ഈ കോടീശ്വരന്റെ പടയോട്ടം ചൈനയ്ക്ക് തടുക്കാനാവുമോ?
ലോകത്തെ ഞെട്ടിച്ചു വളര്‍ന്നു പന്തലിച്ച ജാക്ക് മാ എന്ന ചൈനീസ് കോടീശ്വരന്റെ അത്ഭുതകരമായ വളര്‍ച്ചയുടെയും അടുത്ത നാളില്‍ ഉണ്ടായ തിരിച്ചടിയുടെയും കഥ
കെഎഫ്‌സിയില്‍ ജോലി മോഹിച്ച് ആ അഭിമുഖത്തില്‍ പങ്കെടുത്തത് 24 പേരായിരുന്നു. ഒരാളെ ഒഴികെ മറ്റെല്ലാവരെയും കെഎഫ്‌സി ജോലിക്കെടുത്തു. ജോലി നിരസിക്കപ്പെട്ട ആ ഒറ്റയാനെ ഇന്ന് ലോകമറിയും. ജാക്ക് മാ. ലോകത്തെ അതിശക്തനായ ചൈനീസ്് ടെക്‌നോളജി സംരംഭകന്‍. ആഗോള ഇ കോമേഴ്‌സ് വമ്പനായ ആലിബാബയുടെ സ്ഥാപകന്‍. ചൈനീസ് ഭരണകൂടത്തിന്റെ ഇടപെടല്‍ മൂലം അവസാന നിമിഷം മാറ്റിവെയ്ക്കപ്പെട്ട, ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഐപിഒയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം.
ലോകമെമ്പാടുമുള്ള ജനത അറിയുന്ന അറബികഥയിലെ കഥാപാത്രത്തിന്റെ പേരില്‍ സംരംഭം തുടങ്ങി, ലോകത്തെ പ്രചോദിപ്പിക്കുന്ന സംരംഭക വിജയകഥ രചിച്ച ഈ ശതകോടീശ്വരനെ തളയ്ക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് ചൈനീസ് ഭരണകൂടം. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന ആഗോള ടെക്‌നോളജി കമ്പനിയായി ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് വളര്‍ന്നതിന് പിന്നില്‍ ജാക്ക് മാ എന്ന പഴയൊരു ഇംഗ്ലീഷ് അധ്യാപകന്റെ കൂര്‍മബുദ്ധിയാണുള്ളത്. അസാധാരണ സംരംഭകനായ ജാക്ക് മായെ തളയ്ക്കാന്‍ ചൈനയ്ക്ക് കഴിയുമോ എന്നാണ് ലോകമിപ്പോള്‍ ഉറ്റുനോക്കുന്നത്.
കഥപറച്ചിലുകാരുടെ മകന്‍ കഥയെഴുതിയത് ഇങ്ങനെ
Once in your life, try something. Work hard something. Try to change. Nothing bad can happen. ജാക്ക് മായുടെ ജീവിതതത്വം തന്നെ ഇതാണ്. വലിയ കാര്യങ്ങള്‍ക്കായി ശ്രമിച്ച് നിങ്ങള്‍ പരാജയപ്പെട്ടാല്‍ പോലും വിഷമിക്കണ്ട പിന്നാലെ വരുന്ന ആരെങ്കിലും അക്കാര്യം ചെയ്തിരിക്കുമെന്ന് ലോകത്തെ നോക്കി വിളിച്ചുപറഞ്ഞ ബിസിനസ് സാരഥിയാണ് ജാക്ക് മാ. ആലിബാബയെ ഏറ്റവും വലിയ ബ്രാന്‍ഡാക്കിയതും ആ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ ആസ്തിയും ജാക്ക് മാ തന്നെയാണ്. സ്വന്തം പരിശ്രമത്താല്‍ സാമ്രാജ്യം സൃഷ്ടിച്ച ഒരു അസാധാരണ വ്യക്തിത്വം. പരാജയങ്ങള്‍ ജാക്ക് മായ്ക്ക് പുത്തരിയല്ല. യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയില്‍ രണ്ടുവട്ടം തോല്‍വി പിണഞ്ഞ, ജോലിക്കായുള്ള എല്ലാ പരീക്ഷകളിലും പരാജയപ്പെട്ട ഒരാളാണ് പിന്നീട് ലോകത്തെ വിജയമാതൃകയായി വളര്‍ന്നത്.
പ്രൊഫഷണല്‍ സ്റ്റോറി ടെല്ലര്‍മാരായിരുന്നു ജാക്ക് മായുടെ മാതാപിതാക്കള്‍. അവര്‍ ഇട്ട പേര് മാ യുന്‍. ഇംഗ്ലീഷ് സംസാരിക്കാന്‍ ചെറുപ്പത്തിലേയുള്ള കമ്പം ജന്മനാട്ടിലെ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ഗൈഡായി ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു. വേതനമൊന്നും ഇല്ലാതെയുള്ള ജോലിയായിരുന്നു അത്. ചൈനയിലെത്തുന്ന വിദേശ സഞ്ചാരികളോട് ഇംഗ്ലീഷില്‍ സംസാരിച്ച് ഭാഷ പഠിച്ചു. മാ യുന്റെ വിദേശിയായ ഒരു സുഹൃത്താണ് ജാക്ക് മാ എന്ന ചെല്ലപ്പേര് സമ്മാനിച്ചത്. അത് പിന്നീട് യഥാര്‍ത്ഥ പേരിനേക്കാള്‍ പ്രശസ്തിനേടി. ഒന്നും രണ്ടുമല്ല 30 ജോലികളുടെ അഭിമുഖങ്ങളില്‍ ജാക്ക് മാ പരാജയപ്പെട്ടിട്ടുണ്ട്. കെഎഫ്‌സിയില്‍ ജോലിക്കായി ശ്രമിച്ച് പരാജയപ്പെട്ടതും ഇതില്‍ പെടും. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ പത്തുവട്ടം അപേക്ഷിച്ചു. പത്തുതവണയും അപേക്ഷ നിരസിക്കപ്പെട്ടു. ബിരുദപഠനം കഴിഞ്ഞപ്പോള്‍ പ്രതിമാസം 12 ഡോളര്‍ വേതനത്തില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
ഇന്റര്‍നെറ്റും ബിയറും പിന്നെ ചൈനയും!
1995ല്‍ അമേരിക്കയിലേക്ക് നടത്തിയ ഒരു യാത്രയാണ് ജാക്ക് മായുടെ ജീവിതം കീഴ്‌മേല്‍ മറിച്ചത്. അവിടെ വച്ചാണ് ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍ എന്നിവയെല്ലാം ജാക്ക് മാ അടുത്തറിയുന്നത്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു കംപ്യൂട്ടറില്‍ ബ്രൗസറില്‍ ജാക്ക് മാ ആദ്യം പരതിയ വാക്ക് ബിയര്‍ എന്നതായിരുന്നു. പിന്നീട് സ്വന്തം രാജ്യമായ ചൈനയെ കുറിച്ച് പരതാന്‍ തുടങ്ങി. അപ്പോഴാണ് അക്കാര്യം ശ്രദ്ധയില്‍ പെട്ടത്. ചൈനയെ കുറിച്ച് അധിക വിവരമൊന്നും ഇന്റര്‍നെറ്റില്‍ ലഭിക്കാനില്ല. ഭാര്യ, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നെല്ലാം സമാഹരിച്ച 20,000 ഡോളറുമായി 1995ല്‍ 'ചൈനീസ് പേജസ്' എന്ന കമ്പനി ജാക്ക് മാ ആരംഭിച്ചു. ചൈനീസ് കമ്പനികള്‍ക്ക് വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ സേവനം നല്‍കലായിരുന്നു ലക്ഷ്യം. വെറും മൂന്നുവര്‍ഷം കൊണ്ട് കമ്പനിയുടെ മൂല്യം എട്ട് ലക്ഷം ഡോളറായി. 1999ല്‍ ബിസിനസ് ടു ബിസിനസ് കമ്പനിയായ ആലിബാബ ഡോട്ട് കോം ആരംഭിച്ചു. സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ 17 കൂട്ടുകാരുമായിട്ടായിരുന്നു ആ ഇ കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. സോഫ്റ്റ്ബാങ്കില്‍ നിന്നും ഗോള്‍ഡ്മാന്‍ സാക്‌സില്‍ നിന്നുമെല്ലാം സ്വന്തം സംരംഭത്തിനായി ഫണ്ട് സമാഹരിക്കാന്‍ ജാക്ക് മായ്ക്ക് സാധിച്ചു.
ഇന്ന് ലോകത്തിലെ അതിശക്തരായ ചൈനീസ് ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയാണ് അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ്. ഇ കോമേഴ്‌സ്, റീറ്റെയ്ല്‍, ഇന്റര്‍നെറ്റ്, ടെക്‌നോളജി എന്നീ രംഗങ്ങളിലെല്ലാം പടര്‍ന്നുപന്തലിച്ചു കിടക്കുന്ന ആലിബാബ നല്‍കാത്ത സേവനങ്ങളില്ല. ചൈനയില്‍ നിന്ന് ചൈനക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും, ചൈനയില്‍ നിന്ന് വിദേശരാജ്യക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും അവിടേക്ക് ഉല്‍പ്പന്നം വില്‍ക്കാനും ചൈനീസ് കമ്പനികള്‍ക്ക് വിദേശ ഇടപാടുകാരെ കണ്ടെത്താനും ഇന്ന് ആലിബാബയുടെ പ്ലാറ്റ്‌ഫോമാണ് ഇഷ്ടകേന്ദ്രം. കണ്‍സ്യൂമര്‍ ടു കണ്‍സ്യൂമര്‍ (സിടുസി), ബിസിനസ് ടു കണ്‍സ്യൂമര്‍ (ബിടുസി), ബിസിനസ് ടു ബിസിനസ് (ബിടുബി) സെയ്ല്‍സ് സേവനങ്ങളെല്ലാം നല്‍കുന്ന വെബ്‌പോര്‍ട്ടലുകള്‍ ആലിബാബയ്ക്കുണ്ട്. ഇതിനുപുറമേ ഇലക്ട്രോണിക് പേയ്‌മെന്റ് സര്‍വീസസ്, ഷോപ്പിംഗ് സെര്‍ച്ച് എന്‍ജിന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ് സേവനങ്ങള്‍ എല്ലാം ആലിബാബ നല്‍കുന്നു. ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയാണ് ആലിബാബ. വലിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനവും. ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനുകളിലൊന്നുമാണ് ആലിബാബ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഷോപ്പിംഗ് ദിവസമായ സിംഗ്ള്‍സ് ഡെയുടെ ഈ വര്‍ഷത്തെ എഡിഷനിലും വന്‍ വില്‍പ്പനയാണ് ആലിബാബ സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ഐപിഒ, ആലിബാബയിലൂടെ അവതരിപ്പിച്ച ജാക്ക് മാ, ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇരട്ട ലിസ്റ്റിംഗിലൂടെ ഇപ്പോള്‍ സര്‍വകാല റെക്കോര്‍ഡാണ് ലക്ഷ്യമിട്ടത്. അതിനെയാണ് ചൈനീസ് ഭരണകൂടം തകര്‍ത്തെറിഞ്ഞതും.
ഭരണകൂടത്തിന്റെ നോട്ടപ്പുള്ളി
അക്ഷരാര്‍ത്ഥത്തില്‍ ഒന്നുമില്ലായ്മയില്‍ ലോകോത്തര പ്രസ്ഥാനം, ഇന്റര്‍നെറ്റ് എന്ന ടെക്‌നോളജി സംവിധാനത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് കെട്ടിപ്പടുത്ത ജാക്ക് മാ, അടുത്തകാലം വരെ ചൈനീസ് പ്രസിഡന്റ് ഷി ജീന്‍പിംഗുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ്. ചൈനയിലെ പൊതുമേഖല ബാങ്കുകളെയും ഭരണകൂടത്തിന്റെ പിന്‍ബലമുള്ള പേയ്‌മെന്റ് സേവനങ്ങളെയും മറികടന്ന് ആലിബാബ ഗ്രൂപ്പില്‍ നിന്നുള്ള ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പടയോട്ടം തുടങ്ങിയതോടെയാണ് സമവാക്യങ്ങള്‍ തെറ്റിതുടങ്ങിയത്. ചൈനയില്‍ കര്‍ശനമായ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ നിന്നുള്ള പണം, വലിയ നിയന്ത്രങ്ങളൊന്നുമില്ലാത്ത പേയ്‌മെന്റ് സേവനമേഖലയുടെ പിന്‍ബലത്തില്‍ ജനങ്ങളിലേക്ക് എത്തിച്ച് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വന്‍ ലാഭത്തിലേക്ക് കുതിച്ചു. ഇതില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് അസ്വാരസ്യങ്ങളുണ്ടായി. അതിനിടെയാണ് കഴിഞ്ഞ ഒക്ടോബറില്‍ ജാക്ക് മാ ചൈനീസ് ബാങ്കുകളെയും റഗുലേറ്റര്‍മാരെയും കടന്നാക്രമിച്ചുകൊണ്ട് സംസാരിച്ചത്. ഷാങ്ഹായില്‍ നടന്ന ഉന്നതതല ഫിനാന്‍ഷ്യല്‍ ഫോറത്തില്‍ വെച്ച് ചൈനയിലെ ബാങ്കുകള്‍ പണയക്കടകളാണെന്നും ചൈനയുടെ ഏറ്റവും വലിയ റിസ്‌ക് ഫിനാന്‍ഷ്യല്‍ ഇക്കോസിസ്റ്റത്തിന്റെ അഭാവമാണെന്നും ജാക്ക് മാ തുറന്നടിച്ചിരുന്നു. ചൈനീസ് ബാങ്കുകളില്‍ നിന്ന് സാധാരണക്കാരന് വായ്പ കിട്ടാന്‍ പ്രയാസമാണെങ്കിലും അതിസമ്പന്നന് വന്‍ വായ്പ എടുത്ത് നിര്‍ഭയനായി നടക്കാമെന്നും ജാക്ക് മാ സൂചിപ്പിച്ചിരുന്നു.
ഈ വാക്കുകളാണ് ചൈനീസ് ഭരണകൂടത്തിന്റെ പ്രതികാര നടപടിക്ക് പ്രത്യക്ഷത്തില്‍ ഇപ്പോള്‍ കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കുറച്ച് കാലമായി ജാക്ക് മായും അദ്ദേഹം പടുത്തുയര്‍ത്തുന്ന ടെക്‌നോളജി, ഫിന്‍ടെക് സാമ്രാജ്യവും ചൈനീസ് ഭരണകൂടത്തിന്റെയും റഗുലേറ്റര്‍മാരുടെയും ചൈനയുടെ ബാങ്കുകളുടെയും കണ്ണില്‍ കരടായിരുന്നു. 2018ല്‍ ഫണ്ട് സമാഹരവേളയില്‍ നിക്ഷേപകര്‍ക്കായി ഇറക്കിയ രേഖയില്‍ 'ഡിസ്്‌റപ്റ്റര്‍' എന്ന് സ്വയം വിശേഷിപ്പിച്ച ആന്റിന്റെ ആലിപേ ആപ്പിനെ ചെറുക്കാന്‍ ഡിജിറ്റല്‍ കറന്‍സി, ഇലക്ട്രോണിക്‌സ് പെയ്‌മെന്റ് സംവിധാനം അവതരപ്പിക്കാന്‍ ചൈന പദ്ധതിയിട്ടിട്ടുമുണ്ട്. റെഗുലേറ്ററി ചട്ടങ്ങള്‍ കാണിച്ച് ഐപിഒയ്ക്ക് തടയിട്ട ചൈനീസ് ഭരണകൂടം ടെക് കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ നിയമനിര്‍മാണങ്ങള്‍ക്ക് ഒരുങ്ങുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിര്‍ദോഷമായൊരു ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ നിന്ന് ലോകമെമ്പാടും പരന്നുകിടക്കുന്ന, 1,17,600 പേര്‍ക്ക് ജോലി നല്‍കുന്ന (2020 മാര്‍ച്ച് 31ലെ കണക്ക്), 718.8 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള കമ്പനി കെട്ടിപ്പടുത്ത ജാക്ക് മാ ചൈനീസ് ഭരണകൂടത്തിന്റെ ഉരക്ക് മുഷ്ടിക്കുള്ളില്‍ ഞെരിഞ്ഞ് ചെറുതാകുമോ അതോ പുതിയ വഴികള്‍ തേടി കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുമോ? കാലം ഇതിനും മറുപടി തരും.