ഒമിക്രോണ്‍ രോഗബാധിതര്‍ വര്‍ധിക്കുന്നു, അതീവ ജാഗ്രതവേണമെന്ന് വിദഗ്ധര്‍
വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗം ബാധിച്ചവരുടെ എണ്ണം നൂറ് കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 11 സംസ്ഥാനങ്ങളിലായി 101 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചതായാണ് പുതിയ വിവരം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. 40 പേര്‍ക്കാണ് മുംബൈയില്‍ രോഗം പകര്‍ന്നിരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനാവശ്യ യാത്രകളും, ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ഒമിക്രോണ്‍ വ്യാപനത്തില്‍ റിപ്പോര്‍ട്ട് തേടി.
ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുന്നതിനാണ് മുന്‍ഗണനയെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. അതേസമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സ്പുട്‌നിക് V , സിനോഫാം എന്നിങ്ങനെ മൂന്ന് കോവിഡ് വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള കഴിവില്ല എന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മോഡേണ,ആസ്ട്രസെനക്ക, ഫൈസര്‍ തുടങ്ങിയ വാക്സിനുകള്‍ ഒമിക്റോണിനെതിരായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. എന്നാല്‍ യഥാര്‍ത്ഥ സ്ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആന്റിബോഡി പ്രതികരണം വളരെ കുറഞ്ഞ് നില്‍ക്കുന്നതായി തെളിഞ്ഞു.
ഇതിനിടെ ബൂസ്റ്റര്‍ ഡോസിന് ഒമിക്രോണില്‍ നിന്ന് 85 ശതമാനം സംരക്ഷണം നല്‍കാനേ സാധിക്കൂവെന്ന വിലയിരുത്തലുമായി ബ്രിട്ടനിലെ ഗവേഷകര്‍ രംഗത്തെത്തി. സാധാരണ കൊവിഡ് വാക്‌സീനുകളുടെ പ്രതിരോധ ശേഷിയേക്കാള്‍ കുറവാണിത്. എന്നാല്‍ ബൂസ്റ്റര്‍ വാക്‌സീന്‍, ഗുരുതര രോഗികളുടെ എണ്ണം കുറയ്ക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ 93045 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടാകുന്നത്. യുകെയില്‍ 111 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 147,000വുമായി.