കോവിഡിന്റെ ഏറ്റവും മാരകമായ വകഭേദം വരും മാസങ്ങളിലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യ, ഇസ്രയേല്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക് തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്.

Update:2021-07-22 18:58 IST

കോവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദം ഡെല്‍റ്റയുടെ അപകടകരമായ രൂപം ഓഗസ്റ്റ് മുതല്‍ വരും മാസങ്ങളില്‍ കാണേണ്ടി വന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന. മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപനശേഷിയുള്ളതായിരിക്കുമിതെന്ന് യു.എന്‍.ഹെല്‍ത്ത് ഏജന്‍സി അവരുടെ പ്രതിവാര എപ്പിഡെമോളജിക്കല്‍ അപ്‌ഡേറ്റിലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും ഇന്ത്യയിലാണിത് ആദ്യം സ്ഥിരീകരിക്കുന്നത്.

3.4 ദശലക്ഷം കോവിഡ് കേസുകളാണ് ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ പുതുതായി സ്ഥിരീകരിച്ചതെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ഇത് മുന്‍പത്തെ ആഴ്ചയിലെക്കാള്‍ 12 ശതമാനം കൂടുതലാണ്. അപകടസ്ഥിതി തുടരുകയാണെങ്കിലും സാമ്പത്തിക പ്രതസിന്ധി മുന്നില്‍ കണ്ട് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെയുള്ള മുന്നോട്ട് പോകേണ്ടി വരും. എന്നാല്‍ വാക്‌സിനേഷനൊപ്പം മുന്‍കരുതലുകള്‍ കൈക്കൊള്ളുകയാണ് പ്രധാനം.
വലിയൊരു ജനതയിലേക്ക് ഇനിയും വാക്‌സിനേഷന്‍ എത്തേണ്ടിയിരിക്കുന്നു. മാത്രമല്ല, ആളുകളുടെ കൂടിച്ചേരലും കൂടുതല്‍ വകഭേദങ്ങളുടെ വ്യാപനം എന്നിവ സ്ഥിതി അപകടകരമാകാന്‍ കാരണങ്ങളായി ഡബ്ല്യു.എച്ച്.ഒ വിലയിരുത്തുന്നു.
രാജ്യത്ത് കോവിഡ് കേസുകളും മരണവും നിയന്ത്രണവിധേയമെന്ന് പറയാനാകുന്നുണ്ടെങ്കിലും മൂന്നാം തരംഗം ഡെല്‍റ്റയുടെ സാന്നിധ്യത്തോടെ രൂക്ഷമായേക്കാമെന്നാണ് ആരോഗ്യ രംഗവും വിലയിരുത്തുന്നത്. നിലവില്‍ ഇന്ത്യയോടൊപ്പം ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇസ്രയേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിരിക്കുകയാണ്.


Tags:    

Similar News