ലാഭത്തില്‍ രണ്ടര മടങ്ങ് വര്‍ധനയോടെ അപ്പോളോ ടയേഴ്സ്
അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവാണ് കമ്പനിക്ക് മികച്ച പ്രവര്‍ത്തനഫലം കാഴ്ചവയ്ക്കാന്‍ സഹായകമായത്
നടപ്പുവര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍പാദത്തില്‍ രണ്ടരമടങ്ങ് വളര്‍ച്ചയോടെ 474.26 കോടി രൂപയുടെ ലാഭം നേടി അപ്പോളോ ടയേഴ്സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 179.39 കോടി രൂപയായിരുന്നു.
അവലോകന പാദത്തില്‍ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 5,956.05 കോടിയില്‍ നിന്ന് 6,279.67 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവാണ് കമ്പനിക്ക് മികച്ച പ്രവര്‍ത്തനഫലം കാഴ്ചവയ്ക്കാന്‍ സഹായകമായത്.
രണ്ടാം പാദത്തില്‍ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ വില 3,101.56 കോടി രൂപയില്‍ നിന്ന് 2,634.92 കോടി രൂപയായി കുറഞ്ഞതായി കമ്പനി അറിയിച്ചു. മൊത്തം ചെലവ് ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 6,612.81 കോടി രൂപയില്‍ നിന്ന് 5,724.66 കോടി രൂപയായി കുറഞ്ഞു.
വാഹന കമ്പനികളും വാഹന അനുബന്ധ കമ്പനികളും നേടിയ വരുമാനം മൂന്നാം പാദത്തില്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധര്‍ പറയുന്നു. എന്‍.എസ്.ഇയില്‍ 6.56% ഉയര്‍ന്ന് 409.30 രൂപയില്‍ അപ്പോളോ ടയേഴ്സ് ഓഹരികളുടെ വ്യാപാരം അവസാനിപ്പിച്ചു.