'ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടന്‍'

Update:2018-08-08 15:13 IST

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തില്‍ ടൂറിസം മേഖലക്കുള്ള പങ്ക് വളരെ പ്രധാനമാണ്. അതിന് സഹായകരമായിട്ടുള്ള ഒരു ടൂറിസം നയം ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ളതിനാല്‍ അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതില്‍ ഏറ്റവും പ്രധാനം ഉത്തരവാദിത്ത ടൂറിസമാണ്. ഇത് പരിസ്ഥിതി സൗഹൃദവും മാലിന്യമുക്തവും ഭിന്നശേഷി സൗഹൃദവുമാണ്. നാടിന്റെ സമസ്ത സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് തദ്ദേശവാസികളായിട്ടുള്ള ജനങ്ങള്‍ക്ക് കൂടി ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി അവരുടെ സാമ്പത്തിക വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ കാതല്‍. 2008ല്‍ ആരംഭിച്ചതാണെങ്കിലും ഇപ്പോള്‍ അതിലേക്കായി ഒരു സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും ഏതാണ്ട് 750 ഓളം യുവതീയുവാക്കളെ കണ്ടെത്തി പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണ്.

മലബാര്‍ റിവര്‍ ക്രൂസ്, ജഡായുപാറ

സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ പുതിയ ടൂറിസം ഉല്‍പ്പന്നങ്ങളും ഗവണ്‍മെന്റ് വികസിപ്പിക്കുന്നുണ്ട്. മലബാറിന്റെ ടൂറിസം വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള 350 കോടി രൂപയുടെ മലനാട് മലബാര്‍ റിവര്‍ ക്രൂസ് പദ്ധതിയാണ് അതിലൊന്ന്. മലബാറിലെ ഭൂമിയുടെയും നദികളുടെയും തനിമയും ന•യുമൊക്കെ സംരക്ഷിച്ചുകൊണ്ട് നടപ്പാക്കപ്പെടുന്ന പുതിയൊരു ഉല്‍പ്പന്നമാണിത്. ചടയമംഗലത്തെ ജഡായുപാറയാണ് മറ്റൊരു പുതിയ ഉല്‍പ്പന്നം. ഇതൊരു സംയുക്ത സംരംഭമാണ്. സംസ്ഥാന ഗവണ്‍മെന്റും സ്വകാര്യ സംരംഭകരും ചേര്‍ന്ന് ടൂറിസം മേഖലയില്‍ എങ്ങനെ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ജഡായുപാറ. അടുത്തമാസം ഇത് ഉദ്ഘാടനം ചെയ്യപ്പെടും.

സംരംഭകരെ ബുദ്ധിമുട്ടിക്കില്ല

ടൂറിസത്തിന്റെ സാധ്യതകള്‍ തന്നെയാണ് കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും തൊഴിലില്ലായ്മക്കുമൊക്കെ ഒരു പരിഹാരമായി കാണാവുന്നത്. കേവലം കുറച്ച് വിദേശികള്‍ക്കും നാട്ടിലെ ഏതാനും ഹോട്ടല്‍ ഉടമകള്‍ക്കും മാത്രമല്ല സമൂഹത്തിനാകെ ടൂറിസം ഉപയോഗപ്പെടണമെന്ന നിലയിലുള്ള ഒരു വികസന പരിപ്രേക്ഷ്യമാണ് ഗവണ്‍മെന്റ് ടൂറിസം രംഗത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ നിരവധി ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കുന്നുണ്ട്. പഴയ ഡെസ്റ്റിനേഷനുകളില്‍ എല്ലാം തന്നെ ആളുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ പുതിയ കാര്യങ്ങള്‍ നടപ്പാക്കുന്നു. നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതുപോലെ ഒരു ടൂറിസം റെഗുലേറ്ററി അഥോറിറ്റി വരികയാണ്. ഈ രംഗത്ത് റെഗുലേറ്റര്‍ ഇല്ലാത്തതിനാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും അരാജകമായിട്ടുള്ള സാഹചര്യമുണ്ടാകുന്നുണ്ട്. അഥോറിറ്റി വരുന്നതോടെ ഈ രംഗത്ത് ഒരു നിയന്ത്രണമുണ്ടാകുമെങ്കിലും അതുകൊണ്ട് സംരംഭകര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ്.

ടൂറിസം രംഗത്ത് ഒരു റെഗുലേറ്റര്‍ വേണമെന്നത് ഇന്‍ഡസ്ട്രിയുടെ തന്നെ ആവശ്യമായിരുന്നു. അല്ലാതെ ഗവണ്‍മെന്റ് ഇന്‍ഡസ്ട്രിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു കാര്യമല്ല. അനിയന്ത്രിതമായിട്ടുള്ള ഒരു അവസ്ഥ ടൂറിസം രംഗത്ത് വലിയ തോതിലുള്ള ദോഷമുണ്ടാക്കുന്നുണ്ട്. ഉദാഹരണമായി ആലപ്പുഴയിലെ വേമ്പനാട് കായലിനും പുന്നമടക്കായലിനും താങ്ങാവുന്നതിന് അപ്പുറമുള്ള ഹൗസ്‌ബോട്ടുകളാണ് അവിടെയുള്ളത്. വൈക്കത്തും കൊടുങ്ങല്ലൂരിലുമൊക്കെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബോട്ടുകള്‍ ഓടുന്നത് ആലപ്പുഴയിലാണ്. മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കായലൊക്കെ മലിനപ്പെട്ടിരിക്കുകയാണ്. ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ഇന്‍ഡസ്ട്രി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് അഥോറിറ്റി രൂപീകരിക്കുന്നത്.

മലബാര്‍ ഹോട്ട്‌സ്‌പോട്ട്

കഴിഞ്ഞ മൂന്നുമാസത്തിനിടെ തദ്ദേശീയരും വിദേശീയരുമായിട്ടുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 18 ശതമാനത്തിലധികം വര്‍ധനയാണ് കേരളത്തിലുണ്ടായത്. അത്തരത്തിലുള്ള ഒരു വൈബ്രന്‍സി ഈ രംഗത്ത് വന്നിട്ടുണ്ട്. കേരള ബ്ലോഗ് എക്‌സ്പ്രസിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അനേകം ബ്ലോഗേഴ്‌സിനെ കഴിഞ്ഞ പ്രാവശ്യവും കേരളമൊട്ടാകെ കൊണ്ടുപോയിരുന്നു. അതിന്റെയൊക്കെ ഫലമായി ഏഷ്യയില്‍ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങളില്‍ മൂന്നാമത്തെ സ്ഥലമായി മലബാറിനെ ലോണ്‍ലി പ്ലാനറ്റ് തെരെഞ്ഞെടുത്തുവെന്നതും ശ്രദ്ധേയമാണ്.

Similar News