യാത്രചെയ്യുമ്പോള്‍ കയ്യില്‍ സൂക്ഷിക്കാം; പ്രമേഹരോഗികള്‍ക്ക് പ്രതീക്ഷയായി പുതിയ ഇന്‍സുലിന്‍

റഫ്രിജിറേഷന്‍ ആവശ്യമില്ലാത്ത ഇന്‍സുലിന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.

Update:2021-09-25 14:34 IST

സാധാരണ താപനിലയില്‍ ഉപയോഗിക്കാവുന്ന ഇന്‍സുലിന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഇതുവരെ റഫ്രിജറേറ്ററില്‍ ശീതീകരിച്ച് ഉപയോഗിക്കുന്ന ഇന്‍സുലിന്‍ പ്രമേഹ രോഗികള്‍ക്ക് വളരെയേറെ കരുതലോടെ ഉപയോഗിക്കേണ്ടതുണ്ടായിരുന്നു. യാത്രയിലും മറ്റുമാണ് പലര്‍ക്കും ഇതൊരു ബുദ്ധമുട്ടായിരുന്നത്. എന്നാല്‍ ശീതീകരണം ആവശ്യമില്ലാത്ത ഇന്‍സുലിന്‍ എത്തുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

കൊല്‍ക്കത്ത ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജി എന്നിവയിലെയും ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലെയും ശാസ്ത്രജ്ഞരാണ് പുതിയ ഇന്‍സുലിന്‍ വികസിപ്പിച്ചിട്ടുള്ളത്. പ്രമുഖ അന്താരാഷ്ട്ര ശാസ്ത്രമാസികയായ 'ഐ സയന്‍സ്' ഈ ഗവേഷണഫലം അംഗീകരിച്ചിട്ടുമുണ്ട്.
യാത്രകളിലും മറ്റും സാധാരണ താപനിലയില്‍ ഇവ ആവശ്യമുള്ള സമയമത്രയും പുറത്ത് സൂക്ഷിക്കാമെന്ന് ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശുഭ്രാംശു ചാറ്റര്‍ജി പറഞ്ഞു.'ഇന്‍സുലോക്ക്' എന്നാണ് ഇവര്‍ പേരിട്ടിരിക്കുന്നതെങ്കിലും ബ്രാന്‍ഡിംഗ് ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. ആചാര്യ ജഗദീഷ്ചന്ദ്രബോസിന്റെ പേര് നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ശുഭ്രാംശു ചാറ്റര്‍ജി, ഐ.ഐ.സി.ബി.യിലെ ശാസ്ത്രജ്ഞനായ പാര്‍ഥ ചക്രവര്‍ത്തി, ഐ.ഐ.സി.ടി.യിലെ ശാസ്ത്രജ്ഞരായ ബി. ജഗദീഷ്, ജെ. റെഡ്ഡി എന്നിവരാണ് പുതിയ ഇന്‍സുലിന്റെ പിന്നിലെ ശാസ്ത്രജ്ഞര്‍. നാലു വര്‍ഷക്കാലം നീണ്ടുനിന്ന ഗവേഷണത്തിന് സാമ്പത്തികസഹായം ചെയ്തത് ഡി.എസ്.ടി.യും സി.എസ്.ഐ.ആറുമാണ്.
സാധാരണഗതിയില്‍ ഇന്‍സുലിന്‍ നാലുഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍ ഇന്‍സുലിന്‍ തന്മാത്രകള്‍ക്കുള്ളില്‍ നാല് അമിനോ ആസിഡ് പെപ്റ്റൈഡ് തന്മാത്രകളുടെ ഒരു ചട്ടക്കൂട് കടത്തിവിട്ടുകൊണ്ട് 65 ഡിഗ്രി സെല്‍ഷ്യസിലും പിടിച്ചുനില്‍ക്കാനാവുന്ന നിലയിലെത്തിച്ചതായി കണ്ടുപിടിത്തത്തിനുപിന്നിലെ സംഘം വ്യക്തമാക്കുന്നു.


Tags:    

Similar News