25.6 ലക്ഷം കോടി രൂപ ത്രൈമാസ വരുമാനവുമായി കമ്പനികള്‍

റിപ്പോര്‍ട്ട് പ്രകാരം, വരുമാനം കൂടിയെങ്കിലും പണപ്പെരുപ്പത്തെ തുടര്‍ന്ന് ചെലവ് വര്‍ധിച്ചതോടെ ലാഭത്തില്‍ 5.4 ശതമാനം കുറവ്

Update:2022-11-19 11:05 IST

കഴിഞ്ഞ ത്രൈമാസത്തില്‍ രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്കെല്ലാം കൂടി നേടിയത് 25.6 ലക്ഷം കോടി രൂപ വരുമാനം. ബാങ്ക് ഓഫ് ബറോഡ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. 2022-23 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കാണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം അധിക വരുമാന വളര്‍ച്ചയാണ് കമ്പനികള്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം വരുമാനത്തേക്കാള്‍ കൂടിയ നിരക്കിലാണ് ചെലവ് വര്‍ധിക്കുന്നത്. 30.7 ശതമാനം വര്‍ധിച്ച് ചെലവ് 20.66 ലക്ഷം കോടി രൂപയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈലവ് വര്‍ധിച്ചതോടെ അറ്റ ലാഭത്തിലും കുറവുണ്ടായി. 5.4 ശതമാനം കുറഞ്ഞ് 2.18 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ത്രൈമാസത്തില്‍ കമ്പനികള്‍ നേടിയ ലാഭം.

ബാങ്കിംഗ് ഫിനാന്‍സ് സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (BFSI) ഇതര, ഐറ്റി ഇതര കമ്പനികള്‍ ചേര്‍ന്നാണ് ആകെ വരുമാനത്തില്‍ 19.3 ലക്ഷം കോടി രൂപയും നേടിയിരിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പം വന്‍തോതില്‍ ബാധിച്ചതോടെ അവരുടെ ചെലവില്‍ 34.4 ശതമാനം ഉയരുകയും 17.4 ലക്ഷം കോടി രൂപയും ചെലവിനത്തില്‍ പോകുകയും ചെയ്തു. മറ്റു കമ്പനികളെ അപേക്ഷിച്ച് ഇത്തരം കമ്പനികളുടെ അറ്റലാഭത്തില്‍ നാല് മടങ്ങ് വരെ ഇടിവും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓട്ടോ, റീറ്റെയ്ല്‍, ട്രേഡിംഗ്, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍. ഇന്‍ഡസ്ട്രിയല്‍ ഗ്യാസ്്, ഫ്യുവല്‍സ്, പവര്‍, പേപ്പര്‍, കെമിക്കല്‍സ്, ലോജിസ്റ്റിക്‌സ് എന്നിവയുടെ വരുമാനത്തില്‍ 25-110 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡയമണ്ട് & ജൂവല്‍റി, കാപിറ്റല്‍ ഗുഡ്‌സ്, റിയല്‍റ്റി, ടെക്‌സ്റ്റൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് തുടങ്ങിയ മേഖലയില്‍ വരുമാനം കുറയുകയും ചെയ്തു.

ഖനനം, ഫോട്ടോഗ്രാഫിക് മേഖലകള്‍ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

വരുമാനം കുറഞ്ഞെങ്കിലും റിയല്‍റ്റി, ഡയമണ്ട് ആന്‍ഡ് ജൂവല്‍റി, ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് തുടങ്ങിയവയുടെ ലാഭം കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News