'12 വര്‍ഷങ്ങള്‍ക്കൊടുവില്‍ ഗുഡ് ബൈ' അലിബാബ Xiami മ്യൂസിക് ആപ്പ് അടുത്തമാസത്തോടെ അടയ്ക്കും

നിലവില്‍ ചൈനയുടെ മ്യൂസിക്ക് സ്ട്രീമിന്റെ 2 ശതമാനം മാത്രമാണ് Xiami മ്യൂസിക് ആപ്പിനുള്ളത്

Update:2021-01-05 17:45 IST

ചൈനയിലെ മള്‍ട്ടി നാഷണല്‍ ടെക്നോളജി കമ്പനിയായ അലിബാബ ചൈനയുടെ വിനോദ മേഖലയില്‍നിന്ന് പിന്നോട്ടടിക്കുന്നു. ചൈനയില്‍ ഏറെ പ്രതീക്ഷയോടെ അലിബാബ ഗ്രൂപ്പ് തുടക്കം കുറിച്ച Xiami മ്യൂസിക് ആപ്പ് അടുത്ത മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

'പ്രവര്‍ത്തന ക്രമീകരണം കാരണം ഞങ്ങള്‍ Xiami മ്യൂസിക്കിന്റെ പ്രവര്‍ത്തനം ഫെബ്രുവരി അഞ്ചോടെ നിര്‍ത്തും, 12 വര്‍ഷത്തിനൊടുവില്‍ നിങ്ങളോട് ഗുഡ് ബൈ പറയുന്നതില്‍ വിഷമമുണ്ട്' ചൈനീസ് ഓണ്‍ലൈന്‍ ഭീമന്റെ സംഗീത വിഭാഗം ചൊവ്വാഴ്ച വെയ്ബ്കോ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ടെന്‍സെന്റ് ഹോള്‍ഡിംഗ്സിന് ആധിപത്യമുള്ള ചൈനിയിലെ ഓണ്‍ലൈന്‍ സംഗീത വിപണിയില്‍ 2013 ലാണ് അലിബാബ രംഗത്തിറങ്ങിയത്. ഇതിനായി ദശലക്ഷക്കണക്കിന് യുവാന്‍ നിക്ഷേപിക്കുകയും ചെയ്തു. പക്ഷേ ഓണ്‍ലൈന്‍ സംഗീത വിപണിയില്‍ വേണ്ടത്ര വിജയം നേടാന്‍ അലിബാബ ഗ്രൂപ്പിന് സാധിച്ചില്ല. നിലവില്‍ ചൈനയുടെ മ്യൂസിക്ക് സ്ട്രീമിന്റെ 2 ശതമാനം മാത്രമാണ് Xiami മ്യൂസിക് ആപ്പിനുള്ളത്.
ബീജിംഗ് ആസ്ഥാനമായ ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയായ ടോക്കിംഗ് ഡാറ്റയുടെ അഭിപ്രായത്തില്‍ കുഗോ മ്യൂസിക്, ക്യുക്യു മ്യൂസിക്, കുവോ, നെറ്റ് ഈസ് ക്ലൗഡ് മ്യൂസിക്ക് എന്നിവയാണ് മുന്‍നിരയിലുള്ളത്.
അതിനിടെ അലിബാബ ഗ്രൂപ്പിനെതിരേ ചൈനീസ് റെഗുലേറ്റേര്‍സ് ആന്റിട്രസ്റ്റ് അന്വേഷണം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് Xiami മ്യൂസിക് ആപ്പ് പൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്.
എന്നാല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് രംഗത്തുനിന്നുള്ള അലിബാബയുടെ വിടവാങ്ങലായി ഇതിനെ അടയാളപ്പെടുത്തേണ്ടതില്ല. കാരണം 2019 സെപ്റ്റംബറില്‍ അലിബാബ 700 മില്യണ്‍ ഡോളര്‍ Xiami യുടെ എതിരാളികളിലൊരാളായ നെറ്റ് ഈസ് ക്ലൗഡ് മ്യൂസിക്കില്‍ നിക്ഷേപിച്ചിരുന്നു.


Tags:    

Similar News