എംആര്‍എഫിന്റെ ഏകീകൃത ലാഭത്തില്‍ 25 ശതമാനം ഇടിവ്

123.6 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ ടയര്‍ നിര്‍മാതാക്കള്‍ രേഖപ്പെടുത്തിയ ഏകീകൃത ലാഭം

Update:2022-08-10 09:58 IST

നടപ്പുസാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ അറ്റാദായത്തില്‍ 25.35 ശതമാനം ഇടിവുമായി ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ലിമിറ്റഡ് (MRF Limited). 123.6 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 165.58 കോടി രൂപയായിരുന്നു എംആര്‍എഫിന്റെ ഏകീകൃത ലാഭം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 4,183.96 കോടി രൂപയില്‍ നിന്ന് ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 5,695.93 കോടി രൂപയായെന്ന് എംആര്‍എഫ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തിലെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തെ 4,054.24 കോടി രൂപയില്‍ നിന്ന് 5,566.63 കോടി രൂപയായി.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കറന്‍സി മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായെന്നും അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എംആര്‍എഫ് ലങ്ക (പി) ലിമിറ്റഡിന്റെ ഏകീകരണത്തില്‍ പുനര്‍നിര്‍ണയ നഷ്ടം സംഭവിച്ചതായും കമ്പനി പറഞ്ഞു.
അതേസമയം, സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ നോണ്‍കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 100 കോടി രൂപ സമാഹരിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ട് ശതമാനം ഇടിഞ്ഞ എംആര്‍എഫ് ഓഹരി 86,035 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.


Tags:    

Similar News