പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന സമ്മാനമായി സൗജന്യ ആരോഗ്യ പരിചരണം; പദ്ധതി ഇങ്ങനെ
'ആയുഷ്മാന്‍ ഭവി'ന്റെ 10 പ്രത്യേകതകള്‍
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ 73ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി പുതിയ ആരോഗ്യ കാമ്പയിന്‍ അവതരിപ്പിച്ചു. 'ആയുഷ്മാന്‍ ഭവ്' എന്ന പേരില്‍ ആരോഗ്യ മന്ത്രാലയം രാജ്യവ്യാപകമായി ഒരു കാമ്പയിന്‍ അവതരിപ്പിക്കുകയാണ്. സെപ്റ്റംബര്‍ 13 ബുധനാഴ്ച പ്രസിഡന്റ് ദ്രൗപതി മുര്‍മു ആണ് ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
അറിയാം ആയുഷ്മാന്‍ ഭവ് ക്യാമ്പെയ്ന്‍ സംബന്ധിച്ച പത്തു കാര്യങ്ങള്‍:
1. രാജ്യത്തെ ഓരോ ഗ്രാമത്തിലും പട്ടണങ്ങളിലും സമഗ്ര ആരോഗ്യ പരിചരണം എന്ന ലക്ഷ്യത്തിലൂന്നിയുള്ളതാണ് ഈ പദ്ധതി.
2. ആരോഗ്യ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന 'ആയുഷ്മാന്‍ ഭാരതി'ന്റെ രൂപത്തിൽ പദ്ധതി പോലെയായിരിക്കും ഇതും.
3. ഒക്‌റ്റോബര്‍ രണ്ട് വരെയാണ് പദ്ധതി കാലാവധി.
4. സര്‍ക്കാര്‍ വകുപ്പുകള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ പൗരന്മാര്‍ക്കും സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി.
5. ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ആരോഗ്യക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ എന്നിവര്‍ അണിനിരക്കും.
6. മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് പദ്ധതി വിന്യസിച്ചിട്ടുള്ളത്. ആയുഷ്മാന്‍-ആപ്‌കേ ദ്വാര്‍ 3.0, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലെയും (HWCs) കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും (CHCs) ആയുഷ്മാന്‍ മേളകള്‍, ഓരോ വില്ലേജിലെയും പഞ്ചായത്തിലെയും ആയുഷ്മാന്‍ സഭകള്‍ എന്നിങ്ങനെയായിരിക്കും അത്.
7.സൗജന്യ ചികിത്സയും ആനുകൂല്യങ്ങളും ലഭിക്കുന്ന ആയുഷ്മാന്‍ കാര്‍ഡുകള്‍ നല്‍കുന്നതാണ് ആയുഷ്മാന്‍ ആപ്‌കേ ദ്വാര്‍ 3.0. PM-JAY (Ayushman Bharat Pradhan Mantri Jan Arogya Yojana) സ്‌കീമിലേക്ക് കൂടുതല്‍ പേരെ ഇതിലൂടെ ചേര്‍ക്കും.
8. സൗജന്യ ചെക്കപ്പുകളും രോഗനിര്‍ണയവും ചികിത്സയും ഉറപ്പുവരുത്തുന്ന ക്യാമ്പുകളും സമഗ്രപരിപാടികളും ഉള്‍പ്പെടുന്നതാണ് മേഖലകള്‍.
9. രോഗങ്ങളെക്കുറിച്ച് അവബോധം കൊടുക്കാനും രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിവു പകരാനും ഓരോ വില്ലേജിലും പഞ്ചായത്തിലും സഭകള്‍ കൂടുകയാണ് ആയുഷ്മാന്‍ സഭ എന്നതിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്.
10. നഗരാതിർത്തികൾ കടന്ന് രാജ്യത്തെമ്പാടും ആരോഗ്യ പരിരക്ഷ ഉറപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.