എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇനി പുതിയ നിറവും പുത്തന്‍ രൂപവും

എയര്‍ ഏഷ്യ ഇന്ത്യയും ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Update:2023-10-19 12:21 IST

Image courtesy: Air India express

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ഏഷ്യ ഇന്ത്യയും പുതുക്കിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് ചെയര്‍മാന്‍ കാംബെല്‍ വില്‍സണും എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗും ചേര്‍ന്ന് പുതുക്കിയ ബ്രാന്‍ഡ് ഐഡന്റിറ്റി, ലോഗോ, പുതിയ എയര്‍ക്രാഫ്റ്റ് എന്നിവ ഉദ്ഘാടനം ചെയ്തു.

'നിങ്ങള്‍ എങ്ങനെയോ അങ്ങനെ പറക്കൂ' (Fly As You Are) എന്നതാണ് കമ്പനിയുടെ പുതിയ ടാഗ് ലൈന്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈയിടെ സ്വന്തമാക്കിയ പുതിയ ബോയിംഗ് ബി737-8 വിമാനമാണ് 'എയര്‍ ഇന്ത്യ എക്‌സ്പ്രസ്' എന്ന പൊതു ബ്രാന്‍ഡിംഗില്‍ ആദ്യമായി പുറത്തിറക്കിയത്. ആധുനിക രൂപവും പുത്തന്‍ നിറങ്ങളുമുള്ള വിമാനവുമായാണ് കമ്പനി എത്തിയിരിക്കുന്നത്.ഓറഞ്ച്, എക്‌സ്പ്രസ് ടര്‍ക്കിസ് നിറങ്ങളാണ് പുതിയ ഡിസൈനില്‍ നല്‍കിയിട്ടുള്ളത്.

പുതിയ നഗരങ്ങളിലേക്കും

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും ലയനം ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തിയതോടെ വ്യോമയാന മേഖലയുടെ പരിവര്‍ത്തനവും കൂടിയാണ് നാം കാണുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെയര്‍മാന്‍ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. ഓരോ 6 ദിവസം കൂടുമ്പോഴും പുതിയ വിമാനം എയര്‍ ഇന്ത്യക്കായി എത്തുമെന്നും പുതിയ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 15 മാസത്തിനുള്ളില്‍ 50 വിമാനങ്ങള്‍ കൂടി ഫ്ളീറ്റില്‍ ഉള്‍പ്പെടുത്തുമെന്നും ഇതോടെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാകുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലുമായി ഏകദേശം 170 നാരോ ബോഡി വിമാനങ്ങളുള്ള ഒരു എയര്‍ലൈനായി വളരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News