യു.എ.ഇക്ക് വേണം ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും; മലയാളികള്‍ക്ക് മികച്ച അവസരം
2030ഓടെ ദുബൈയില്‍ മാത്രം പ്രതീക്ഷിക്കുന്നത് 11,000ലധികം നേഴ്‌സുമാരുടെ ഒഴിവുകള്‍
ആരോഗ്യസേവന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന യു.എ.ഇയില്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങള്‍. നിലവില്‍ യു.എ.ഇയുടെ ആരോഗ്യസേവന (Healthcare) മേഖല ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും അനുപാതം രാജ്യാന്തര ശരാശരിയേക്കാളും കുറവാണ്. ഈ കുറവ് നികത്തി മുന്നോട്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.
നിലവില്‍ യു.എ.ഇയില്‍ ആയിരം പേര്‍ക്ക് 2.9 ഡോക്ടര്‍മാര്‍ വീതമേയുള്ളൂ. നേഴ്‌സുമാരുടെ അനുപാതം 6.4 ആണ്. വികസിത രാജ്യങ്ങളെയും രാജ്യാന്തര നിലവാരവും പരിഗണിച്ചാല്‍ ഡോക്ടര്‍മാരുടെ അനുപാതം 4ന് മുകളിലും നേഴ്‌സുമാരുടേത് 9ന് മുകളിലുമാണ്. ഈ വിടവ് നികത്തുകയുമാണ് യു.എ.ഇ ഉന്നമിടുന്നത്.
മലയാളികള്‍ക്ക് മികച്ച അവസരം
നിലവില്‍ യു.എ.ഇയുടെ ആരോഗ്യസേവന മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ മുന്തിയപങ്കും ഇന്ത്യക്കാരാണ്. അതില്‍ മലയാളികളാണ് കൂടുതലും. മികച്ച തൊഴില്‍ വൈദഗ്ദ്ധ്യം, ആശയവിനിമയ ശേഷിയിലെ മികവ്, നിലവാരമുള്ള ഇംഗ്ലീഷ് പരിജ്ഞാനം എന്നിങ്ങനെ കഴിവുകളാണ് ആഗോളതലത്തില്‍ മലയാളി നേഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും സ്വീകാര്യത വര്‍ദ്ധിക്കാനുള്ള കാരണം.
അബുദാബി മാത്രം പരിഗണിച്ചാല്‍ നിലവില്‍ ആകെ 27,193 നേഴ്‌സുമാരാണുള്ളതെന്ന് കോളിയേഴ്‌സ് ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2030ഓടെ 37,000ലധികം നേഴ്‌സുമാരുടെ സേവനം അബുദാബിക്ക് വേണ്ടിവരും. അതായത് തുറക്കപ്പെടുന്നത് 10,000ലധികം തൊഴിലവസരം. ദുബൈയില്‍ 11,000ഓളം നേഴ്‌സുമാരെയും അധികമായി വേണമെന്നാണ് വിലയിരുത്തലുകൾ. യു.എ.ഇക്കാകെ ആവശ്യമായി വരിക 33,000ലധികം നേഴ്‌സുമാരെ.
ആരോഗ്യം പ്രധാനം
യു.എ.ഇയില്‍ ജനസംഖ്യ ഉയരുകയാണ്. മുതിര്‍ന്ന പൗരന്മാരുടെ എണ്ണവും കൂടുന്നു. രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനയും ആശങ്കയാണ്. രാജ്യം മെഡിക്കല്‍ ടൂറിസത്തിനും മികവുറ്റ ആരോഗ്യസേവനത്തിനും വലിയ പ്രാധാന്യം നല്‍കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമേഖലയില്‍ കാതലായ മാറ്റങ്ങള്‍ക്ക് യു.എ.ഇ ഒരുങ്ങുന്നത്.
157 ആശുപത്രികളാണ് നിലവില്‍ യു.എ.ഇയിലുള്ളത്. ഇതില്‍ 104 എണ്ണവും സ്വകാര്യമേഖലയിലാണ്. മലയാളികളായ ഡോ.ആസാദ് മൂപ്പന്‍, ഡോ.ഷംസീര്‍ വയലില്‍ തുടങ്ങിയവര്‍ നയിക്കുന്ന ആശുപത്രി ശൃംഖലകളും ഇതിലുള്‍പ്പെടുന്നു. സൈക്യാട്രി, സൈക്കോളജി, എമര്‍ജന്‍സി മെഡിസിന്‍, ഫിസിയോതെറാപ്പി, റേഡിയേഷന്‍ ഓങ്കോളജി, ഇന്റന്‍സീവ് കെയര്‍, ഓര്‍ത്തോപീഡിക് സര്‍ജറി, ഒക്കുപേഷണല്‍ തെറാപ്പി, ലാബ് ടെക്‌നിഷ്യന്‍, എമര്‍ജന്‍സി ടെക്‌നിഷ്യന്‍സ് വിഭാഗങ്ങളിലാണ് യു.എ.ഇ കൂടുതല്‍ തൊഴിലവസരങ്ങള്‍.