അയാള്‍ ജാക്കറ്റിന്റെ ബട്ടണ്‍ അഴിച്ചപ്പോള്‍ ഞങ്ങള്‍ ഞെട്ടി!

Update:2020-09-30 08:30 IST

ഞങ്ങള്‍ സബ് വേ വഴിയാണ് താമസിക്കുന്നിടത്ത് നിന്ന് നാന്‍ ജിങ് വീഥിയിലേക്ക് പോയത്. മെട്രോയുടെ മൂന്നാമത്തെ സ്‌റ്റേഷനില്‍ ഞങ്ങളിറങ്ങി. മെട്രോയുടെ ധാടിയും മോടിയും കണ്ട് അമ്പരന്നു നിന്നു. അന്ന് നമുക്കത് അന്യമാണല്ലോ?

ഈ വീഥി ഒരു പക്ഷെ ലോകത്തിലെ ഏറ്റവും തിരക്കേറിയ തെരുവാണ് എന്ന് തോന്നുന്നു. അഞ്ചര കിലോമീറ്റര്‍ മാത്രം നീളമുള്ള ഇവിടം ദിവസം ഏകദേശം പത്തു ലക്ഷം പേരാണ് സന്ദര്‍ശിക്കുന്നത് എന്ന് പറഞ്ഞാല്‍ തിരക്കൂഹിക്കാമല്ലോ? തെരുവിലെ കച്ചവട കേന്ദ്രങ്ങളില്‍ കിട്ടാത്ത ഒന്നുമുണ്ടാവില്ല എന്നാണെനിക്ക് തോന്നിയത്. വസന്തകാലമായിരുന്നതു കൊണ്ട് സുഖമുള്ള തണുപ്പായിരുന്നു. വേഗത്തില്‍ നടക്കുമ്പോള്‍ ദേഹം ചൂടാവുന്ന രസം ആസ്വദിച്ചു. വെളിച്ചം കുറഞ്ഞ ആകാശം മൂടിക്കെട്ടി നിന്നു.

നാന്‍ജിംഗ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് വാഹനങ്ങള്‍ അനുവദിക്കും. കിഴക്ക് ഭാഗം നടത്തക്കാര്‍ക്ക് മാത്രം. അതാണ് ചരിത്രമുറങ്ങുന്നയിടം ആയിത്തോന്നിയത്. ചൈനീസ് പാരമ്പര്യം കൂടുതലായുള്ള ഭാഗം. എവിടെയും നല്ല ആള്‍ത്തിരക്കുണ്ട്. സില്‍ക്ക് തുണികള്‍, പെയിന്റിങ്ങുകള്‍, കാലിഗ്രഫി, കരകൗശല വസ്തുക്കള്‍, ചൈനീസ് പരമ്പരാഗത മരുന്നുകള്‍ തുടങ്ങിയ സാധനങ്ങള്‍ റോഡരികില്‍ നിരന്നിരിക്കുന്നു. കൂടാതെ മാളുകള്‍, കടകള്‍, ഭോജന ശാലകള്‍, കഫേകള്‍. ഏതു ചൈനീസ് ഇടത്തേയും പോലെ എല്ലായിടത്തും കൂടുതല്‍ നാട്ടുകാരും കുറച്ച് വിദേശികളും ഇട കലര്‍ന്നിരിക്കുന്നു. ചൈനക്കാര്‍ക്ക് തന്നെ കണ്ടു തീര്‍ക്കാന്‍ പ്രയാസമുള്ളത്ര വലുതും വൈവിധ്യമാര്‍ന്നതുമാണല്ലോ ആ രാജ്യം!

റോഡിനോട് തൊട്ടുള്ള മറ്റൊരു തെരുവ് സ്‌റ്റേഷനറിക്കടകളും, പുസ്തകക്കടകള്‍ക്കും പേരുകേട്ടതാണ്. 'ഷാങ്ഹായ് ബുക്ക് സിറ്റി'യില്‍ കയറിയപ്പോള്‍ വലിപ്പം കൊണ്ട് ഞെട്ടിച്ചു. ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ പരന്നു കിടക്കുന്നു. പക്ഷെ ചൈനീസ് പുസ്തകങ്ങള്‍ മാത്രമേയുള്ളു എന്ന് കണ്ട് ഓടി രക്ഷപ്പെട്ടു.! മനസ്സിലേക്ക് അമ്പതിനായിരം ലിപികള്‍ കയറി വന്നു... എന്നാല്‍ തൊട്ടടുത്ത് ഇംഗ്ലീഷ് ഭാഷയിലെ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയുണ്ടെന്ന് പറഞ്ഞെങ്കിലും സമയക്കുറവ് കൊണ്ട് കയറിയില്ല. നാട്ടില്‍ പോയാലും അത് വാങ്ങാമല്ലോ?

നടന്ന് പോകമ്പോള്‍ ഒരു ചെറു വഴിയില്‍ നാടന്‍ ചൈനീസ് ലഘുഭക്ഷണ ശാലകള്‍ കണ്ടു. വില തുച്ഛം ഗുണം മെച്ചം! നാല് യുവാന്‍ (നാല്‍പത് രൂപ) കൊടുത്താല്‍ വലിയ വെളുത്തുള്ളിയുടെ ആകൃതിയുള്ള നാല് ചൂടന്‍ മോമോസ് കിട്ടും. ചിക്കന്‍ അരച്ച് നിറച്ചത്. നല്ല രുചിയാണ്.ഒരു പ്ലേറ്റ് ചൂടോടെ കഴിച്ചു. തൊട്ടടുത്ത് തന്നെ ചീസ് ടാര്‍ട്ട് കിട്ടുന്ന മറ്റൊരു കടയിലും കയറി. വായില്‍ ഇട്ടാല്‍ അലിഞ്ഞ് പോകുന്നത്!

ശരദ്, സന്തോഷ് ടീം കനലില്‍ ചുട്ടെടുത്ത ചെറിയ കിനാവള്ളികള്‍ ഒരു സോസില്‍ മുക്കിക്കഴിക്കുന്നത് കണ്ടു. ഞങ്ങള്‍ക്ക് അത് പറ്റാത്തതിനാല്‍ ഒഴിവാക്കി.

അടുത്ത തെരുവിലേക്ക് കടന്നപ്പോള്‍ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളുടെ പുറംഭിത്തി മുഴുവനായും കൂറ്റന്‍ LED സ്‌ക്രീനുകളാണ്. അതില്‍ ചൈനീസ് സിനിമകളും പരസ്യങ്ങളുമൊക്കെയാണ് തുടര്‍ച്ചയായി ഓടിക്കൊണ്ടിരിക്കുന്നത്. പേരു കേട്ട യൂറോപ്യന്‍ ബ്രാന്‍ഡുകളുടെയൊക്കെ കടകള്‍ രണ്ടു വശങ്ങളിലുമുള്ള കെട്ടിടങ്ങളില്‍ കണ്ടു. വഴിയിലെ കടകളില്‍ നിന്ന് രണ്ട് മൂന്ന് ബ്രാന്‍ഡഡ് ടീ ഷര്‍ട്ടുകള്‍ അവിശ്വസനീയമായത്ര കുറഞ്ഞ വിലയ്ക്ക് ഞങ്ങള്‍ വാങ്ങി.

ബാഗ്,  ബെല്‍റ്റ്, പഴ്‌സ് തുടങ്ങിയവ വില്‍ക്കുന്ന കൊച്ച് കടകളുള്ള ഒരു കൂറ്റന്‍ കെട്ടിടത്തില്‍ കയറിയപ്പോള്‍  സെയ്ല്‍സ് ഗേള്‍സ്് ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ച്  വലിച്ച് അവരവരുടെ കടകളില്‍ കയറ്റാന്‍ ശ്രമം നടത്തി. ഞങ്ങള്‍ കുതറിയോടി രക്ഷപ്പെട്ടു എന്നു പറയാം!

അവിടുന്ന് ഇറങ്ങി നടന്ന് തിരക്കു കുറഞ്ഞ ഒരു റോഡിലെത്തിയപ്പോള്‍ മുന്നില്‍ പോയ ഒരു ചൈനാക്കാരന്‍ ചിരിച്ച് ഞങ്ങളെ കൈ ഉയര്‍ത്തിക്കാണിച്ചു. റോളക്‌സ് വാച്ച് വേണോ എന്ന് മുറി ഇംഗ്ലീഷില്‍ ചോദിച്ചു. ഞങ്ങള്‍ പതുക്കെ കൗതുകത്തോടെ അയാളുടെ പിറകെ നടന്ന് ഒരു ആളൊഴിഞ്ഞ വഴിയുടെ ഓരത്തെത്തി. ഞങ്ങള്‍ക്ക് അഭിമുഖമായി നിന്ന് അയാള്‍ ഇട്ടിരുന്ന ജാക്കറ്റിന്റെ ബട്ടണഴിച്ച് ഇരു വശത്തേക്കും വിടര്‍ത്തിക്കാണിച്ചു.

ഒരു വാച്ച് ഷോറൂം ഞങ്ങള്‍ അതിനുള്ളില്‍ കണ്ടു ഞെട്ടി. നമ്മള്‍ സിനിമകളില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ച ജാക്കറ്റുകള്‍ കാണാറുള്ളതു പോലെ തന്നെ ഒരു കാഴ്ച. പകരം നിറയെ പലതരം വാച്ചുകളാണെന്ന് മാത്രം! രണ്ടായിരം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയില്‍ ഒതുങ്ങിയ ആ റോളക്‌സ് വാച്ച് ഭാരം കുറവാണെന്നതൊഴിച്ചാല്‍ ഒറിജിനലാണെന്നേ തോന്നൂ! ചൈന കോപ്പി ക്യാറ്റുകളുടെ നാടാണല്ലോ? കൈനറ്റിക് എനര്‍ജി ഉപയോഗിച്ച് ഓടുന്ന ഈ വാച്ചിന് ബാറ്ററിയോ കീ കൊടുക്കലോ വേണ്ട. കൈയുടെ സ്വഭാവിക ചലനം മാത്രം മതി. ഗുണാളന്‍ ഒന്ന് വാങ്ങിച്ചു.

ശരദും സന്തോഷും അവരുടെ ഷോപ്പിംഗ് കഴിഞ്ഞ് നടന്ന് ഞങ്ങള്‍ക്കൊപ്പം എത്തിയപ്പോഴേക്കും 'നടക്കുന്ന വാച്ച് ഷോറൂം' ഒരു പോലീസുകാരനെ ദൂരെ കണ്ട് പേടിച്ച് എതിര്‍ വശത്തേക്ക് നടന്നു പോയി. കോപ്പിയടി അവിടെയും പിടിക്കും എന്ന് മനസിലായി. മുന്നോട്ട് നടന്നപ്പോള്‍ ഫെയര്‍ മോണ്ട് പീസ് ഹോട്ടല്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഷാങ്ഹായുടെ നാഴികക്കല്ലായ, ഗംഭീര്യമുള്ള ഒരു കെട്ടിടമായിരുന്ന പീസ് ഹോട്ടല്‍ ഒരു കാലത്ത് അവിടത്തെ ജാസ് വാദകരാല്‍ പ്രശസ്തമായിരുന്നു. സമൂഹത്തിലെ ഉയര്‍ന്ന പദവിയിലുള്ളവരുടെ പാര്‍ട്ടികളും നിശാനൃത്തവും അനുസ്യൂതം നടന്നിരുന്നയിടം. കാലത്തിന്റെ കുത്തൊഴുക്കില്‍ ഹോട്ടലിന്റെ പ്രതാപവും പദവിയും കടപുഴകി വീണു. ഏറെക്കാലം അടഞ്ഞു കിടന്നു.

അടുത്ത കാലത്ത് ഫെയര്‍ മോണ്ട് ഗ്രൂപ്പ് ഏറ്റെടുത്ത് അറ്റകുറ്റ പണികള്‍ നടത്തി ഭംഗിയാക്കിയതാണ് ഇപ്പോള്‍ കാണുന്ന പീസ് ഹോട്ടല്‍. നാന്‍ജിംഗ് റോഡില്‍ നിന്ന് വാങ്ങിയ കുറച്ച് സാധനങ്ങളും വളരെയേറെ അനുഭവങ്ങളുമായി ദി ബണ്ട് എന്ന് വിളിക്കുന്ന പുഴയോരത്തുള്ള നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു....

ആദ്യ ചൈനാ യാത്ര ഇവിടെ തീരുന്നു..

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News