ആരോഗ്യത്തിന് ശ്രദ്ധ; ആയുഷ്മാന്‍ ഭാരത് വ്യാപിപ്പിക്കും, വരും കൂടുതല്‍ മെഡിക്കല്‍ കോളേജുകളും

മാതൃ-ശിശുപരിചരണം സംബന്ധിച്ചുള്ള വിവിധ പദ്ധതികള്‍ ഒരുകുടക്കീഴില്‍ സംയോജിപ്പിക്കും

Update:2024-02-01 16:47 IST

Image courtesy: canva

രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളുമായി ആരോഗ്യരംഗത്തിന് ഊര്‍ജം പകര്‍ന്ന് 2024 ഇടക്കാല ബജറ്റ്. നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകളാക്കി മാറ്റാന്‍ പദ്ധതിയുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്നും അവര്‍ പറഞ്ഞു.  

കണക്കുകള്‍ ഇങ്ങനെ

2024 സാമ്പത്തിക വര്‍ഷംആരോഗ്യ മേഖല 88,956 കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റോടെയാണ് ആരംഭിച്ചത്. പുതുക്കിയ എസ്റ്റിമേറ്റ് 79,221 കോടി രൂപയാണ്. നേരിയ കുറവ് രേഖപ്പെടുത്തി. അതേസമയം 2025 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് എസ്റ്റിമേറ്റ് 90,171 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷന് 2024 സാമ്പത്തിക വര്‍ഷം ബജറ്റ് എസ്റ്റിമേറ്റ് 36,785 കോടി രൂപയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് 33,886 കോടി രൂപയാണ്. മിഷനായുള്ള 2025 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് എസ്റ്റിമേറ്റ് 38,183 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ട്.

സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധം

സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധത്തിനായി വാക്‌സിനേഷന്‍ പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഒമ്പതു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കിടയിലാണ് ഈ വാക്‌സിനേഷന്‍ ലഭ്യമാക്കുക. സെര്‍വിക്കല്‍ ക്യാന്‍സറിന് ഉപയോഗിക്കുന്ന എച്ച്.പി.വി വാക്സിന്‍ നല്‍കിയതിനെ തുടർന്ന് ചില പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് മുമ്പ് വിവാദങ്ങളുയര്‍ന്നിരുന്നു. ആഗോളതലത്തില്‍, സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍ അര്‍ബുദം എന്നിവയ്ക്ക് ശേഷം സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന നാലാമത്തെ ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍.

മാതൃ-ശിശുപരിചരണനും മുഖ്യം

മാതൃ-ശിശുപരിചരണം സംബന്ധിച്ചുള്ള വിവിധ പദ്ധതികള്‍ ഒരുകുടക്കീഴില്‍ സംയോജിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മെച്ചപ്പെട്ട പോഷകാഹാര വിതരണം, കുട്ടിക്കാലത്തെ പരിചരണം, വികസനം എന്നിവയ്ക്കായി 'സാക്ഷം അംഗന്‍വാടി, പോഷന്‍ 2.0' എന്നിവയ്ക്ക് കീഴിലുള്ള അംഗന്‍വാടി കേന്ദ്രങ്ങളുടെ നവീകരണം വേഗത്തിലേക്കും. കുട്ടികള്‍ക്കിടയിലെ പ്രതിരോധകുത്തിവെപ്പ് ശക്തിപ്പെടുത്താന്‍ ആരംഭിച്ച മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ നടത്തിപ്പിനായി രൂപകല്‍പന ചെയ്ത യു-വിന്‍ പ്ലാറ്റ്‌ഫോം രാജ്യത്തുടനീളം വ്യാപിപ്പിക്കും.

ആയുഷ്മാന്‍ ഭാരതിന് കീഴിലേക്ക് ഇവരും

ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാ ആശാ പ്രവര്‍ത്തകരിലേക്കും അംഗന്‍വാടി ജീവനക്കാരിലേക്കും വ്യാപിപ്പിക്കും. എന്നാല്‍, ഇതിനായി ബജറ്റില്‍ പ്രത്യേകം തുക നീക്കിവെച്ചിട്ടില്ല. ആയുഷ്മാന്‍ ഭാരതിന് 2024 സാമ്പത്തിക വര്‍ഷം 4,260 കോടി രൂപയാണ് എസ്റ്റിമേറ്റിട്ടത്. പുതുക്കിയ എസ്റ്റിമേറ്റ് 2,100 കോടി രൂപയാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയുടെ ബജറ്റ് എസ്റ്റിമേറ്റ് 4,108 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. ഇത് പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി അഞ്ച് ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും.

Tags:    

Similar News