ബെര്‍ലിന്‍ തെരുവീഥിയിലെ അത്ഭുത കാഴ്ച!

തെരുവുചിത്രകാരന്മാരുടെ അസാധാരണ കരവിരുത് നിറഞ്ഞുനില്‍ക്കുന്ന നഗരഭാഗത്തിലൂടെയുള്ള ഓട്ടനടത്ത കാഴ്ചകള്‍ അഭയ്കുമാര്‍ വിവരിക്കുന്നു

Update:2021-01-06 08:30 IST

സമ്പന്നമായ ചരിത്രത്തിന്റെയും തെരുവുകളുടെ ഭംഗിയുടെയും ഭക്ഷണ വൈവിധ്യത്തിന്റെയും ഫലമാവാം ബെര്‍ലിന്‍ എന്നില്‍ പടര്‍ന്ന് കയറിയതു പോലെ തോന്നി.

ദിവസത്തിന്റെ ബാക്കിയുള്ള സമയം ബെര്‍ലിനില്‍ത്തന്നെയെന്ന് തീരുമാനിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ജര്‍മ്മനിയെ പിടിച്ചു കുലുക്കിയ ലോകമഹായുദ്ധവും ക്രൂരമായ ഏകാധിപത്യ ഭരണകൂടവും ഭൗതികമായ വേര്‍തിരിവും പിന്നെ ഒടുവില്‍ കൈവന്ന സ്വാതന്ത്ര്യവും ബെര്‍ലിനെന്ന നഗരത്തെ കേന്ദ്ര ബിന്ദുവാക്കിയാണ് നടന്നതെന്ന് പറയാം.
പ്രക്ഷുബ്ധവും അക്രമാസക്തവുമായ ഭൂതകാല ചരിത്രം തന്നെയാകാം പിന്നീട് സ്വാതന്ത്ര്യത്തിന്റെ ശക്തി കേന്ദ്രമായും വിവിധ ഭാവ തലങ്ങളുള്ള ഒരു സാര്‍വ്വജനീന നഗരമായും ബര്‍ലിനെ പരിവര്‍ത്തിപ്പിച്ചത്.

ബെര്‍ലിന്‍ മതില്‍ വീണതോടെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഗവണ്‍മെന്റ് നടപ്പിലാക്കിയ കുടിയേറ്റ നിയമത്തിലൂടെ ഒട്ടേറെ വിദേശികള്‍ക്ക് ജര്‍മ്മനി ആതിഥേയരായി. അങ്ങനെ അത്ഭുതകരമായ സംസ്‌കാരിക വൈവിധ്യം ബെര്‍ലിനില്‍ ഇഴ ചേര്‍ന്നിരിക്കുന്നത് ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന ചുവരെഴുത്തുകള്‍ ബെര്‍ലിനിലെങ്ങും കണ്ടു. ഞങ്ങള്‍ നടന്നു പോകുമ്പോള്‍ തെരുവിലെ ഒരു കെട്ടിടത്തിന്റെ മുകളിലെഴുതി വെച്ചിരിക്കുന്നത് കണ്ടു.
ഇംഗ്ലീഷിലാണ്. 'മാധ്യമങ്ങളുടെ വെറിക്കൂത്ത് പോയി തുലയട്ടെ. അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം'




ബെര്‍ലിന്റെ തെരുവുകളിലാകെ സംഗീതവും ചിത്രകലയുമാണ് നിറഞ്ഞു നില്‍ക്കുന്നത്. തെരുവുകലാകാരന്മാരുടെ കളിയിടമാണ് ബെര്‍ലിന്‍. ഊര്‍ജസ്വലമായ നഗരവീഥികളില്‍ കലയുടെ ചൈതന്യം നിറഞ്ഞ പ്രസരിപ്പ് പൂത്ത് നില്‍ക്കുന്നതായെനിക്ക് തോന്നി.

ആ നിമിഷത്തില്‍ത്തന്നെ തെരുവു ചിത്രകാരന്മാരുടെ കരവിരുത് നിറഞ്ഞു നില്‍ക്കുന്ന പ്രെന്‍സ്ലോര്‍ബെര്‍ഗ് എന്ന നഗരഭാഗം കാണാന്‍ ഞാന്‍ തീരുമാനിച്ചു.
എന്റെ കൈയിലുണ്ടായിരുന്ന ബെര്‍ലിന്‍ ലഘുലേഖയില്‍ അതിനെക്കുറിച്ച് വിവരിച്ചിരുന്നു. സഹയാത്രികന്‍ ജെ വലിയ താല്‍പ്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല എന്നെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. നാല്‍പ്പത് യൂറോ കൊടുത്ത് സമയവും കളഞ്ഞ് ചുമരെഴുത്ത് കാണാന്‍ പോണോ എന്ന ചോദ്യം ഞാനവഗണിച്ചു. ഭാഷയുടെയും ധൈര്യത്തിന്റെയും പരിമിതികള്‍ കൊണ്ട് ജെ എന്നോട് ഇവിടെ വെച്ച് വഴക്കിട്ട് പോവില്ല എന്നെനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

ഒരു ടൂര്‍ ഗൈഡിന്റെ സഹായത്തോടെ തെരുവു ചിത്രകല കണ്ടറിഞ്ഞ് ആസ്വദിക്കാവുന്ന ഒരു നടത്ത പരിപാടിയിലാണ് ഞങ്ങള്‍ ചേര്‍ന്നത്. നടന്നോ ഓടിയോ പത്ത് കിലോമീറ്ററോളം വരുന്ന നടത്ത ഓട്ട പരിപാടിയില്‍ പങ്കെടുക്കാം. സ്റ്റീഫനെന്ന അയര്‍ലന്‍ഡുകാരന്‍ ഗൈഡിനെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ബെര്‍ലിന്റെ ചരിത്രത്തോട് ഭ്രാന്തമായ പ്രണയമുള്ള അയാള്‍ക്ക് ഇതൊരു തൊഴിലല്ല, ആത്മ സാക്ഷാല്‍ക്കാരമാണെന്ന് സുന്ദരമായ ഇംഗ്ലീഷില്‍ പറഞ്ഞു. ജര്‍മ്മനിയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കവികളും സ്വപ്നാടകരും അരാജകവാദികളുമൊക്കെയടങ്ങുന്ന സംഘം തെരുവുകളെ തുറന്ന സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമാക്കി എന്നയാള്‍ പറഞ്ഞു. കുറ്റവും കുറവുമുണ്ടെങ്കിലും ഇത് ചിത്രകലയെയും സംഗീതത്തെയും ജനകീയവും ആര്‍ക്കും ആസ്വദിക്കാവുന്നതുമാക്കി. വഴിയിലെങ്ങും കണ്ട വിവിധ സംഗീതോപകരണ വായനക്കാരും നടുറോഡില്‍ നീളത്തില്‍ ഭംഗിയുള്ള ചിത്രം വരച്ചു കൊണ്ടിരിക്കുന്നവരും ചുമര്‍ ചിത്രമെഴുതിക്കൊണ്ടിരുന്നവരും ഈ വാദത്തെ സാധൂകരിച്ചു. എത്ര മനോഹര സൃഷ്ടികളാണെന്നോ അന്ന് ഞങ്ങളെ അത്ഭുത പരവശരാക്കിയത്!

ചുമര്‍ചിത്രങ്ങളില്‍ വളരെച്ചെറിയവ തൊട്ട് ഒരു അഞ്ചു നിലക്കെട്ടിടം വരെ ഉയരമുള്ളവ കണ്ട് ഞങ്ങള്‍ അന്ധാളിച്ചു, എന്നാല്‍ ആസ്വദിച്ചു. ലോകത്തിന്റെ പല ഭാഗത്ത് നിന്നും തെരുവുകലാകാരന്മാര്‍ ബെര്‍ലിനില്‍ വന്ന് താമസിക്കുന്നെണ്ടെന്ന് സ്റ്റീഫന്‍ പറഞ്ഞു. വര്‍ണ്ണപ്പകിട്ടിന്റെ ഉത്സവം തീര്‍ക്കുന്ന ജാപ്പനീസ് കോമിക് രൂപങ്ങള്‍ വരച്ചു വെച്ചത് ഒരു വലിയ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തെ അത്യാകര്‍ഷകമാക്കി മാറ്റിയത് കണ്ടു. ഒരു സ്പാനിഷ് ആര്‍ട്ടിസ്റ്റാണതിന്റെ പുറകിലെന്ന് ഗൈഡ് പറഞ്ഞു. മറ്റൊരു ജര്‍മ്മന്‍ ചിത്രകാരന്‍ അമ്പതടി ഉയരമുള്ള കെട്ടിടത്തില്‍ വരച്ചു വെച്ചിരിക്കുന്നത് ബെര്‍ലിന്റെ ബൃഹത്തായ സംസ്‌കാരിക വൈവിധ്യമാണ്! എത്ര വലിയ കാന്‍വാസില്‍ വരയ്ക്കാന്‍ പറ്റുന്നതിലും വലുതാണത്.

ഈ ഓട്ട നടത്തക്കാഴ്ചയില്‍ കണ്ടവയില്‍ വലിയവ മാത്രമല്ല ചെറിയ ചുമര്‍ ചിത്രങ്ങളും എത്രയോ ആകര്‍ഷണീയമായിരുന്നു.

ബെര്‍ലിന്‍ തെരുവു ചിത്രകലയുടെ കേന്ദ്രബിന്ദു എന്ന് പറയുന്ന ഡിര്‍ക് സെന്‍ സ്ട്രാസെയിലൂടെ ഞങ്ങള്‍ ഓടി നടന്നു. പ്രശസ്തരല്ലാത്ത ചിത്രകാരന്മാരുടെ ചെറു ചിത്രങ്ങളോടൊപ്പം തന്നെ അറിയപ്പെടുന്ന കലാകാരന്മാരായ എല്‍ ബോക്കോയുടെയും സോബറിന്റെയും ചിത്രങ്ങളും ഇടകലര്‍ന്നാണ് കിടക്കുന്നത്. ഇക്കാര്യത്തില്‍ ഇന്നും ഇവിടെ സോഷ്യലിസം പുലരുന്നു എന്നയാള്‍ പകുതി കളിയായും കാര്യമായും പറഞ്ഞു.

അടുത്ത തെരുവിലെ ഷ്വാര്‍സെന്‍ബര്‍ഗ് ഹാസ് എന്നറിയപ്പെടുന്ന ഒരു ചെറിയ നടുമുറ്റത്താണ് ബെര്‍ലിനിലെ സര്‍ഗ്ഗ വൈഭവത്തിന്റെ പ്രദര്‍ശനം നടക്കുന്നതെന്ന് അയാള്‍ പറഞ്ഞു. ഏതൊരു കലാകാരനും എപ്പോള്‍ വേണമെങ്കിലും അവിടെ വന്ന് വരയ്ക്കാം, പാടാം. സംഗീതോപകരണം വായിക്കാം. നൃത്തം വെയ്ക്കാം. സൃഷ്ടിയുടെ ആഹ്‌ളാദമനുഭവിക്കാന്‍ അയാള്‍ക്കൊപ്പം കാഴ്ചക്കാരുമുണ്ടാകും. അവിടെക്കണ്ട ആന്‍ ഫ്രാങ്കിന്റെ ചുമര്‍ ചിത്രം അത്യാകര്‍ഷകമായി വേറിട്ടുനിന്നു. അവിശ്വസനീയമായ, ഉദാത്തമായ ചിത്രകലയുടെ കാഴ്ചകള്‍ കണ്ടുള്ള ഓട്ടമായിത്തീര്‍ന്ന നടത്തത്തിനിടയില്‍ ഞങ്ങള്‍ പല പാര്‍ക്കുകളും പിന്നിട്ടു. അതില്‍ മനോഹരവും പ്രശസ്തവുമായ മൗര്‍ പാര്‍ക്കുമുണ്ടായിരുന്നു . ആ മനോജ്ഞ ഉദ്യാനത്തിലെ വിശാലമായ ചരിഞ്ഞ പുല്‍ത്തകിടികളില്‍ മനഷ്യരും സൈക്കിളുകളും ഇടകലര്‍ന്നിരുന്നു. അതിനിടയില്‍ ഗിറ്റാറുമായി സ്വയം മറന്നിരുന്ന് പാടുന്ന തെരുവ് സംഗീതക്കാര്‍ കൗതുകമുള്ള കാഴ്ചയായി.

ബെര്‍ലിന്‍ മതിലുണ്ടായിരുന്ന കാലത്ത് അത് കടന്ന് പോയിരുന്ന സ്ഥലമായത് കൊണ്ട് 'മതില്‍ ഉദ്യാനം' എന്നര്‍ത്ഥം വരുന്ന പേരാണ് കൊടുത്തിരിക്കുന്നത് എന്ന് സ്റ്റീഫന്‍ പറഞ്ഞു തന്നു.

അവസാന കിലോമീറ്ററുകളില്‍ സഹയാത്രികന്‍ ജെ കിതച്ചു കൊണ്ട് എന്നാല്‍ ക്ഷീണം പുറത്ത് കാണിക്കാതെ നടന്നെത്തി. അവസാന ഘട്ടത്തില്‍ നടക്കുമ്പോള്‍ പലപ്പോഴും അയാള്‍ വേച്ച് പോയി. ഞാനും സ്റ്റീഫനും ഒപ്പത്തിനൊപ്പം കൂടുതല്‍ നടന്നും ഇടയ്ക്ക് ഓടിയും കാഴ്ചകള്‍ കണ്ട് പരിപാടി പൂര്‍ത്തീകരിച്ചു.

ഹാക്ഷര്‍ മാര്‍ക്കറ്റ് എന്നയിടത്ത് പത്ത് കിലോമീറ്റര്‍ നടത്തഓട്ടമവസാനിക്കുന്നിടത്തെ കൊച്ചു കാപ്പിക്കടയില്‍ ഞാന്‍ സ്റ്റീഫന് കാപ്പിയും ഡോനട്ടും ഓഫര്‍ ചെയ്തു. കഫീ ക്രപ്പെന്‍ എന്ന് ജര്‍മ്മന്‍ ഭാഷയില്‍ ഞങ്ങള്‍ മൂന്ന് പേര്‍ക്കും സ്റ്റീഫന്‍ തന്നെ ഓര്‍ഡര്‍ കൊടുത്തു. നമ്മള്‍ ചായയും വടയും എന്ന് പറയുന്ന പോലെയാണ് കാപ്പിയും ഡോ നട്ടും തമ്മില്‍ എന്ന് പറയാം. കാഴ്ചയിലും വടയും ഡോനട്ടും തമ്മില്‍ നല്ല സാമ്യമുണ്ടല്ലോ? രുചിയില്‍ വ്യത്യസ്തമാണെങ്കിലും.

സുഗന്ധമുയരുന്ന കാപ്പിക്കപ്പിന് മേലെക്കൂടെ ഞങ്ങള്‍ വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു. ജര്‍മ്മന്‍കാരിയായ ഭാര്യയും ഒരു ചെറിയ മകനുമയാള്‍ക്കുണ്ട്. ചെറുപ്പത്തിലേ തന്നെ ഓട്ടം അയാളുടെ അഭിനിവേശമായതും, ഐറിഷ് ദേശീയ ക്ലബ്ബുകളില്‍ ഓടി മെഡലുകള്‍ വാങ്ങിക്കൂട്ടിയതും പല മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയതും, ബെര്‍ലിനില്‍ വന്ന് അത്‌ലറ്റിക് ക്ലബ്ബില്‍ അംഗമായതും അഭിമാനത്തോടെ അയാള്‍ വിവരിച്ചു.

നല്ല മാര്‍ദ്ദവമുള്ള ഡോനട്ട് രുചിയുള്ള ക്രീം ഫില്‍ ചെയ്തതായിരുന്നു. നല്ല തണുത്ത കാലാവസ്ഥയില്‍ കാപ്പിയും ഡോ നട്ടും സ്റ്റീഫന്റെ വര്‍ത്തമാനവും ഞാന്‍ നന്നായി ആസ്വദിച്ചു.
ജര്‍മ്മനിയില്‍ വന്നിട്ട് സഹയാത്രികനല്ലാതെ ആരോടെങ്കിലും ദീര്‍ഘമായി സംസാരിക്കാന്‍ ഭാഷ ഒരു പ്രശ്‌നമായിരുന്നു. ഇയാളുടെ ശുദ്ധമായ ഇംഗ്ലീഷ് എനിക്ക് ആശ്വാസമേകി.

അയാള്‍ ഞങ്ങള്‍ക്ക് വെറും വഴികാട്ടി മാത്രമായിരുന്നില്ല. മനോഹര കാഴ്ചകള്‍ കാണിച്ച് തന്ന് കഥകള്‍ പറഞ്ഞ് തന്നതിന് ഒപ്പം തന്നെ ഞങ്ങളെ തെരുവിലെ വേഗനടത്തത്തിലൂടെ ആരോഗ്യവാനുമാക്കിയ ഒരു മാന്ത്രികനായിരുന്നു അയാള്‍ എനിക്കപ്പോള്‍!

ഞങ്ങളോട് കാപ്പിക്ക് നന്ദി പറഞ്ഞ് വാക്കിങ് ടൂര്‍ ഫീസായ നാല്‍പ്പത് യൂറോയും വാങ്ങി ഉറച്ച കാല്‍വെപ്പോടെ അയാള്‍ നടന്നകന്നപ്പോള്‍ അടുത്ത കൂട്ടുകാരന്‍ യാത്ര പറഞ്ഞ് പോയത് പോലെ ഒരു നഷ്ടബോധം തോന്നി.

തെരുവില്‍ തണുത്ത കാറ്റ് ആഞ്ഞ് വീശാന്‍ തുടങ്ങിയിരുന്നു....

തുടരും...

കൂടുതൽ വായിക്കാം 

Tags:    

Similar News