1.65 കോടി യാത്രക്കാർ! എന്നിട്ടും തിരിച്ചുകയറാതെ കേരളത്തിലെ വിമാനത്താവളങ്ങൾ
കൊവിഡിന് മുമ്പത്തെ നിലയിലേക്ക് തിരിച്ചെത്താതെ യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണം
കഴിഞ്ഞവർഷം (2022-23) കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ പറന്ന ആകെ യാത്രക്കാർ 1.65 കോടിയാണ്. എന്നിട്ടും, കൊവിഡിന് മുമ്പത്തെ സ്ഥിയിതിയിലേക്ക് തിരിച്ചെത്താൻ ഇവയ്ക്ക് കഴിഞ്ഞവർഷവും കഴിഞ്ഞില്ല. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019-20ൽ ആകെ യാത്രക്കാർ 1.83 കോടിയായിരുന്നു.
കൊവിഡ് പ്രതിസന്ധി അകന്ന്, നിയന്ത്രണങ്ങൾ നീങ്ങി വർഷമൊന്ന് കഴിഞ്ഞിട്ടും സർവീസുകളുടെ എണ്ണവും പഴയസ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ തന്നെ വലിയ (മേജർ) വിമാനത്താവളങ്ങളിൽ മൂന്നെണ്ണം മാത്രമാണ് കൊവിഡിന് മുമ്പത്തേക്കാൾ വളർച്ച നേടിയിട്ടുള്ളത്.
ഗോവ, ബംഗളൂരു, ഡൽഹി എന്നിവയാണവ. കേരളത്തിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളായ കൊച്ചി (സിയാൽ), തിരുവനന്തപുരം, കണ്ണൂർ (കിയാൽ), കോഴിക്കോട് (കരിപ്പൂർ) എന്നിവിടങ്ങളിൽ 2021-22നെ അപേക്ഷിച്ച് 2022-23ൽ യാത്രക്കാർ കൂടിയെങ്കിലും ഇപ്പോഴും കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 201-20നേക്കാൾ കുറവാണ് യാത്രക്കാരും സർവീസുകളും.
കരകയറ്റം മെല്ലെ... മെല്ലെ
കൊവിഡിന് മുമ്പത്തേതിന്റെ 92.35 ശതമാനം യാത്രക്കാരെ കോഴിക്കോട് വിമാനത്താവളം കഴിഞ്ഞവർഷം തിരിച്ചുപിടിച്ചിട്ടുണ്ട്. കൊച്ചിയിൽ ഇത് 91.56 ശതമാനമാണ്. തിരുവനന്തപുരത്ത് 88.74 ശതമാനം, കണ്ണൂരിൽ 79.38 ശതമാനം.
2019-20ൽ കൊച്ചിയിലെ യാത്രക്കാർ 96.24 ലക്ഷമായിരുന്നു. കഴിഞ്ഞവർഷം 88.12 ലക്ഷം. തിരുവനന്തപുരത്തെ യാത്രക്കാർ 39.19 ലക്ഷമായിരുന്നത് കഴിഞ്ഞവർഷം 34.78 ലക്ഷത്തിലേ എത്തിയുള്ളൂ.
2019-20ൽ കണ്ണൂർ വഴി 15.83 ലക്ഷം പേർ പറന്നിരുന്നു; 2022-23ൽ 12.57 ലക്ഷം. കോഴിക്കോട്ടെ യാത്രക്കാർ 2019-20ൽ 32.29 ലക്ഷമായിരുന്നത് കഴിഞ്ഞവർഷം 29.82 ലക്ഷമായി.
സർവീസുകളും തിരിച്ചെത്തിയില്ല
2019-20ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ആകെ സർവീസുകൾ (എയർക്രാഫ്റ്റ് മൂവ്മെന്റ്സ്) 28,842 എണ്ണമായിരുന്നു. 2022-23ൽ 24,594 എണ്ണം. കോഴിക്കോട്ടെ സർവീസുകൾ 25,355 ആയിരുന്നത് 23,142ലെത്തി. കണ്ണൂരിലേത് 15,131ൽ നിന്ന് 12,024 ആയി. കൊച്ചിയിൽ സമാനകാലത്ത് സർവീസുകൾ 66,016ൽ നിന്ന് 58,278ലേക്ക് മാത്രമേ തിരിച്ചെത്തിയിട്ടുള്ളൂ.
തിരിച്ചുവരവ് അതിവേഗം
അതേസമയം, കൊവിഡിവ് മുമ്പത്തെ സ്ഥിതിയിലേക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ അതിവേഗം തിരിച്ചുകയറുകയാണെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. രാജ്യത്ത് തന്നെ മിക്ക വിമാനത്താവളങ്ങളും ഇപ്പോഴും കൊവിഡിന് മുമ്പത്തെ കണക്കുകളേക്കാൾ താഴെത്തന്നെയാണുള്ളത്. ഇതേ ട്രെൻഡാണ് കേരളത്തിലും പ്രതിഫലിച്ചത്. കരകയറ്റം ശക്തമാണ്. നടപ്പുവർഷം (2023-24) യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണം കൊവിഡിന് മുമ്പത്തേക്കാൾ ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.