ഏകദേശം നൂറ്  ലിറ്റര്‍ ഒരാള്‍ വര്‍ഷത്തില്‍ കുടിക്കും. അവര്‍ക്കത് ഭക്ഷണത്തിന്റെ ഭാഗമാണ്.
അതൊരു പാപമായി ആരും വിമര്‍ശിക്കാറുമില്ല. നമ്മുടെ നാട്ടിലേ പോലെ വന്‍ കുടിയന്‍മാര്‍ വളരെക്കുറവ്.
വീര്യം കൂടിയവ  പാര്‍ട്ടികളില്‍ വിളമ്പുക അപൂര്‍വ്വമാണ്.
കോക് ടെയില്‍ സ്‌നാക്‌സ് ഒന്നും ആരും കഴിക്കുന്നത് കണ്ടില്ല. സെര്‍വ് ചെയ്യുന്നില്ല എന്നതായിരിക്കും കാരണം. വൈനിന്റെ അല്ലെങ്കില്‍ ഷാമ്പെയ്‌ന്റെ കൂടെ എന്തിന്  കൊറിക്കണം?
ഇതിനിടെ ഡെക്കില്‍ നിരത്തിയിട്ട വട്ടമേശകളില്‍ അഞ്ച് കോഴ്‌സ് ഡിന്നര്‍ വിളമ്പാന്‍ തുടങ്ങി.
ആദ്യം  വന്നത് ചാര്‍ക്യൂട്ടെറീ താലമാണ്. ചുവന്നതും കറുത്തതും  ആയ ബെറികള്‍, ഉണങ്ങിയ ആപ്രിക്കോട്ട്, പച്ച ഇലകള്‍, ഒലിവുകള്‍ പിന്നെ അച്ചാര്‍ പോലെയുള്ളവ. നിറങ്ങളുടെ ഒരു നൃത്തം തന്നെ.  പുറകെ ബ്രിയോഷെ, ചിക്കന്‍ ലിവര്‍ പേറ്റ്, സ്റ്റീക്ക് വിത്ത് ബോയില്‍ഡ് വെജിറ്റബിള്‍സ്, ചീസ് സാലഡ്, അവസാനം ചോക്കലേറ്റ് ടാര്‍ട്ടിന്റെ കൂടെ ബെറിയും.
കുറേ ഫ്രഞ്ച് റൊട്ടി ഒരു പാത്രത്തില്‍ അടുത്ത് വച്ചിട്ടുണ്ട്.
കോഴിച്ചാറൊന്നുമില്ലാതെ നമ്മളെങ്ങനെ കഴിക്കാന്‍?

വാഴക്കുന്നത്തിനെ ഓര്‍ത്തുപോയി

ചുവന്നും വെളുത്തും വൈന്‍ വെള്ളം പോലെ ഒഴുകിക്കൊണ്ടേയിരുന്നു.
ഞങ്ങളുടെ കൂട്ടത്തില്‍ കട്ട വെജിറ്റേറിയന്‍ ആയ  ശേഖര്‍ വെജ് ഭക്ഷണം കിട്ടുമോയെന്ന് ചോദിച്ചപ്പോള്‍ കുറെ സാലഡും ഇലകളും സാല്‍മണ്‍ മത്സ്യവുമാണ് കൊടുത്തത്.അതു കണ്ടു ഞെട്ടിയ അവനോട് വിളമ്പുകാരന്‍ ബട്‌ളര്‍ ഇംഗ്ലീഷില്‍ മൊഴിഞ്ഞത്  ഇറച്ചി അല്ലാത്തതെല്ലാം അവിടെ വെജ് വിഭാഗത്തിലാണ് പെടുകയെന്നാണ്!
ഒടുവില്‍ ശേഖറിന്റെ ഡിന്നര്‍ ഏതാനും പിടി ഇലകളിലും ബെറികളിലും അവസാനിച്ചു. അതിന്റെ കേട് തീര്‍ക്കാനയാള്‍ രണ്ടു കുപ്പിയെങ്കിലും വൈന്‍ കുടിച്ചു വറ്റിച്ചു.
ഞാന്‍ സ്റ്റീക്ക് കട്ട് ചെയ്തപ്പോള്‍ അത് പകുതി വേവ് ഉള്ളു എന്ന് മനസിലായി മാറ്റി വെച്ചു. Rare steak എന്ന് പറയുന്ന, പുറം മാത്രം വെന്തത്, അകം പിങ്ക് ആയിരുന്നു അത്. അവരുടെ ഡിന്നര്‍ കഴിഞ്ഞപ്പോഴും പകുതി വയറൊഴിഞ്ഞുകിടന്നു.
അതാണ് ഫ്രഞ്ച് ഡിന്നറിന്റെ സവിശേഷത!

അപ്പോഴാണ് മേശകള്‍ക്കടുത്ത് ഓരോരോ ആളുകള്‍ ചിരിച്ചു കൊണ്ടുവന്നു നിന്നത്.
പ്രശാന്ത് പറഞ്ഞു ഇവര്‍ തെരുവ് മാന്ത്രികര്‍, അതിഥികളെ രസിപ്പിക്കാന്‍ വന്നവര്‍.  ഒരു സ്‌റ്റേജിന്റെ സുരക്ഷയുമില്ലാതെ നമ്മുടെ അടുത്ത് നിന്ന് ക്ലോസ് അപ് മാജിക് കാണിക്കുന്നവര്‍. ഞങ്ങള്‍ അവരുടെ കാര്‍ഡ്, കൊയിന്‍, കറന്‍സി മാജിക്ക് കണ്ട് നടുങ്ങിപ്പോയി.
അസാധ്യ വേഗതയും കയ്യടക്കവും കണ്ടു. നമ്മളെക്കൊണ്ട്  തന്നെ കീറിച്ച കറന്‍സി നോട്ട്  നിമിഷ നേരം കൊണ്ട് ഒരുമിപ്പിക്കും. കാണാതായ കോയിന്‍ നമ്മുടെ പോക്കറ്റില്‍ നിന്നെടുക്കും. നമ്മളുടെ പേരെഴുതി നമ്മുടെ  കൈപ്പത്തിക്കടിയില്‍ വെച്ച ചീട്ട് രണ്ടു ടേബിള്‍ അപ്പുറമിരിക്കുന്ന ആളുടെ കോട്ടിന്റെ പോക്കറ്റില്‍ നിന്നെടുത്ത് തരും. കണ്ണിമയ്ക്കാതെ നോക്കിയിരുന്നിട്ടും രഹസ്യം കണ്ടു പിടിക്കാന്‍ പറ്റിയില്ല.
ഒരു മജീഷ്യന്‍  എന്റെ നിറഞ്ഞ വൈന്‍ ഗ്ലാസ് അപ്രത്യക്ഷമാക്കിക്കളഞ്ഞു. അതൊട്ട് തിരിച്ചു തന്നുമില്ല. എന്തു പറയാന്‍?

റിക്കി ജേ, ലീ ആഷര്‍, ദെ വെര്‍നന്‍ തുടങ്ങിയ ടേബിള്‍ മാന്ത്രികരുടെ പിന്‍മുറക്കാര്‍ അതി ഗംഭീര പ്രകടനം നടത്തി എല്ലാവരെയും വിസ്മയിപ്പിച്ചു. നമ്മുടെ പി.സി.സര്‍ക്കാറിന്റെയോ ഗോപിനാഥ്  മുതുകാടിന്റെയോ നാടകീയതയോ വേഷഭൂഷാദികളോ ഇല്ലാതെ എന്നാല്‍ വാഴക്കുന്നത്തിന്റെ ചെപ്പും പന്തും ഓര്‍മ്മിപ്പിക്കുന്ന പ്രകടനം. ലളിതം എന്നാല്‍ ഗംഭീരം.

ഡെക്കില്‍ നിന്ന് കണ്ട ഇരുണ്ട ആകാശവും നദിയുടെ  തീരത്ത്  ജ്വലിച്ച്  നില്‍ക്കുന്ന ലൂവ്‌റും നോത്രദാം പള്ളിയിലെ വിളക്കുകളും പ്രകാശത്തില്‍  കുളിച്ച്  തലയെടുപ്പോടെ നില്‍ക്കുന്ന ഈഫല്‍ ടവറും, വിസ്മയം പോലെ മ്യൂസിയം ഡി ഓര്‍സേയും നദിയിലെ ഇളം കാറ്റും രാവിന്റെ ലഹരി കൂട്ടി.

പാരിസ് ട്രിപ്പിലെ മറക്കാനാകാത്ത ഭാഗം ഈ  ക്രൂയിസ് തന്നെ എന്ന് തോന്നി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News