ഡെങ്കിപ്പനിക്കാലം വീണ്ടും; പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍

പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട പനി സീസണാണിത്

Update:2023-11-27 11:42 IST

Image : Canva

ഏവരും പേടിക്കുന്ന രോഗമാണ് ഡെങ്കിപ്പനി (Dengue Fever). രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും വലിയ പ്രതിരോധം എന്ന് കേട്ടിട്ടില്ലേ. ഡെങ്കി സീസണ്‍ വീണ്ടുമെത്തുമ്പോള്‍ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടവരാണ് പ്രമേഹമുള്ളവര്‍.

രോഗ പ്രതിരോധത്തിന് പ്രമേഹ രോഗികള്‍ കൈക്കൊള്ളേണ്ട 5 മുന്‍കരുതലുകള്‍ നോക്കാം.


 1. ധാരാളം വെള്ളം കുടിക്കുക

ഡെങ്കിയെ പ്രതിരോധിക്കാന്‍ ഏറ്റവും അനിവാര്യമാണ് ധാരാളമായി വെള്ളം കുടിക്കുക എന്നത്. വെള്ളത്തിന് പുറമേ പ്രകൃതിദത്ത പഴങ്ങളുടെ ജ്യൂസ്, കരിക്കിന്‍ വെള്ളം, ഹെര്‍ബല്‍ ചായ എന്നിവ കുടിച്ച് ശരീരത്തിലെ ജലാംശം ബാലന്‍സ് ചെയ്ത് നിറുത്താം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഡെങ്കിപ്രതിരോധത്തിന് മാത്രമല്ല ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനും സഹായിക്കും.


 2. വേണം നല്ല ഡയറ്റ്

രോഗ പ്രതിരോധത്തിന് സുപ്രധാനമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ച്, പ്രമേഹമുള്ളവര്‍ ഭക്ഷണക്കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാവണം.
ഓറഞ്ച്, ആപ്പിള്‍, കിവി, മാതളനാരങ്ങ (pomegranates), പപ്പായ എന്നിവ ദിവസവും കഴിക്കുക. ഈ സ്വാദൂറും പഴങ്ങള്‍ പോഷകങ്ങളാല്‍ സമ്പന്നവുമാണ്. മധുരമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ധാന്യങ്ങള്‍ കഴിക്കാം. പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷ്യവസ്തുക്കള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നതും നല്ലതാണ്.


 3. വ്യായാമം, വിശ്രമം

പ്രമേഹമുള്ളവര്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് ബ്ലഡ് ഷുഗര്‍ ലെവൽ സ്ഥിരതയോടെ നിലനിറുത്താന്‍ സഹായിക്കും. അതേസമയം, ഡെങ്കി സീസണില്‍ വ്യായാമത്തിനൊപ്പം മികച്ച വിശ്രമവും വേണം.
വ്യായാമവും വിശ്രമവും സന്തുലിതമായി പാലിക്കുക. അമിതമായ വ്യായാമവും ആപത്താണ്. അത് നിങ്ങളുടെ പ്രതിരോധശേഷിയെ ബാധിക്കുകയും ഡെങ്കിപ്പനി പിടിപെടാനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്‌തേക്കാം. മിതമായ വ്യായാമം മാത്രം ചെയ്യുക. ആവശ്യത്തിന് വിശ്രമിക്കുക.


 4. ഷുഗര്‍ ലെവൽ പരിശോധന

നിങ്ങളുടെ ബ്ലഡ് ഷുഗര്‍ ലെവൽ ആശ്വാസതലത്തിലാണോയെന്ന് ഇടയ്ക്കിടെ പരിശോധിക്കണം. ഇത് മരുന്നുകളിലും ഭക്ഷണത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രയോജനപ്പെടും.


 5. തുരത്താം കൊതുകുകളെ

ഡെങ്കിപ്പനി പരത്തുന്ന വില്ലന്മാരാണ് കൊതുകുകള്‍. വീട്ടുപരിസരങ്ങളിലും മറ്റും കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കുക. പരിസരങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കുക. പ്രമേഹമുള്ളവര്‍ കഴിവതും കൊതുകുകടി കൊള്ളാതെ നോക്കണം.

(വിവരങ്ങള്‍ക്ക് കടപ്പാട് : സില്‍വര്‍ലൈന്‍ ഹോസ്പിറ്റല്‍, കെ.പി. വള്ളോന്‍ റോഡ്, കടവന്ത്ര, കൊച്ചി)
Tags:    

Similar News