എം.പി. വീരേന്ദ്രകുമാറും കാനഡയിലെ സെനറ്റര്‍ ഷെഫ് പൊറ്റെക്കാട്ടും നടന്‍ ശ്രീനിവാസനും തമ്മിലെന്ത്?

അതിപ്രശസ്തരുടെ അധികമാരും അറിയാത്ത വേറിട്ട മുഖങ്ങള്‍ അഭയ്കുമാര്‍ വാക്കുകളിലൂടെ വിവരിക്കുന്നു

Update:2020-10-28 08:00 IST

മാതൃഭൂമി പത്ര സാരഥിയും രാഷ്ട്രീയ നേതാവും എംപിയും യാത്രികനുമായിരുന്ന എം.പി.വീരേന്ദ്ര കുമാറിന്റെ ചരമ വാര്‍ത്ത കേട്ടപ്പോള്‍ കാനഡയില്‍ മൂന്ന് പതിറ്റാണ്ട് ജീവിച്ച് മരിച്ചു പോയ പി. പൊറ്റെക്കാട്ട് എന്ന പുഷ്പന്‍ ചേട്ടനെപ്പറ്റി ഞാന്‍  ഓര്‍ത്തു.

2003 ല്‍ കാനഡയില്‍ വെച്ച് ചേട്ടന്‍ അകാലത്തില്‍ ദിവംഗതനായ ആഴ്ച മാതൃഭൂമി ഞായറാഴ്ചപ്പതിപ്പില്‍ ഒരു മുഴുവന്‍ പേജില്‍ വീരേന്ദ്രകുമാര്‍, ചേട്ടനും കുടുംബത്തോടുമൊപ്പം ഒണ്ടേറിയോയിലെ Renfrew valley യിലെ  വീട്ടില്‍ താമസിച്ച് ചെലവിട്ട ദിവസങ്ങളെക്കുറിച്ച് ദീര്‍ഘമായി അനുസ്മരിച്ചിരുന്നു.  ചേട്ടന്റെ മരണത്തില്‍ ആത്മാര്‍ത്ഥ ദു:ഖം പ്രകടിപ്പിച്ച ലേഖനത്തില്‍ അദ്ദേഹം പൊറ്റക്കാട്ട് കുടുംബവുമായി അവരുടെ കാനഡയിലെ വീട്ടില്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോകളും കൊടുത്തിരുന്നു. സൗഹൃദങ്ങളെ ശരിക്കും വില വെയ്ക്കുന്ന ഒരാള്‍ക്ക് മാത്രം കഴിയുന്ന കാര്യം!

'ഒരിക്കലും മറക്കാനാകാത്ത സ്‌നേഹസമ്പന്നനായ സുഹൃത്ത്' എന്ന്  അദ്ദേഹം ചേട്ടനെ അനുസ്മരണ  ലേഖനത്തില്‍ വിശേഷിപ്പിച്ചു.

കാനഡയില്‍ വെച്ച് കാണുന്നതിനു മുന്‍പ് അവര്‍ തമ്മില്‍ നേരിട്ട്  പരിചയമുണ്ടായിരുന്നില്ല. എം.പി.വി യും ഭാര്യയും കാനഡ സന്ദര്‍ശിക്കുമ്പോള്‍ മറ്റൊരു സുഹൃത്ത് വഴിയാണ് ചേട്ടനെ അറിയുന്നതും പിന്നെയുള്ള ദിവസങ്ങള്‍ ചേട്ടന്റെയും ചേച്ചിയുടെയും ആതിഥ്യം സ്വീകരിച്ചതും സ്‌നേഹ സൗഹൃദം ഉടലെടുത്തതും. അതിനെയെല്ലാം പറ്റി പറഞ്ഞിട്ട് തീരാത്ത പോലെ ദീര്‍ഘമായി അദ്ദേഹം എഴുതിയിരുന്നു.

പുഷ്പന്‍ ചേട്ടന്‍ ജനിച്ച് വളര്‍ന്നത് തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി ഗ്രാമത്തിലാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ പഠിച്ചു.
താജ് ഹോട്ടലിലെ  ഷെഫ് ജോലി വിട്ട്
കാനഡയിലെ  ഒണ്ടേറിയോയില്‍ എഴുപതുകളില്‍ എത്തി സ്വപ്രയത്‌നം കൊണ്ട് കാനഡയില്‍ അറിയപ്പെടുന്ന ഒരു ഹോട്ടല്‍ വ്യവസായി ആയി മാറി. AAA ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും പ്രസിഡന്റും സി.ഇ.ഒ. യും. ആയി. ഇന്ത്യന്‍, ഇറ്റാലിയന്‍ ഭോജന ശാലകളും താമസിക്കാനുള്ള മുറികളും
ഉള്ള  Renfrew Inn പോലെ വിവിധ ഹോട്ടലുകള്‍ നടത്തി. 93 മുതല്‍ പത്തുകൊല്ലം കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന Jean Chretien ഭക്ഷണം കഴിക്കാന്‍ പലപ്പോഴും റെസ്‌റ്റൊറന്റില്‍ വരുമ്പോള്‍ ചേട്ടന്‍ ആതിഥേയനായി നില്‍ക്കും. മന്ത്രിസഭാംഗങ്ങള്‍ പലരും ചേട്ടന്റെ സുഹൃത്തുക്കളും ഇടപാടുകാരും.

പ്രാദേശിക രാഷ്ട്രീയക്കാരുടെ ഒരു സായാഹ്ന താവളമായിരുന്നു അന്നൊക്കെ ചേട്ടന്റെ കഫേകളും റെസ്‌റ്റൊറന്റുകളും.
ഒരു നല്ല സംഘാടകനായിരുന്ന ചേട്ടന്‍ ഒരു ടേമില്‍ ഒണ്ടേറിയോയില്‍ സെനറ്റര്‍ ആയിരുന്നു.  ഏറെക്കാലം  ഒണ്ടേറിയോ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ടായിരുന്നു.  കേരളത്തില്‍ നിന്നു മാത്രമല്ല ഭാരതത്തില്‍ നിന്ന്  കാനഡയില്‍ പോകുന്ന പ്രമുഖരില്‍ പലരും ചേട്ടന്റെ ആതിഥ്യം  സ്വീകരിച്ച് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹോട്ടലുകളില്‍ സന്തോഷമായി താമസിച്ചു. ഇന്ത്യന്‍ അല്ലെങ്കില്‍ ഇറ്റാലിയന്‍ ഭക്ഷണം സ്വന്തം റെസ്‌റ്റൊറന്റുകളില്‍ നിന്ന്. ഇനി കഞ്ഞിയും പയറും പപ്പടവും വേണ്ടവര്‍ക്ക് അതു അടുത്ത് തന്നെയുള്ള വീട്ടില്‍ നിന്ന്  ചേച്ചി ഉണ്ടാക്കി കൊടുക്കും. നല്ല ഭക്ഷണം കൊടുക്കുക എന്നത് ചേട്ടന് ബിസിനസ് മാത്രമായിരുന്നില്ല.

ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ചാലക്കുടിയില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയായിരുന്ന ശ്രീധരന്‍ കൊച്ചച്ഛന്റെ മകള്‍  അനിതച്ചേച്ചിയെ ചേട്ടന്‍ വിവാഹം കഴിച്ചത്.
എല്ലാ ക്രിസ്മസിനും മുടങ്ങാതെ ആശംസാ കാര്‍ഡയയ്ക്കുന്ന, എറണാകുളത്തെ വീട്ടില്‍ എന്നെ കാണാന്‍  വരുമ്പോള്‍ പുസ്തകവും പേനയും സമ്മാനം തരുന്ന ഒരാള്‍. ബില്‍ ഗേറ്റ്‌സിന്റെ business @ speed of the thought, അന്തോണി റോബിന്‍സിന്റെ Awaken the Giant within you തുടങ്ങിയ കൂടുതലും പ്രചോദിപ്പിക്കുന്ന പുസ്തകങ്ങള്‍.

പതിഞ്ഞ സ്‌നേഹത്തോടെയുള്ള സംസാര ശൈലി. ആരെയും സഹായിക്കാന്‍ സന്നദ്ധന്‍. ഞാനെന്ന ഭാവമേ കണ്ടിട്ടില്ല.

എന്നെ കാനഡയിലേക്ക്  സന്ദര്‍ശനത്തിനും  ഇഷ്ടമെങ്കില്‍ സ്ഥിരമായി സെറ്റില്‍ ചെയ്യാനും ക്ഷണിച്ചു. എന്റെതായ കാരണങ്ങളാല്‍ ഞാന്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചെങ്കിലും അദ്ദേഹത്തിന് പരിഭവമുണ്ടായില്ല.

രംഗം രണ്ട്:

രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഞാന്‍ ചെന്നെയില്‍ മോട്വാനി  ഗ്രൂപ്പില്‍ ജിഎം ആയി ജോലി എടുക്കുന്ന കാലം. രാവിലെ മൗണ്ട് റോഡിലെ ഓഫീസില്‍ പോകാന്‍ അണ്ണാ നഗറിലെ  വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ചേട്ടന്‍ കാനഡയില്‍ നിന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചു. ''അനിതയും മക്കളും നാട്ടില്‍ നിന്ന് ചെന്നൈ വഴി കാനഡയിലേക്ക് വരുന്നു. അഭിക്ക് ചെന്നൈ എയര്‍പോര്‍ട്ടില്‍ പോയി അവരെ കാണാമോ? എന്റെ ചെന്നൈയിലുള്ള  കൂട്ടുകാരന്‍ ശ്രീനിയോടും ഭാര്യയോടും  വരാന്‍ പറഞ്ഞിട്ടുണ്ട്.''

ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു.

വൈകുന്നേരം ആറു മണിയോടെ വണ്ടി പാര്‍ക്ക് ചെയ്തു  റോഡ് ക്രോസ് ചെയ്ത് എയര്‍പോര്‍ട്ടിനുള്ളിലേക്ക് നടക്കുമ്പോള്‍ നടന്‍ ശ്രീനിവാസനും ഭാര്യ വിമലടീച്ചറും ഒപ്പം റോഡ്  ക്രോസ് ചെയ്യുന്നു. അപ്പോഴാണ് കൂട്ടുകാരന്റെ പേര് ശ്രീനിയെന്ന് ചേട്ടന്‍ പറഞ്ഞതോര്‍ത്തത്. എങ്കിലും സംശയം. കാരണം മുപ്പതില്‍ കൂടുതല്‍ വര്‍ഷങ്ങളായി കാനഡയിലുള്ള ചേട്ടനെങ്ങനെ ശ്രീനിവാസനെ അടുത്തറിയാന്‍? എന്തായാലും ചോദിക്കാന്‍ തീരുമാനിച്ചു.
''അതെ, ഞങ്ങളും അനിതയെയും മക്കളെയും കാണാന്‍ വന്നതാണ്.'' ശ്രീനിച്ചേട്ടന്‍ പറഞ്ഞു.
നടന്ന് പോകുമ്പോള്‍ കണ്ട നടനും ഗായകനുമായ കൃഷ്ണചന്ദ്രനോട് അവര്‍  സംസാരിച്ചപ്പോള്‍ എന്നെയും പരിചയപ്പെടുത്തി.

വിമാനം വരാന്‍ കാത്തു നില്‍ക്കുമ്പോള്‍ ശ്രീനിച്ചേട്ടന്‍  പറഞ്ഞതിന്റെ രത്‌നചുരുക്കം ഇങ്ങനെ.

സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് കാനഡയിലുള്ള പുഷ്പന്‍ ചേട്ടനെ ഫോണിലൂടെ പരിചയപ്പെടുത്തുന്നത്. ശ്രീനിച്ചേട്ടന്‍
അഭിനയ രംഗത്തു വന്നു തുടങ്ങിയ സമയം. ഈ മുഖമൊക്കെ വെച്ച് എങ്ങനെ സിനിമയില്‍ നിന്ന് പിഴയ്ക്കും എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ലാന്റ് ഫോണിലൂടെ ചേട്ടന്റെ പ്രചോദിപ്പിക്കുന്ന സ്വരം വരും.
ആഴ്ചയില്‍  പല തവണ. ''സിനിമാഭിനയം സ്വഭാവികമായി പെരുമാറുന്ന പോലെ വേണം. നിന്റെ മേഖലയില്‍ വലുതാകാന്‍ തീവ്രമായി ആഗ്രഹിക്കുക. വിജയിക്കും. അതന്ന് വലിയ ബലമായിരുന്നു. ശരിക്കും മനസിലേയ്‌ക്കെടുത്തു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.''

ശ്രീനിച്ചേട്ടന്‍ പറഞ്ഞു കൊണ്ടിരിക്കെ വിമാനമെത്തി. അല്‍പ്പനേരം കഴിഞ്ഞ് ചേച്ചിയും രണ്ടു പെണ്‍കുട്ടികളും ഇറങ്ങി വന്നു. ഇറങ്ങിയയുടനെ ചേച്ചി ഒരു തടിച്ച പാക്കറ്റ് ശ്രീനിച്ചേട്ടനും മറ്റൊന്ന് എനിക്കും തന്നു.
പുഷ്പന്‍ ചേട്ടന്റെ  വക സമ്മാനമാണ്.
എപ്പോഴത്തേയും പോലെ രണ്ടിലും പുസ്തകങ്ങളുണ്ട്, പേനയുണ്ട്, ജില്ലറ്റ് ഷേവിങ്ങ് സെറ്റുണ്ട് .

ശ്രീനിച്ചേട്ടനെ കണ്ടപ്പോള്‍ ചേച്ചി ചോദിച്ചു. ''സിനിമയില്‍ കോമഡി യൊക്കെച്ചെയ്യുന്ന ശ്രീനിവാസനല്ലേ?''
കുട്ടികള്‍ക്ക് ആളെ  മനസിലായേയില്ല. ഞാന്‍ ഒന്നു പകച്ചു.
'ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്  ശ്രീനിച്ചേട്ടന്‍' എന്നൊക്കെ പറഞ്ഞ് തടി തപ്പി.
കാനഡയിലേക്കുള്ള വിമാനം രാത്രി വൈകിയേയുള്ളു.
എന്നാല്‍ നമുക്ക് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് രണ്ട് കാറുകളിലായി ഞാന്‍ താമസിക്കുന്ന അണ്ണാ നഗറിലെ ഫ്‌ളാറ്റിലേക്ക് പോയി. ശ്രീനിച്ചേട്ടന്‍ എന്റെ കാറില്‍ കയറി. വിമലച്ചേച്ചിയും അനിത ചേച്ചിയും മക്കളോടൊപ്പം  അദ്ദേഹം വന്ന കാറില്‍.

എന്റെ അണ്ണാ നഗറിലെ ഫാളാറ്റിലെത്തി വാതില്‍ തുറന്നപ്പോള്‍  സനിത 'ചിന്താവിഷ്ടയായ ശ്യാമള' വീണ്ടും ടിവിയില്‍ കണ്ടുകൊണ്ടിരിക്കുന്നു!
കുറേ നേരം എല്ലാവരുമൊരുമിച്ച് സന്തോഷത്തോടെ ഒരു സന്ധ്യ. രണ്ടു വയസുള്ള ഞങ്ങളുടെ അദിതി മോള്‍ അവരെയൊക്കെ ആഹ്ലാദിപ്പിച്ച് ഓടി നടന്നു.
ഇടയ്ക്ക് ചേട്ടന്‍ കാനഡയില്‍ നിന്ന് ഫോണില്‍ വിളിച്ച് ശ്രീനിച്ചേട്ടനോട് സംസാരിച്ചു.
ഞങ്ങളൊരുമിച്ച് കൂടിയതില്‍ സന്തോഷം പ്രകടിപ്പിച്ചു.
ആഹാരം കഴിഞ്ഞ്് രാത്രി വിമാന സമയമായപ്പോള്‍ ചേച്ചിയെയും കുട്ടികളേയും വിമാനത്താവളത്തില്‍ കൊണ്ടു വിടാനിറങ്ങി.
ശ്രീനിച്ചേട്ടനും ഭാര്യയും അവരുടെ ഗെയിംസ് വില്ലേജ് ഫ്‌ളാറ്റിലേക്കും പോയി.

പിന്നെ 2003 ല്‍ ഞാന്‍ തിരികെ എറണാകുളത്ത് വന്നു സെറ്റില്‍ ചെയ്ത ശേഷം ഒരു ദിവസം അനിതച്ചേച്ചിയുടെ ഫോണ്‍ വന്നു. ചേട്ടന്‍ പനി വന്ന് വിട്ടു മാറാതെ ഒണ്ടേരിയോയില്‍ ഹോസ്പ്പിറ്റലില്‍ ആണ്.
ഞാന്‍ ഒന്നിടവിട്ട ദിവസം വിവരം വിളിച്ച് ചോദിക്കും. ഇടയ്ക്ക് ആള്‍ കോമയിലേക്ക് പോയെന്നറിഞ്ഞു.
പത്താംദിവസം ഫോണില്‍ വിളിച്ചപ്പോള്‍ ചേച്ചി പൊട്ടിക്കരഞ്ഞു.

ഉന്നതബന്ധങ്ങള്‍ക്കോ കാനഡയിലെ ആധുനിക ആശുപത്രികള്‍ക്കോ മരണമെന്ന സത്യത്തില്‍  നിന്ന് ചേട്ടനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ചേച്ചിക്ക്  ബിസിനസില്‍ താല്‍പ്പര്യമില്ലായിരുന്നതുകൊണ്ട് ഹോട്ടലൊക്കെ അവര്‍ മറ്റാര്‍ക്കോ നടത്താന്‍ വിട്ടു കൊടുത്തു.

കുട്ടികള്‍  നന്നായി പഠിക്കുകയും കാനഡയില്‍തന്നെ  നല്ല ജോലി നേടുകയും ചെയ്തു.
മക്കള്‍ അന്‍സയും ആഷ്‌ലിയും അനിത ചേച്ചിയും  ഇടയ്‌ക്കൊക്കെ നാട്ടില്‍ വരാറുണ്ട്. ഞങ്ങള്‍ എറണാകുളത്തും മൂന്നാറുമൊക്കെ കറങ്ങിയടിച്ച്  മുരിങ്ങൂരിലെ വീട്ടിലെത്തി അവരെ അവിടെയാക്കും.
അവസാന തവണ വന്നപ്പോള്‍ ഡല്‍ഹി, ആഗ്രയൊക്കെ ഞങ്ങള്‍ക്ക് കൂടെ പോകാന്‍ പറ്റാത്തതു കൊണ്ട് ഡല്‍ഹിയിലെ സുഹൃത്ത് സഞ്ജയ് മോഹനും ഭാര്യ സംഗീതയും അവരുടെ ആതിഥേയരായി.
നാലു വര്‍ഷം മുമ്പ് രണ്ടു പെണ്‍കുട്ടികളും വിവാഹിതരായി. രണ്ട് പേരെയും വിവാഹം കഴിച്ചത് കനേഡിയന്‍ പൗരന്‍മാരെത്തന്നെ.

കഴിഞ്ഞ വര്‍ഷം കൃതി ബുക് ഫെസ്റ്റിവലില്‍ വെച്ച് സത്യന്‍ അന്തിക്കാടിനെക്കണ്ടപ്പോള്‍ ഞാന്‍ കാനഡയിലെ അനിതയുടെ കസിനെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങി.

ചേട്ടന്റെ  സ്‌നേഹ സന്ദര്‍ശനങ്ങളും സമ്മാനം തരാറുള്ള പുസ്തകങ്ങളും, പേനകളും, മുടങ്ങാതെ വന്നിരുന്ന ഭംഗിയുള്ള ക്രിസ്മസ് കാര്‍ഡുകളും, സ്‌നേഹം നിറഞ്ഞ പെരുമാറ്റവും ഞാന്‍ ഇപ്പോഴും മിസ് ചെയ്യുന്നു.

നല്ല മനുഷ്യര്‍ മരണശേഷവും അവര്‍ കൊത്തിവച്ച ഓര്‍മ്മകളിലൂടെ നമ്മളില്‍ ജീവിക്കുമല്ലോ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News