ആ കാഴ്ച കണ്ട് എന്റെ ശ്വാസം നിലച്ചുപോയി!
''എന്റെ സഹയാത്രികന്‍, കേരളത്തിലെന്ന പോലെ ജര്‍മന്‍ റെയ്ല്‍ വേ ട്രാക്കില്‍ ചാടിയിറങ്ങി മറുവശത്തേക്ക് നടന്നു.'' ജര്‍മന്‍ യാത്രാനുഭവങ്ങള്‍ അഭയ് കുമാര്‍ തുടരുന്നു;
അടുത്ത ദിവസം രാവിലെ ആറു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഹനോവര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്നു.പതിനഞ്ച് - ഇരുപത് മിനിട്ട് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു.
രാവിലത്തെ നല്ല തണുപ്പില്‍ പല്ല് ചെറുതായി കൂട്ടിയിടിച്ചു. ഹോട്ടലിലെ കടുപ്പത്തിലെ കാപ്പിയും നടത്തവും അല്‍പ്പം ചൂട് പകര്‍ന്നു തന്നു.
പുകവലി ശീലമില്ലാത്തത് നന്നായി എന്ന് തോന്നി. അല്ലെങ്കില്‍ ആ തണുപ്പില്‍ പുകവലിച്ച് ഒരു വിധമായേനേ!
അല്‍പ്പം ദൂരെ നിന്ന് തന്നെ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന സ്‌റ്റേഷന്റെ ഗംഭീര്യം വ്യക്തമായിരുന്നു. മുന്‍ഭാഗത്ത് ഒരു കൂറ്റന്‍ അശ്വാരൂഢ പ്രതിമയുണ്ട്. അതിന് പുറകില്‍ ഉയരമുള്ള വലിയ ആര്‍ച്ച് ജനാലകളോട് കൂടിയ ഇഷ്ടികക്കെട്ടിടം തലയുയര്‍ത്തി നിന്നു. ഇരുവശങ്ങളിലേക്കും കെട്ടിടം നീണ്ടു പരന്നു കിടന്നു.
ഹനോവര്‍ ഹോപ്പാബനോഫ് (Houptbahnhof) എന്ന് വിളിക്കുന്ന പ്രധാന സ്‌റ്റേഷനില്‍ നിന്നാണ് ഞങ്ങള്‍ക്ക് റൈന്‍ ലാന്‍ഡിലേക്കുള്ള ട്രെയിന്‍. മിക്കവാറും ട്രെയിനുകളൊക്കെ സംഗമിക്കുന്ന ഒരു ജംഗ്ഷന്‍ സ്‌റ്റേഷന്‍ എന്ന് വേണമെങ്കില്‍ പറയാം. കേരളത്തില്‍ ഷൊറണൂര്‍ സ്‌റ്റേഷന്റെ പ്രാധാന്യം. വലിപ്പത്തിലും ഗാംഭീര്യത്തിലും വൃത്തിയിലും ഒരു താരതമ്യവുമില്ല താനും.
പന്ത്രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള പല നിലകളിലായി സ്ഥിതി ചെയ്യുന്ന ഹനോവര്‍ സ്‌റ്റേഷന്‍ ദിവസവും രണ്ടര ലക്ഷം പേര്‍ ഉപയോഗിക്കുന്നു. അറുനൂറോളം ട്രെയിനുകള്‍ ഇവിടെ നിര്‍ത്തുന്നു. സ്‌റ്റേഷനില്‍ മാത്രം രണ്ടായിരം പേര്‍ ജോലി ചെയ്യുന്നു. 1843 ല്‍ തുറന്നു കൊടുത്ത ഈ സ്‌റ്റേഷന്‍ എങ്ങനെ നോക്കിയാലും ഒരു ബൃഹത് നിര്‍മ്മിതിയാണ്. ആദ്യമായിക്കാണുന്ന ആരും അതിന്റെ വലിപ്പവും ഗാംഭീര്യവും കണ്ട് ഒന്ന് പകച്ചു പോകും.
ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത് ICE എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ട്രെയിനിലാണ്. ജര്‍മ്മനിക്കകത്താണ് ഏറ്റവും കൂടുതല്‍ സര്‍വ്വീസ് എങ്കിലും ഓസ്ട്രിയ, ബെല്‍ജിയം ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും സേവനമുണ്ട്.
അതിവേഗ ട്രെയിനുകള്‍ ജര്‍മ്മനിയില്‍ രണ്ടായിരമാണ്ടില്‍ത്തന്നെ സര്‍വീസ് തുടങ്ങിക്കഴിഞ്ഞിരുന്നു.മണിക്കൂറില്‍ മൂന്നൂറ് കിലോമീറ്റര്‍ വരെ ഈ ട്രെയിനുകള്‍ വേഗമെടുക്കും.
നമ്മുടെ ട്രെയിനുകള്‍ 2020ല്‍ ഇരുപത് കൊല്ലത്തിനിപ്പുറവും മണിക്കൂറില്‍ എഴുപത് കിലോമീറ്ററില്‍ നില്‍ക്കുന്നു!
മുന്‍ഭാഗം കൂര്‍ത്ത,വെളുത്ത മിനുത്ത ട്രെയിനുകളെക്കാണാനെന്തഴകാണ്.
ഞങ്ങള്‍ ട്രെയിന്‍ സമയം കാണിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡിനടുത്തു നിന്ന് ട്രെയിന്‍ നമ്പര്‍ നോക്കി പ്ലാറ്റ്‌ഫോം നമ്പര്‍ മനസിലാക്കി. രണ്ട് ലെവല്‍ താഴെയാണ് ഞങ്ങളുടെ പ്ലാറ്റ്‌ഫോം. എലിവേറ്ററില്‍ കയറി താഴെക്കിറങ്ങിയ പ്പോഴെയ്ക്കും ഏകദേശം സമയമായി.
എന്നാല്‍ അപ്പോഴാണ് മനസിലാകുന്നത് എതിര്‍വശത്തെ പ്ലാറ്റ് ഫോമിലാണ് ഞങ്ങള്‍ക്ക് പോകാനുള്ള വണ്ടി വരുന്നത്! ഫുട്ഓവര്‍ ബ്രിഡ്ജ് നോക്കിയിട്ട് അടുത്തെങ്ങും കാണുന്നില്ല.( പിന്നെയാണ് സബ് വേ യാണുള്ളതെന്നറിയുന്നത്)
ട്രെയിന്‍ കൃത്യസമയത്ത് വരികയും ചെയ്യുമെന്നറിയാം. ഭാരതത്തിലെ ട്രെയിന്‍ സംസ്‌കാരമല്ലല്ലോ അവിടെ. കൃത്യ നിഷ്ഠയ്ക്ക് പേരു കേട്ടയിടം. രണ്ട് വശത്തേക്കും നോക്കിത്തീരുന്നതിന് മുമ്പ് എന്റെ സഹയാത്രികന്‍ പരിഭ്രമിച്ച് റെയില്‍ ക്രോസ് ചെയ്ത് പതിയെ ഓടിത്തുടങ്ങി. വേണ്ട വേണ്ട എന്ന് ഞാന്‍ ഉച്ചത്തില്‍പ്പറയുന്നുണ്ടെങ്കിലും
അയാള്‍ ഓടി പകുതി ദൂരമെത്തിക്കഴിഞ്ഞിരുന്നു. സംഗതി കുഴഞ്ഞുവെന്നെനിക്ക് വ്യക്തമായി.
ഒരു ട്രെയിന്‍ ദൂരെ നിന്ന് വരുന്നത് കണ്ടു ഞാന്‍ നടുങ്ങി. വേഗം കുറവാണെങ്കിലും അതയാളെ ഇടിച്ചു തെറുപ്പിക്കാന്‍ നിമിഷങ്ങള്‍ മതി. എന്റെ ശ്വാസം നിന്നത് പോലെ തോന്നിയ നിമിഷം ട്രെയിന്‍ പോയത് ഭാഗ്യത്തിന് തൊട്ടപ്പുറത്തെ പാളത്തില്‍ കൂടിയായിരുന്നു! ആളുകള്‍ സ്തബ്ധരായി നോക്കി നില്‍ക്കുകയാണ്.
അയാള്‍ ഓടി എതിര്‍ പ്‌ളാറ്റ് ഫോമില്‍ പൊത്തിപ്പിടിച്ച് കയറിയതും യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥന്‍ വന്ന് അയാളുടെ മുന്നിലെത്തി വട്ടം നില്‍ക്കു ന്നത് കണ്ട് ഞാന്‍ അടുത്ത സബ് വേ വഴി ഓടി ആ പ്ലാറ്റ്‌ഫോമിലേക്കെത്തി. സംഭവം ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് വ്യക്തമായിരുന്നു.
ഞാന്‍ ഒരു വിധത്തില്‍ ഉദ്യോഗസ്ഥനെ പാസ്‌പോര്‍ട്ടും നേം കാര്‍ഡുമൊക്കെ കാണിച്ച് ബിസിനസ് സംബന്ധമായി വന്നതാണെന്നും പോകേണ്ട ട്രെയിന്‍ വന്നത് കണ്ട് സഹയാത്രികന്‍ പരിഭ്രമിച്ച് ചെയ്തതാണെന്ന് വിനയത്തോടെ പറഞ്ഞു. ഫെയറിന് വന്ന കാര്യവും ലാന്‍ക്‌സസ് ഫാക്ടറിയിലേക്ക് പോകുകയാണെന്നും ഞങ്ങള്‍ക്ക് വന്ന ക്ഷണപത്രം കാണിച്ച് പറഞ്ഞു കൊടുത്തു. അതോടെ ചൂടായി നിന്ന അയാള്‍ ഒന്ന് തണുത്തു.
ഇരുനൂറ് യൂറോ (ഏകദേശം പതിമൂവായിരം രൂപ)ഫൈനും ഒരാഴ്ച ജയില്‍വാസവുമാണ് ശിക്ഷ കൊടുക്കേണ്ടതെങ്കിലും ജര്‍മ്മനിയില്‍ ബിസിനസ് ആവശ്യത്തിന് വന്നത് കൊണ്ടും ട്രെയിനിന്റെ സമയമായത് കൊണ്ട് വെറുതെ വിടുന്നുവെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ശ്വാസം നേരെ വീണു. എന്റെ സഹയാത്രികന്‍ (നമുക്ക് ജെ എന്ന് വിളിക്കാം. ജെ പിന്നെയും കുഴപ്പമൊപ്പിക്കുന്നുണ്ട്) ഉദ്യോഗസ്ഥനോട് ക്ഷമ ചോദിച്ച് തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് പോകേണ്ട വണ്ടി പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ അതിലോടിക്കയറി.
ഏഴു പന്ത്രണ്ട് എന്ന കൃത്യ സമയം തന്നെ ട്രെയിന്‍ പുറപ്പെട്ടു.
ട്രെയിനിന്റെ അകം കണ്ട് മനം നിറഞ്ഞു. വിമാനത്തിനേക്കാളും ആഡംബരവും സൗകര്യങ്ങളും തോന്നി.
ജര്‍മ്മനിയില്‍ ട്രെയിന്‍ യാത്രാ നിരക്ക് അതേയിടത്തേക്കുള്ള വിമാനത്തിനേക്കാള്‍ കൂടുതല്‍ തന്നെയാണ്.
അടുത്തതായി ട്രെയിന്‍ നിര്‍ത്താന്‍ പോകുന്ന സ്‌റ്റേഷന്റെ പേരും സമയവും ഡിജിറ്റല്‍ ബോര്‍ഡില്‍ തെളിഞ്ഞു.
വിശാലമായ ഗ്ലാസ് ജനലുകളില്‍ക്കൂടി പുറം കാഴ്ചകള്‍ ഓടിക്കൊണ്ടിരുന്നു.
നല്ല വീതിയുള്ള കോറിഡോറിലൂടെ ഞങ്ങള്‍ ട്രെയിന്റെ അകത്ത് കൂടിത്തന്നെ പിന്നിലേക്ക് നടന്നു. പ്രാതല്‍ കഴിക്കാന്‍ ബോര്‍ഡ് ബിസ്‌ട്രോ വിലേക്ക് (നമ്മുടെ ട്രെയിനുകളിലെ പാന്‍ട്രി കാര്‍ പോലൊന്ന്) പോവാന്‍ വേണ്ടിയുള്ള നടത്തം.
വൃത്തിയും ഭംഗിയുമുള്ള ഒരു റെസ്‌റ്റോറന്റാണ് ബോര്‍ഡ് ബിസ്‌ട്രോ.
മനോഹരമായ വിരിയിട്ട മേശകളും ചിത്രപ്പണിയുള്ള കസേരകളും വിശാലമായ ചില്ലു ജാലകങ്ങളും.
ഒരു ബ്രേക്ക്ഫാസ്റ്റ് കോംബോ ഓര്‍ഡര്‍ കൊടുത്തു. റൊട്ടിയും ചീസും പഴങ്ങളും ഓംലറ്റുമടങ്ങിയ ലളിതമായ പ്രാതല്‍.
പക്ഷെ ഇരുവശത്തെയും കാഴ്ചകള്‍ മനോഹരമായിരുന്നു. സ്വപ്ന സമാനമായ ഭൂപ്രകൃതി കണ്ടുള്ള പ്രാതല്‍ അതീവ ഹൃദ്യമായിത്തോന്നി.
ടിക്കറ്റിലെഴുതിയ സമയത്തിന് ഒരു മിനിട്ട് പോലും വൈകാതെ ഞങ്ങള്‍ക്കിറങ്ങാനുള്ള സ്‌റ്റേഷനെത്തി. ലാന്‍ക്‌സസിലെ സീനിയര്‍ പ്രൊഡക്ട് സ്‌റ്റെഷലിസ്റ്റ് ഹാരിയും അയാളുടെ സഹപ്രവര്‍ത്തക സോഫിയും എന്റെ പേരെഴുതിയ ബോര്‍ഡ് കയ്യില്‍ വെച്ച് സ്‌റ്റേഷനിലെ സന്ദര്‍ശക ഏരിയയില്‍ നില്‍പ്പുണ്ടായിരുന്നു.
നേരത്തെ ഹാരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹാരി നേരിട്ടു വരേണ്ട ആവശ്യമില്ലെന്നും ഒരു െ്രെഡവറെ വണ്ടിയുമായി അയച്ചാല്‍ മതിയെന്നുമാണ് ഞാന്‍ പറഞ്ഞിരുന്നത്.
ബ്രിട്ടീഷുകാരന്‍ ഹാരിയെക്കണ്ടാല്‍ സിനിമാ നടന്‍ റോജര്‍ മൂറിനെ പോലെയുണ്ട്. ആറരയടി ഉയരവും അതിനൊത്ത ശരീരവും. ലീവ് ആന്റ് ലെറ്റ് ഡൈ എന്ന ജെയിംസ് ബോണ്ട് സിനിമ മനസില്‍ വന്നു. ഞാനതയാളോട് പറഞ്ഞു.
'എന്റെ ഭാര്യയെ എപ്പോഴെങ്കിലും കാണുമ്പോള്‍ പറയണേ' എന്ന് പറഞ്ഞ് അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് കണ്ണിറുക്കിക്കാണിച്ചു.
ഞങ്ങളെ അവര്‍ ഹാര്‍ദ്ദവമായി നഗരത്തിലേക്ക് സ്വാഗതം ചെയ്തു.
ജര്‍മ്മനിയിലെ ട്രെയിന്‍ യാത്ര എങ്ങനെയുണ്ടായിരുന്നെന്ന കുശലം പറച്ചില്‍.അയാളുടെ ഓരോ വാക്കിലും സന്ദര്‍ശകരോടുള്ള ആദരവ് വ്യക്തമായിരുന്നു.
ബെന്‍സിന്റെ കറുത്ത നിറമുള്ള ഒരു കൂറ്റന്‍ എസ് യു വി യില്‍ ഞങ്ങളെ കയറ്റി ഹാരി തന്നെ വണ്ടിയോടിച്ചു.
വീതിയുള്ള, വൃത്തിയുള്ള നിരത്തിലൂടെ അര മണിക്കൂര്‍ വണ്ടിയോടി,ഞങ്ങള്‍ റൈന്‍ നദിയുടെ തീരത്തുള്ള പടുകൂറ്റന്‍ വ്യവസായശാലയുടെ മുന്നിലെത്തി.
ലാന്‍ക്‌സസ് എന്ന ബോര്‍ഡ് ദൂരെ നിന്നേ കാണാമായിരുന്നു.
തുടരും