രാജ്യത്ത് നാലില്‍ മൂന്നു പേര്‍ക്ക് നോമോഫോബിയ!

ഫോണ്‍ കയ്യിലില്ലാതെ വരുമ്പോള്‍ ഉത്കണ്ഠയും ആശങ്കയും വര്‍ധിക്കുന്നവരുടെ എണ്ണം ഉയരുന്നു

Update:2023-05-21 20:05 IST

Image : Canva

രാജ്യത്ത് സ്മാര്‍ട്ട് ഫോണുപയോഗിക്കുന്ന നാലില്‍ മൂന്നു പേര്‍ക്കും നോമോഫോബിയയെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍ പോയ്ന്റും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയും നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. നമ്മള്‍ പോലുമറിയാതെ നമ്മളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം.

എന്താണ് നോമോഫോബിയ?
'നോ മൊബൈല്‍ ഫോണ്‍ ഫോബിയ' എന്നതിന്റെ ചുരുക്കരൂപമാണ് നോമോഫോബിയ. മൊബൈല്‍ ഫോണിനെ വിട്ടുപിരിയാനുള്ള ഭയത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. പലര്‍ക്കും ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍. കുറച്ചു നേരം സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഇല്ലാതെ വരുമ്പോഴോ അല്ലെങ്കില്‍ ബാറ്ററി ചാര്‍ജ് തീരുമ്പോഴോ അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ? എന്നാല്‍ നിങ്ങളും നോമോഫാബിയയുടെ പിടിയിലാണെന്ന് മനസിലാക്കുക. സ്മാര്‍ട്ട് ഫോണ്‍ സെപ്പറേഷന്‍ ആന്‍ക്‌സൈറ്റി എന്നും ഇതിനെ വിളിക്കാറുണ്ട്.
ഉത്കണ്ഠ, ആശങ്ക, ഭയം
കൗണ്ടര്‍ പോയ്ന്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബാറ്ററി, ചാര്‍ജിംഗ് എന്നിവയുമായി ബന്ധപ്പെട്ടതാണ് നോമോഫോബിയയുടെ പ്രധാന പ്രശ്‌നങ്ങള്‍. ഫോണിന്റെ ബാറ്ററി തീരുമ്പോള്‍ അസുഖകരമായ അവസ്ഥ അനുഭവപ്പെടുന്നായി സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം പേര്‍ വെളിപ്പെടത്തി. അതേസമയം, 28 ശതമാനം പേരില്‍ ഇത് ഉത്കണ്ഠയാണ് ഉണ്ടാകുന്നത്.
ഉത്കണ്ഠ, വിഷാദം, എന്തെങ്കിലും നഷ്ടടപ്പെടുമോ എന്ന തോന്നല്‍, സുരക്ഷിതമില്ലായ്മ, ഭയം, എന്നിങ്ങനെ പല വികാരങ്ങളാണ് ആളുകള്‍ക്ക് ഉണ്ടാകുന്നത്.
കൗതുക ശീലങ്ങള്‍
കൗതുകകരമായ വസ്തുതകളാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ ശീലങ്ങളെ കുറിച്ച് സര്‍വേ വെളിപ്പെടുത്തുന്നത്.ബാറ്ററി ചാര്‍ജ് ചെയ്യുന്ന സമയത്തു പോലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം പേരും പറഞ്ഞു. കൂടുതല്‍ നേരം ബാറ്ററിയുടെ ചാര്‍ജ് നിലനില്‍ക്കാന്‍ 92 ശതമാനം പേര്‍ പവര്‍ സേവിംഗ് മോഡ് ഉപയോഗിക്കുന്നു. ചിലരാകട്ടെ ദിവസത്തില്‍ രണ്ടു തവണ ഫോണ്‍ ചാര്‍ജ് ചെയ്യുന്നു. ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും സ്മാര്‍ട്ട്‌ഫോണിലാണെന്ന് 40 ശതമാനം പേര്‍ പറയുന്നു..
ഫോണിന്റെ ബാറ്ററി ചാര്‍ജ് 20 ശതമാനത്തിലേക്ക് താഴ്ന്നാല്‍ 72 ശതമാനം പേര്‍ക്കും ഉത്കണ്ഠ അനുഭവപ്പെടുന്നു. 30 ശതമാനത്തിനും 50 ശതമാനത്തിനുമിടയില്‍ ബാറ്ററി ചാര്‍ജ് താഴ്ന്നാല്‍ 10 ല്‍ ഒമ്പതു പേര്‍ക്കും ഉത്കണ്ഠയുണ്ടാകുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. 50 വയസിനു മുകളില്‍ പ്രായമുള്ളവരാണ് ബാറ്ററി ചാര്‍ജ് 20 ശതമാനത്തിലേക്ക് താഴ്ന്നാല്‍ ഏറ്റവും കൂടുതല്‍ ഉത്കണ്ഠ അനുഭവിക്കുന്നത്.
Tags:    

Similar News