പാസ്‌വേഡും കാറിന്റെ താക്കോലും മറക്കുന്നവരാണോ നിങ്ങള്‍? അത് 'സ്യൂഡോ ഡെമെന്‍ഷ്യ' ആകാം; ഇന്ന് ലോക മാനസികാരോഗ്യ ദിനം
ചെറുതെന്നു കരുതുന്ന മറവിയും ഏകാഗ്രതക്കുറവും നിങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്
രാവിലെ ഓഫീസിലേക്ക് പോകാന്‍ ഒരുങ്ങിയിറങ്ങുമ്പോഴാകും തലേന്ന് ടെന്‍ഷനടിച്ച് കയറി വന്നപ്പോള്‍ എവിടെയോ വച്ച കാറിന്റെ താക്കോല്‍ മറന്നു പോകുന്നത്. എത്ര തിരഞ്ഞിട്ടും എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും അത് കിട്ടുന്നില്ല. വീണ്ടും വീണ്ടും തിരയുന്നു, അവസാനം ഓഫീസിലേക്ക് ഊബര്‍ വിളിച്ച് പോകാന്‍ നില്‍ക്കുമ്പോഴാണ് തലേന്നിട്ട ജീന്‍സിന്റെ പോക്കറ്റിലാണെങ്കിലോ എന്ന ചിന്ത വരുന്നത്. അങ്ങനെ താക്കോല്‍ കണ്ടെത്തുന്നു. പക്ഷെ, അത്രയും സമയം ഓര്‍മ എവിടേക്കാണ് പിടിതരാതെ ഓടിയത്.
അത്യാവശ്യമായി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പാസ്‌വേഡ് മറന്നു പോയന്നെു മനസ്സിലാക്കുന്നത്, മൂന്നു തെറ്റായ എന്‍ട്രി നടത്തി അക്കൗണ്ട് ബ്ലോക്ക് ആകുന്നു. കുറെ കഴിഞ്ഞ് തെളിനീരില്‍ പാറക്കല്ലുകള്‍ പോലെ അതാ പാസ്‌വേഡ് മനസ്സില്‍ തെളിയുന്നു. പലപ്പോഴും അത് ഓര്‍മിക്കാതെയും ആകാം. ഈ ഓര്‍മക്കുറവ് എപ്പോള്‍ വേണമെങ്കിലും ഏത് പ്രായക്കാരിലും വന്നേക്കാം. എങ്കിലും സമ്മര്‍ദ്ദത്തോടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരിലാണ് ഈ പ്രശ്‌നം കണ്ടു വരുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. പലപ്പോഴും തിരിച്ചറിയാതെ പോകുന്ന മറവിയുടെ ഈ അവസ്ഥ 'സ്യൂഡോ ഡെമെന്‍ഷ്യ' എന്ന രോഗ ലക്ഷണമായേക്കാം.
എന്താണ് 'സ്യൂഡോ ഡെമെന്‍ഷ്യ'
പേര് പറയും പോലെ 'സ്യൂഡോ ഡെമെന്‍ഷ്യ' യഥാർഥമല്ലാത്ത ഒരു രോഗാവസ്ഥയാണ്. ഓർമ നഷ്ടപ്പെടുന്ന, ജീവിതത്തിന്റെ സ്വാഭാവികത തെറ്റുന്ന സൂചനകളാണ് എന്ന് പറയുകയാണ് ആലുവ രാജഗിരി ഹോസ്പിറ്റല്‍ ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.സുനേഷ് ഇ.ആര്‍. ഈ അവസ്ഥയില്‍ അമിത സമ്മര്‍ദ്ദം തന്നെയാണ് പ്രകടമായി കാണപ്പെടുന്ന ലക്ഷണം. എന്നിരുന്നാലും അമിത ഡിപ്രഷനും ചിലരില്‍ കാണാറുണ്ട്. സ്ട്രെസ് കൂടുമ്പോൾ ജോലിയിലും ബിസിനസിലെ സമ്മർദ്ദം കൂടുമ്പോൾ ചെറിയ ചില മറവികള്‍ സ്വാഭാവികമാണ്. എന്നാല്‍ ഏറെ കാലമായി സ്ഥിരമായി ഓര്‍ക്കുന്ന പലതും മറക്കുന്നുണ്ടെങ്കിലാണ് വൈദ്യസഹായം തേടേണ്ടത്.
''സൈക്കോ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, ആന്റി ഡിപ്രസന്റ് മരുന്നുകള്‍ കഴിക്കല്‍ എന്നിവയൊക്കെയാണ് ഇതിന്റെ ചികിത്സയായി വിവിധ ഘട്ടങ്ങളില്‍ വരിക. 90 ശതമാനവും ഈ അവസ്ഥ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.'' ഡോക്റ്റര്‍ വിശദമാക്കുന്നു. ലളിതമായ ന്യൂറോ സൈക്കോളജിക്കല്‍ പരിശോധനയിലൂടെ ഇത് തിരിച്ചറിയാവുന്നതാണെന്നും ഡോക്റ്റര്‍ പറയുന്നു.
ഉറക്കം വേണം
5 മുതല്‍ 8 മണിക്കൂര്‍ വരെ സ്ഥിരമായി ഉറങ്ങുന്നവരില്‍ ഈ അവസ്ഥ അത്ര കാണാറില്ല. സമ്മര്‍ദ്ദത്തിനൊപ്പം ഉറക്കക്കുറവും കൂടിയുള്ളവര്‍ക്കാണ് 'സ്യൂഡോ ഡെമെന്‍ഷ്യ' കണ്ടെത്താറുള്ളത്. ഈ മാനസികാവസ്ഥയെ പ്രതിരോധിക്കാന്‍ ശാന്തമായി ഉറങ്ങുന്നത് ശീലമാക്കണമെന്നതാണ് വിദഗ്ധ പഠനം.
വലിയ രോഗാവസ്ഥ അല്ലെങ്കിലും മനസ്സ് പിടിതരാത്ത നിമിഷങ്ങളിലൂടെ ഈ അവസ്ഥയിലുള്ള വ്യക്തികള്‍ക്ക് കടന്നു പോകേണ്ടി വരും. റൊട്ടീന്‍ ബ്ലഡ് ടെസ്റ്റുകള്‍, വിറ്റമിന്‍ ബി12 ലെവല്‍ ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ് എന്നിവ പരിശോധിച്ച് വിദഗ്ധ സഹായം തേടി പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇതില്‍ നിന്ന് പുറത്തു കടക്കേണ്ടതാണെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. എല്ലാ മറവിയും മനസ്സ് നല്‍കുന്ന ചില സൂചനകളാണ്, മറക്കരുത്!