'സ്ത്രീ കരുത്തില്‍ എയര്‍ ഇന്ത്യ'

13,993 കിലോമീറ്റര്‍ ദൂരമുള്ള ലോകത്തിലെ രണ്ട് നഗരങ്ങള്‍ക്കിടയിലാണ് ഈ വിജയപാത

Update:2021-01-11 12:58 IST

17 മണിക്കൂറോളം നീണ്ട വിമാന യാത്രയ്ക്ക് സ്ത്രീ കരങ്ങള്‍ ശക്തി പകര്‍ന്നപ്പോള്‍ എയര്‍ ഇന്ത്യക്ക് അഭിമാന നേട്ടം. വനിതാ കോക്ക്പിറ്റ് ക്രൂവുമൊത്ത് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ നേരിട്ടുള്ള വിമാനം തിങ്കളാഴ്ച്ചയോടെയാണ് ലാന്‍ഡ് ചെയ്തത്.

ഏതൊരു ഇന്ത്യന്‍ വിമാനക്കമ്പനിയും നടത്തുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസാണിത്. 13,993 കിലോമീറ്റര്‍ ദൂരമുള്ള ലോകത്തിലെ എതിര്‍ അറ്റത്തുള്ള രണ്ട് നഗരങ്ങള്‍ക്കിടയിലാണ് വനിതാ കോക്ക്പിറ്റ് ക്രൂവുമാര്‍ വിമാനം പറത്തി അഭിമാനമായത്.
' ഈ നിമിഷം ആഘോഷിക്കാനുള്ളതാണ്, ഇന്ത്യന്‍ സിവില്‍ ഏവിയേഷനിലെ വനിതാ പ്രൊഫഷണലുകള്‍ ചരിത്രം സൃഷ്ടിക്കുന്നു' കേന്ദ്ര വ്യോമയാന മന്ത്രി ട്വീറ്റ് ചെയ്തു.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബെംഗളൂരുവില്‍ ഇറങ്ങുന്നതിന് ഉത്തരധ്രുവത്തിന് മുകളിലൂടെ പറന്നതിന് ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ പപഗരി തന്‍മയി, ക്യാപ്റ്റന്‍ അകാന്‍ഷ സോനവെയര്‍, ക്യാപ്റ്റന്‍ ശിവാനി എന്നിവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ശനിയാഴ്ച രാത്രി 8.30 ഓടെ (പ്രാദേശിക സമയം) പുറപ്പെട്ട വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് ബംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
എട്ട് ഫസ്റ്റ് ക്ലാസ്, 35 ബിസിനസ് ക്ലാസ്, 195 ഇക്കോണമി ക്ലാസ് യാത്രക്കാരും നാല് കോക്ക്പിറ്റും 12 ക്യാബിന്‍ ക്രൂവുമാരുമാണ് ബോയിംഗ് 777-200 എല്‍ ആര്‍ വിമാനത്തിലുണ്ടായിരുന്നത്.


Tags:    

Similar News