ഫാറ്റിലിവറിനെ ചെറുക്കാം; കടല്‍പായല്‍ ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ സിഎംഎഫ്ആര്‍ഐ

പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ ഉല്‍പന്നത്തിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണ്

Update:2022-12-21 12:00 IST

കൊച്ചി: നോണ്‍ആല്‍കഹോളിക് ഫാറ്റിലിവറിനെ ചെറുക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കടല്‍പായലില്‍ നിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉല്‍പന്നം ഉടന്‍ വിപണിയിലെത്തും. കടല്‍മീന്‍ ലിവ്ക്യവര്‍ എക്സ്ട്രാക്റ്റ് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോടെക്കുമായി സിഎംഎഫ്ആര്‍ഐ ധാരണയായി.

കടല്‍പായലില്‍ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിച്ച് വികസിപ്പിച്ച ഉല്‍പന്നത്തിന്റെ സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള അനുമതി പത്രം സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണനും എമിനിയോടെക് മാനേജിംഗ് ഡയറക്ടര്‍ ഇവാന്‍ജലിസ്റ്റ് പത്രോസും ഒപ്പുവെച്ചു. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകള്‍ നിയന്ത്രണവിധേയമാക്കുന്നതിനും ഈ ഉല്‍പന്നം സഹായകരമാണെന്ന് സിഎംഎഫ്ആര്‍ഐയുടെ ഗവേഷണത്തിലൂടെ ബോധ്യപ്പെട്ടതാണെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ ഉല്‍പന്നത്തിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണ്. ഉല്‍പന്നം വികസിപ്പിച്ചതുമുതല്‍ വലിയ അളവില്‍ ആവശ്യക്കാര്‍ സിഎംഎഫ്ആര്‍ഐയെ സമീപിക്കുന്നുണ്ട്. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ക്കുള്ള സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. ആരോഗ്യസംരക്ഷണ രംഗത്ത് കടല്‍പായലുകള്‍ക്കുള്ള അനന്തസാധ്യതകള്‍ മനസ്സിലാക്കി ഇവയുടെ കൃഷി വന്‍തോതില്‍ വികസിപ്പിക്കുന്നതിന് സിഎംഎംഫ്ആര്‍ഐ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ കാജല്‍ ചക്രബര്‍ത്തിയാണ് ഉല്‍പ്പന്നം വികസിപ്പിച്ചത്. നേരത്തെ പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമര്‍ദം, തൈറോയിഡ് എന്നീ രോഗങ്ങള്‍ക്കെതിരെയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുതിനുമായി സിഎംഎഫ്ആര്‍ഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ സ്വകാര്യ കമ്പനികള്‍ വഴി വിപണിയിലെത്തിച്ചിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ ഉല്‍പന്നം വിപണിയിലെത്തിക്കുമെന്ന് എമിനിയോടെക് മാനേജിംഗ് ഡയറക്ടര്‍ ഇവാന്‍ജലിസ്റ്റ് പത്രോസ് പറഞ്ഞു. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ പ്രധാന ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും എല്ലാ ജില്ലകളിലും നേരിട്ടും വിപണനം നടത്തും.

Tags:    

Similar News