വിറ്റമിന്‍- ഇ അടങ്ങിയ ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കൂ, പ്രതിരോധശേഷി കൂടും
കോവിഡ് കാലത്ത് രോഗപ്രതിരോധശേഷിക്കായി എല്ലാവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന 5 ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ അറിയാം. പുറത്തുപോകാതെ വീട്ടില്‍ ചെലവഴിക്കുന്ന സമയം ലഘു വ്യായാമങ്ങളോടൊപ്പം ഇവ കഴിക്കുന്നത് കൂടെ ശീലമാക്കൂ.
ഈ കൊവിഡ് കാലത്ത് പലരും ആരോഗ്യം സംബന്ധിച്ച് വളരെ ശ്രദ്ധാലുക്കളായിട്ടുണ്ട്. വണ്ണം വയ്ക്കാത്തതും എന്നാല്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതുമായ ഭക്ഷണത്തിനായാണ് പലരുടെയും തിരച്ചില്‍. ശരീരത്തിലെ ആന്തരികാവയവങ്ങളുടെ, പ്രത്യേകിച്ച് രക്തക്കുഴലുകളുടെ മികച്ച പ്രവര്‍ത്തനത്തിനും രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഉയര്‍ത്തുന്നതിനും വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കണം. വിറ്റമിന്‍ ഇ ക്യാപ്സ്യൂളുകള്‍ ഫാര്‍മസികളില്‍ ലഭ്യമാണെങ്കിലും ഡോക്റ്ററുടെ ഉപദേശമില്ലാതെ ഇവ കഴിക്കരുത്. ആഹാരക്രമത്തിലൂടെ തന്നെ വിറ്റമിന്‍ ഇ നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്. അതിനായി ഈ 5 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മിതമായ അളവില്‍ ഉള്‍പ്പെടുത്താനും മറക്കരുത്.
ഇലക്കറികള്‍: ചീരയും പാലക്കും പുതിനയും ഉള്‍പ്പെടുന്ന വിവിധ തരം ഇലക്കറികളില്‍ വിറ്റാമിനുകളും ധാതുക്കളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും ഫാറ്റി ലിവര്‍ തടയാനും ഇവ ശീലമാക്കാം. എന്നാല്‍ ബ്ലോട്ടിംഗ് (നീര് വയ്ക്കല്‍), കിഡ്നി സ്റ്റോണ്‍ എന്നിവ ഉള്ളവര്‍ ഡോക്ടറുടെ ഉപദേശത്തോടെ അളവ് നിശ്ചയിക്കുക.
ബ്രൊക്കോളി: ശരീരത്തിന് ആവശ്യമായ വിവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് ബ്രൊക്കോളി. വിറ്റാമിന്‍ ഇ മാത്രമല്ല നല്ല കൊഴുപ്പും അടങ്ങിയിട്ടുള്ള ബ്രൊക്കോളി ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അധികം വേവിക്കാതെയും നന്നായി വേവിച്ച് സൂപ്പ് പോലെയും കഴിച്ചാല്‍ ഗുണം ഏറെ. വെള്ളമൂറ്റിക്കളയാതെ പാചകം ചെയ്യാനാണ് ഡയറ്റിഷ്യനുകളുടെ അഭിപ്രായം.
ബദാം: വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം രാത്രി വെള്ളത്തിലിട്ട് വച്ച് തൊലി കളഞ്ഞ് പിറ്റേന്ന് കഴിക്കാം. തൊലിയോടെയും കഴിക്കാമെങ്കിലും ഗ്യാസ്ട്രൈറ്റിസ് ഉള്ളവര്‍ക്ക് ചിലപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്. പ്രീ വര്‍ക്കൗട്ട് മീല്‍ ആയോ പോസ്റ്റ് വര്‍ക്കൗട്ട് മീല്‍ ആയോ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാവാം. പ്രതിരോധശേഷി കൂട്ടുന്നതിനും ഹൃദയാരോഗ്യത്തിനും ദിവസവും ഒരു പിടി ബദാം ശീലമാക്കുക.
നിലക്കടല/ കപ്പലണ്ടി : ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടമായ നിലക്കടല തൊലി കളഞ്ഞ് കഴിക്കുക. മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പന്നമായ ഇവ മിതമായ അളവില്‍ വൈകുന്നേരങ്ങളില്‍ കഴിക്കാം. കാല്‍ കപ്പ് കപ്പലണ്ടിയില്‍ നിങ്ങള്‍ക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ ഇ-യുടെ 20 ശതമാനം അടങ്ങിയിരിക്കുന്നു. വെള്ളത്തില്‍ കുതിര്‍ത്തു വച്ച് രാവിലെ ഇത് അരച്ച് സാലഡ് പോലുള്ള ഭക്ഷണത്തിലുള്‍പ്പെടുത്തുകയുമാവാം.
കിവി: വിറ്റാമിന്‍ സി, ഇ, കെ, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവയുടെ മികച്ച ഉറവിടമായ കിവി. സാലഡിലോ, സ്മൂത്തിയായോ ഡ്രൈഫ്രൂട്ടായോ കഴിക്കാവുന്നതാണ്. കടയില്‍ നിന്നും വാങ്ങുന്ന മധുരപാനീയത്തില്‍ മുങ്ങിയ കിവി കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല.