മൂവാറ്റുപുഴയില്‍ പുതിയ വ്യവസായ പാര്‍ക്ക് തുടങ്ങി പ്രമുഖ മലയാളി സ്റ്റാര്‍ട്ടപ്പ്

ജെൻറോബോട്ടിക്‌സ് ഇന്നോവേഷന്‍സ് ഇലാഹിയ എന്‍ജിനീയറിംഗ് കോളേജിലാണ് പുതിയ സംവിധാനം ആരംഭിച്ചത്

Update:2024-05-03 17:49 IST

Image courtesy: genrobotics

പ്രമുഖ മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെൻറോബോട്ടിക്‌സ് ഇന്നോവേഷന്‍സ് മൂവാറ്റുപുഴയിലെ ഇലാഹിയ എന്‍ജിനീയറിംഗ് കോളേജില്‍ പുതിയ വ്യവസായ പാര്‍ക്ക് ആരംഭിച്ചു. നിര്‍മിത ബുദ്ധിയും റോബോട്ടിക്സും സംയോജിപ്പിച്ച് ഗവേഷണവും നൂതന സാങ്കേതിക വിദ്യയും നടപ്പാക്കുകയാണ് ലക്ഷ്യം. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ 3 കോടി രൂപ മുതല്‍ മുടക്കിയാണ് സജ്ജമാക്കിയത്.

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി കരുതപ്പെടുന്ന ജെൻറോബോട്ടിക്‌സ് മനുഷ്യ വിസര്‍ജ്ജനം വൃത്തിയാക്കാനായി ബാന്‍ഡി കൂട്ട് എന്ന റോബോട്ടിക്സ് യന്ത്രം വികസിപ്പിച്ച് ലോക ശ്രദ്ധ നേടിയ സ്ഥാപനമാണ്. നിഖില്‍ എന്‍.പി, വിമല്‍ ഗോവിന്ദ് എം.കെ, അരുണ്‍ ജോര്‍ജ്, റഷീദ് കെ. എന്നിവര്‍ തുടങ്ങിയ സംരംഭമാണ് ഇപ്പോള്‍ റോബോട്ടിക്സ് രംഗത്ത് പുതിയ നേട്ടങ്ങള്‍ കൈവരിച്ച് അതിവേഗം വളര്‍ച്ച പ്രാപിക്കുന്നത്.

മനുഷ്യ രൂപമുള്ള റോബോട്ടുകളെ കുറിച്ച് അക്കാദമിക് ഗവേഷണം നടത്താനും നൂതന ഉത്പന്നങ്ങള്‍ പുറത്തിറക്കാനും ഉദ്ദേശിച്ചാണ് വ്യവസായ പാര്‍ക്ക് ആരംഭിച്ചത്. ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുമെന്ന് കമ്പനി പ്രൊമോട്ടര്‍മാര്‍ അറിയിച്ചു. 2023ല്‍ ധനം ഏര്‍പ്പെടുത്തിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവാര്‍ഡ് ജെൻറോബോട്ടിക്ക്‌സിന് ലഭിച്ചിരുന്നു.

Tags:    

Similar News