രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വന്തമാക്കാനുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നിലെത്തി. ആറ് വിമാനത്താവളങ്ങളിൽ അഞ്ചെണ്ണവും അദാനിക്ക് ലഭിക്കും. ഇതിൽ തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളവും ഉൾപ്പെടും.
തിരുവനന്തപുരത്തിനായുള്ള ബിഡിങ്ങിൽ കെഎസ്ഐഡിസി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആർ മൂന്നാംസ്ഥാനത്തും.
ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 28 നുണ്ടാകും. 50 വർഷത്തേക്കാണ് നടത്തിപ്പവകാശം. അദാനിയുടെ വ്യോമയാന മേഖലയിലേക്കുള്ള രംഗപ്രവേശമാണ് ഇതോടെ സാധ്യമാവുന്നത്.
തിരുവനന്തപുരം കൂടാതെ അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, മംഗലാപുരം എന്നിവയും അദാനി ഗ്രൂപ്പിന് ലഭിക്കും.
മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) രണ്ടാമതെത്തി. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്റ്റേ ചെയ്തിരുന്നു.