എയര്‍ടെല്‍ ഉഗാണ്ടയുടെ ഐ.പി.ഒ പൊളിഞ്ഞു; നിക്ഷേപകര്‍ക്കിഷ്ടം സര്‍ക്കാരിന്റെ ബോണ്ട്

റീട്ടെയില്‍ നിക്ഷേപകര്‍ വാങ്ങിയത് വെറും 0.3% ഓഹരി

Update:2023-11-08 15:45 IST

Image : airtel.co.ug and Canva

ശതകോടീശ്വരന്‍ സുനില്‍ മിത്തല്‍ നയിക്കുന്ന പ്രമുഖ ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെയും എയര്‍ടെല്‍ ആഫ്രിക്കയുടെയും ഉപകമ്പനിയായ എയര്‍ടെല്‍ ഉഗാണ്ടയുടെ പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) പാളി.

നിക്ഷേപകര്‍ ഓഹരികള്‍ക്ക് പകരം സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ മത്സരിക്കുന്നതാണ് തിരിച്ചടിയായത്. 800 കോടി ഓഹരികളാണ് ഐ.പി.ഒയിലൂടെ വിറ്റഴിക്കാന്‍ ശ്രമിച്ചത്. 54.5 ശതമാനം ഓഹരികള്‍ മാത്രമേ വിറ്റുപോയുള്ളൂ. ഇതുവഴി 5.60 കോടി ഡോളര്‍ (ഏകദേശം 465 കോടി രൂപ) സമാഹരിച്ചു. റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണവും തീരെക്കുറവായിരുന്നു. വെറും 0.3 ശതമാനം ഓഹരികളാണ് ഐ.പി.ഒയില്‍ റീട്ടെയില്‍ നിക്ഷേപകര്‍ വാങ്ങിയത്.
ഓഹരികള്‍ക്ക് തിരിച്ചടി
ഉഗാണ്ടയുടെ ഓഹരി വിപണി ഏറെക്കാലമായി മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ 15 ശതമാനം വരെ നേട്ടം (Return) നല്‍കുന്നുണ്ടെന്നതും നിക്ഷേപകരെ ഓഹരികളില്‍ നിന്നകറ്റുന്നു.
എയര്‍ടെല്‍ ഉഗാണ്ടയുടെ എതിരാളിയായ എം.ടി.എന്‍ ഉഗാണ്ടയുടെ ഐ.പി.ഒ 2021ലായിരുന്നു. തുടര്‍ന്ന് ഇതുവരെ കമ്പനിയുടെ ഓഹരിവില 14 ശതമാനം ഇടിഞ്ഞു.
അടുത്തിടെ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ നിയമം ഉഗാണ്ടന്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിനെതിരെ അമേരിക്കയടക്കം എതിര്‍പ്പറിയിച്ചിരുന്നു. വ്യാപാരരംഗത്ത് ഉഗാണ്ടയ്ക്കുള്ള പരിഗണനകള്‍ അമേരിക്കയുടെ ജോ ബൈഡന്‍ ഭരണകൂടം നിറുത്തലാക്കിയതും ഓഹരി വിപണികളെ തളര്‍ത്തി. എന്നാല്‍, അമേരിക്കയുടെ സഹകരണമില്ലെങ്കിലും വ്യാപാരരംഗത്ത് മുന്നേറാന്‍ ഉഗാണ്ടയ്ക്ക് കഴിയുമെന്നാണ് ഉഗാണ്ടന്‍ പ്രസിഡന്റ് യൊവേരി മുസെവേനി പ്രതികരിച്ചത്.
Tags:    

Similar News