കാര്‍ബോഹൈഡ്രേറ്റ് കാരണമാണ് തടിവയ്ക്കുന്നതെന്ന വിശ്വാസം തെറ്റ്, ഇത് വായിക്കൂ
കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കുന്ന ഡയറ്റ് ഫോളോ ചെയ്യുന്നവര്‍ അറിയാന്‍, നല്ല കാര്‍ബോഹൈഡ്രേറ്റും മോശം കാര്‍ബോഹൈഡ്രേറ്റും തിരിച്ചറിഞ്ഞ് ഡയറ്റ് ക്രമീകരിക്കണം.
കാര്‍ബോ ഹൈഡ്രേറ്റ് പൂര്‍ണമായി ഒഴിവാക്കിയുള്ള ഡയറ്റാണ് തടികുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കാനുമുള്ള മാര്‍ഗമെന്ന് ഒരു പൊതു ധാരണയുണ്ട്. എന്നാല്‍ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യം വേണ്ട മൂന്നു മാക്രോന്യൂട്രിയന്റുകളില്‍ കാര്‍ബോഹൈഡ്രേറ്റ് പ്രധാനമാണ്. മറ്റ് രണ്ടെണ്ണം പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയാണ്. നമ്മള്‍ കഴിക്കുന്ന ആഹാരങ്ങളില്‍ ഈ മൂന്നു ഘടകങ്ങളും വ്യത്യസ്ത അളവില്‍ അടങ്ങിയിട്ടുണ്ടാകും. ചിലതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാകും, ചിലതില്‍ കുറവായിരിക്കും. അത് തിരിച്ചറിയുക മാത്രമല്ല ആവശ്യമായ കാര്‍ബോഹൈഡ്രേറ്റും അനാവശ്യ കാര്‍ബും തിരിച്ചറിയുകയും വേണം
'വണ്ണം കൂട്ടുന്ന' കാര്‍ബോഹൈഡ്രേറ്റ്
കാര്‍ബോഹൈഡ്രേറ്റ് ശരീത്തിലെത്തി ഗ്ലൂക്കോസ് ആയി വിഘടിക്കുന്നു. ഈ ഗ്ലൂക്കോസ് ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ശേഷിക്കുന്നത് ഗ്ലൈക്കോജനാക്കി കുറച്ച് കരളിലേക്കും പേശികളിലേക്കും നല്‍കുന്നു. ഗ്ലൈക്കോജനാക്കി സൂക്ഷിക്കാവുന്നതിലും അധികം ഗ്ലൂക്കോസ് ഉണ്ടെങ്കില്‍ അതു കൊഴുപ്പാക്കി മാറ്റി ശരീരത്തില്‍ സൂക്ഷിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നതല്ല പ്രശ്‌നം, നാം കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് നമുക്ക് വേണ്ടതിലും അധികമാണ് എന്നതാണ് പ്രശ്‌നം.
ശാരീരിക അധ്വാനമില്ലാതെ അധികം കാര്‍ബോഹൈഡ്രേറ്റ് കഴിക്കരുത് എന്നതാണ് സത്യം. ഉദാഹരണത്തിന് ഓഫിസ് ജോലി ചെയ്യുന്ന ഒരാള്‍ക്ക് ശാരീരിക അധ്വാനം കുറവാണ്, കാലറി കുറച്ചേ ചെലവാക്കാനാകൂ. എന്നാല്‍, പറമ്പില്‍ അധ്വാനിക്കുന്ന ആള്‍ക്ക് കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എരിച്ചുകളയാനാകും.
കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റ് വണ്ണം കുറയ്ക്കുമോ?
കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കരുത്. എന്നാല്‍ ഒരു വ്യക്തി, കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റാണ് കഴിക്കുന്നത് എന്നിരിക്കട്ടെ. ലോ കാര്‍ബ് ഡയറ്റുകള്‍ കാര്‍ബോഹൈഡ്രേറ്റ് അളവു കുറയ്ക്കുക വഴി ശരീരത്തിലെത്തുന്ന കലോറിയുടെ അളവും കുറയ്ക്കുന്നു. കാര്‍ബോഹൈഡ്രേറ്റിലൂടെ ശരീരം സ്വീകരിക്കുന്ന കലോറി തികയാതെ വരുമ്പോള്‍ ശരീരം സൂക്ഷിച്ചുവച്ചിരിക്കുന്ന പ്രോട്ടീനും കൊഴുപ്പും ഊര്‍ജാവശ്യത്തിനായി എരിച്ചുതീര്‍ക്കും. അങ്ങനെയാണ് ലോ കാര്‍ബ്- ഡയറ്റില്‍ ഭാരവും കുറയുന്നത്.
നല്ല കാര്‍ബോഹൈഡ്രേറ്റ്
എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോള്‍ നല്ല കാര്‍ബോഹൈഡ്രേറ്റു ലഭിക്കുന്നതും കുറയരുത്. കാര്‍ബോഹൈഡ്രേറ്റ് രണ്ടു തരമാണുള്ളത്. സിംപിള്‍ അഥവാ മോശം കാര്‍ബോഹൈഡ്രേറ്റ്, കോംപ്ലക്‌സ് അഥവാ നല്ല കാര്‍ബോഹൈഡ്രേറ്റ്. എളുപ്പം ദഹിക്കുന്നവയാണ് പേര് പോലെ തന്നെ സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ്. മധുരപലഹാരങ്ങള്‍, പഞ്ചസാര, ശര്‍ക്കര, മധുരപാനീയങ്ങള്‍, ഷേക്കുകള്‍, കേക്ക്, കുക്കീസ്, സംസ്‌കരിച്ച സീറിയലുകള്‍, സംസ്‌കരിച്ച ധാന്യങ്ങള്‍, വെള്ള ബ്രെഡ്, പാസ്ത എന്നിവയെല്ലാം പെട്ടെന്നു തന്നെ ദഹിച്ച് രക്തത്തിലേക്ക് ഗ്ലൂക്കോസ് പുറപ്പെടുവിക്കും. ഇവയാണ് തീരെ കുറയ്‌ക്കേണ്ടത്.
കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകളില്‍ നാരുകളും പോഷകങ്ങളും സമൃദ്ധമായുണ്ട്. അവ വിഘടിക്കാനും ദഹിക്കാനും സമയമെടുക്കും. മുഴു ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നാരുകളുള്ള പച്ചക്കറികള്‍, പഴങ്ങള്‍ ഇവയെല്ലാം കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകളാണ്. ഇവയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
ഇത്തരത്തില്‍ നിങ്ങള്‍ക്ക് സിംപിളായി ഡയറ്റ് ക്രമീകരിക്കാം. ഉദാഹരണത്തിന്, ഒരു ദിവസം തന്നെ കാര്‍ബോഹൈഡ്രേറ്റ് സമൃദ്ധമായ രണ്ടു പ്രധാനഭക്ഷണം കഴിക്കാതിരിക്കുക. ഉദാഹരണത്തിന് ചോറും കപ്പയും ഒരേ ദിവസം കഴിക്കരുത്. ശരീരം തീരെ അധ്വാനിക്കാത്ത രാത്രി നേരങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുക. എടുക്കുന്ന ഭക്ഷണം കാര്‍ബോഹൈഡ്രേറ്റ് മാത്രമാകാതെ സമീകൃതമാക്കാന്‍ ശ്രദ്ധിക്കുക.
ദോശയും ചട്‌നിയുമാകുമ്പോള്‍ രണ്ടിലും കാര്‍ബോഹൈഡ്രേറ്റിനാണ് മുന്‍തൂക്കം. ദോശയും സാമ്പാറുമാകുമ്പോള്‍ ആകെ കാര്‍ബോഹൈഡ്രേറ്റ് അളവു കുറയുന്നു. കൂടുതല്‍ സാമ്പാര്‍ രണ്ട് ദോശ എന്നത് പോലെ. പുട്ടും ചെറുപയറും കഴിക്കുമ്പോള്‍ കടലയും പയറും ധാരാളം കഴിക്കുന്നവര്‍ പുട്ടിന്റെ അളവു കുറയ്ക്കണം. കാരണം കടലയും പയറിലുമെല്ലാം കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെന്ന കാര്യം മറക്കരുത്.