അദാനി പവറിന് പിന്നാലെ വില്‍മറും ഒരു ട്രില്യണ്‍ ക്ലബില്‍
വിപണി മൂലധനത്തില്‍ ഏറ്റവും മുന്നിലുള്ള 50 കമ്പനികളുടെ പട്ടികയിലും കമ്പനി ഇടം നേടി
അദാനി പവറിന് പിന്നാലെ ഒരു ട്രില്യണ്‍ ക്ലബില്‍ കയറി അദാനി വില്‍മറും (Adani Wilmar). ഭക്ഷ്യ എണ്ണ കമ്പനിയുടെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്നതോടെയാണ് ഒരു ട്രില്യണ്‍ (ലക്ഷം കോടി) വിപണി മൂലധനമുള്ള കമ്പനികളുടെ എലൈറ്റ് ഗ്രൂപ്പില്‍ അദാനി വില്‍മര്‍ ചേര്‍ന്നത്. ഒരു ഓഹരിക്ക് 803 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്നനിലയും ഇതാണ്. ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനിയുടെ ഓഹരി വില ഇതുവരെ 363 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഒരു ഓഹരിക്ക് 221 രൂപ എന്ന തോതിലായിരുന്നു വില്‍മര്‍ വിപണിയിലേക്ക് പ്രവേശിച്ചത്.
കൂടാതെ, വിപണി മൂലധനത്തില്‍ ഏറ്റവും മുന്നിലുള്ള 50 കമ്പനികളുടെ പട്ടികയിലും കമ്പനി ഇടം നേടി. മൊത്തം 1.04 ട്രില്യണ്‍ രൂപ വിപണി മൂലധനവുമായി അദാനി വില്‍മര്‍ 50 ാം സ്ഥാനത്താണുള്ളത്. ഒരു ട്രില്യണ്‍ (ലക്ഷം കോടി) വിപണി മൂലധനം നേടുന്ന അദാനി ഗ്രൂപ്പിന് കീഴിലുള്ള ഏഴാമത്തെ കമ്പനിയാണ് അദാനി വില്‍മര്‍ ലിമിറ്റഡ്. അദാനി ഗ്രീന്‍ എനര്‍ജി (4.52 ലക്ഷം കോടി രൂപ), അദാനി ട്രാന്‍സ്മിഷന്‍ (2.95 ലക്ഷം കോടി രൂപ), അദാനി ടോട്ടല്‍ ഗ്യാസ് (2.76 ലക്ഷം കോടി രൂപ), അദാനി എന്റര്‍പ്രൈസസ് (2.56 ലക്ഷം കോടി രൂപ), അദാനി പോര്‍ട് (1.86 ലക്ഷം കോടി രൂപ), അദാനി പവര്‍ (1.10 ട്രില്യണ്‍) എന്നിവയാണ് ഒരു ട്രില്യണ്‍ ക്ലബില്‍ കയറിയ മറ്റ് അദാനി കമ്പനികള്‍.
അദാനി ഗ്രൂപ്പിന്റെയും (Adani Group) വില്‍മര്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍. എണ്ണ കൂടാതെ, ഗോതമ്പ് മാവ്, അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, പാക്ക് ചെയ്ത ഭക്ഷണം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ മുന്‍പാദത്തേക്കാള്‍ 66 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്, 211 കോടി രൂപ. കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍പാദത്തേക്കാള്‍ 41 ശതമാനം വര്‍ധിച്ച് 14,379 കോടി രൂപയായി.