കേരളത്തില്‍ 20 വയസ്സിനുമുകളിലുള്ള നാലിലൊരാൾക്ക് 'പഞ്ചസാര'
ഭക്ഷണരീതിയോടൊപ്പം ജീവിതശൈലിയും ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ ചെറുക്കാം
രാജ്യത്ത് ഏറ്റവുമധികം പ്രമേഹ രോഗികളുള്ള സ്ഥലങ്ങളില്‍ മൂന്നാമത് കേരളമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-ഇന്ത്യ ഡയബറ്റിസ് (ICMR-INDIAB) പഠനം പറയുന്നു. ഐ.സി.എം ആര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പഠനം പരിശോധിച്ചാല്‍, ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി ഇന്ത്യ മാറിയതായി കാണാം. കണക്കനുസരിച്ച്, ഇന്ത്യയില്‍ 10.1 കോടി ജനങ്ങള്‍ ഇപ്പോള്‍ പ്രമേഹവുമായി ജീവിക്കുന്നു. ഇതില്‍ 25.5 ശതമാനം പ്രമേഹ രോഗികളും കേരളത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രേമഹ രോഗികളുടെ കണക്ക് കഴിഞ്ഞ 4 വര്‍ഷത്തില്‍ 44 ശതമാനം വര്‍ധിച്ചതായി കാണാം. 2019-ല്‍ രാജ്യത്ത് 70 ദശലക്ഷം (7 കോടി) ആളുകള്‍ക്ക് പ്രമേഹമുണ്ടായിരുന്നു. പഠനമനുസരിച്ച്, കേരളം മൂന്നാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഗോവയിലാണ്, 26.4 ശതമാനം. പുതുച്ചേരിയാണ് രണ്ടാം സ്ഥാനത്ത് (26.3 ശതമാനം). ഭക്ഷണ രീതിയോടൊപ്പം ജീവിത ശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ നിങ്ങളും ആ 10 കോടിയില്‍ ഉള്‍പ്പെട്ടേക്കാം.
പ്രമേഹത്തെ ചെറുക്കാന്‍ ഒഴിവാക്കണം ഈ ശീലങ്ങള്‍
1. വെറുതെയിരിക്കല്‍
കസേരയില്‍ ഏറെ നേരം ഇരുന്നുള്ള ജോലിയാണ് ഇന്ന് പലരെയും പല അസുഖങ്ങളിലേക്കും എത്തിക്കുന്നത്. വെറുതെയിരിക്കുക എന്ന് ഇവിടെ പറഞ്ഞത് നിങ്ങള്‍ ജോലി ചെയ്യാതെ ഇരിക്കുന്നു എന്നല്ല. കായികാധ്വാനമില്ലാതെയുള്ള ജോലിയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ വ്യായാമം ഉറപ്പായും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പ്രമേഹം(ടൈപ്പ് -2 ഡയബറ്റിസ്) ഉള്‍പ്പെടെയുള്ള ജീവതശൈലീ രോഗങ്ങള്‍ പിടിപെടും.
2. ഉയര്‍ന്ന കലോറിയും കുറഞ്ഞ പോഷകങ്ങളും
ഉയര്‍ന്ന കലോറിയും കുറഞ്ഞ പോഷകങ്ങളുമുള്ള ഭക്ഷണത്തിലേക്കുള്ള മാറ്റം ഉള്‍പ്പെടെയുള്ള ഭക്ഷണരീതികളിലെ മാറ്റങ്ങള്‍ പ്രമേഹ കേസുകളുടെ വര്‍ധനവിന് കാരണമായതായി ഡോക്റ്റര്‍മാര്‍ പറയുന്നു. എളുപ്പത്തിൽ വാങ്ങി കഴിക്കാം എന്നോർത്ത് 'ജങ്ക് ഫുഡ്' അധികം കഴിക്കേണ്ട. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്‌സ്, പഞ്ചസാര പാനീയങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുടെ വര്‍ധിച്ച ഉപഭോഗം ശരീരഭാരം വര്‍ധിപ്പിക്കുന്നതിലും ഇന്‍സുലിന്‍ പ്രതിരോധത്തിലും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം ഭക്ഷണത്തില്‍ നിന്നും മാറിനടക്കാം. എത്ര കഴിച്ചു എ്ന്നതിനുപകരം എത്ര പോഷകമുണ്ടെന്ന് പരിശോധിക്കാം.
3. ആരോഗ്യ പരിശോധനകള്‍ നടത്താതിരിക്കല്‍
ചിലര്‍ക്ക് പാരമ്പര്യമായി പ്രമേഹരോഗം പിടിപെടാറുണ്ട്. കുടുംബ ചരിത്രവും ജനിതക ഘടകങ്ങളും ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ചിലര്‍ ജീവതശൈലിയിലൂടെ ഇതിനെ ചെറുത്തുനില്‍ക്കുമെങ്കിലും ചിലര്‍ ക്രമേണ പ്രമേഹരോഗികളാകുന്നു.
രാജ്യത്ത് കുറഞ്ഞത് 13.6 കോടി ജനങ്ങള്‍ക്ക് പ്രീ ഡയബറ്റിസ് ഉണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയേക്കാള്‍ കൂടുതലുള്ള ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്നു. എന്നാല്‍ പ്രമേഹമെന്ന ലേബല്‍ വെക്കത്തക്കവിധം അവ ഇതുവരെ ഉയര്‍ന്നിട്ടില്ല.
എന്നാല്‍ പ്രീ ഡയബറ്റിസ് ഉള്ളവര്‍ക്ക് ഭാവിയില്‍ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണക്രമത്തിലെ മാറ്റങ്ങളും വ്യായാമവും ഉള്‍പ്പെടെയുള്ള ജീവിതശൈലി പരിഷ്‌ക്കരണങ്ങളിലൂടെ, പ്രീ-ഡയബറ്റിസില്‍ നിന്ന് പ്രമേഹത്തിലേക്കുള്ള പുരോഗതി തടയാനോ കാലതാമസം വരുത്താനോ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. നേരത്തെ തന്നെ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. ഹെല്‍ത്ത് ചെക്കപ്പുകള്‍ ചെയ്ത് ആരോഗ്യ സ്ഥിതിയെക്കുറിച്ച് എപ്പോഴും ഉറപ്പുവരുത്തുക.
4. അമിത മദ്യപാനം
അമിതമായ മദ്യപാനം പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ മദ്യപിക്കുന്നവരെങ്കില്‍ അത് വളരെ മിതമായ അളവിലായിരിക്കണമെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. ആരോഗ്യ പരിശോധനകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം.
5. വ്യായാമം ചെയ്യാതിരിക്കൽ
ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് പതിവ് വ്യായാമം. ശാരീരിക അധ്വാനമില്ലാതെയുള്ള ജോലികള്‍ ഒഴിവാക്കി ഓഫീസ് ജോലികള്‍ കഴിഞ്ഞാല്‍ ശരീരത്തിന് വ്യായാമം നല്‍കുന്ന ജോലികളില്‍ ഏര്‍പ്പെടാം. എളുപ്പവഴികള്‍ ഉപേക്ഷിക്കുകയാണ് ഇതിനുള്ള വഴി. ചെറിയ ദൂരങ്ങള്‍ പോകാന്‍ വാഹനമോടിക്കുന്നതിനുപകരം അല്‍പ്പം നടക്കാം. ഡയറ്റ് മാത്രം എടുത്താല്‍ ആരോഗ്യം ലഭിക്കില്ലെന്ന് തിരിച്ചറിയുക. നടത്തവും വ്യായാമവും ശീലിക്കണം. ഓഫീസില്‍ തന്നെയും ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് നടക്കാം. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ എയ്റോബിക് വ്യായാമം ചെയ്യുക. ജിമ്മില്‍ പോകുന്നവരെങ്കില്‍ അത് പതിവാക്കാം.
(reference from healthshots.com)