ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാകാന്‍ ആസ്റ്റര്‍; ₹850 കോടി മൂലധനച്ചെലവ് നടത്തും
ആശുപത്രികളോട് അനുബന്ധിച്ച് ഫാര്‍മസികളും ലാബുകളും സ്ഥാപിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രികളിലൊന്നായി മാറാനുള്ള നീക്കങ്ങളുമായി മലയാളിയായ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. ആശുപത്രിയുടെ വളര്‍ച്ചയ്ക്കായി 800-850 കോടി രൂപയുടെ മൂലധനം നീക്കിവച്ചിട്ടുണ്ടെന്ന് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്‌കെയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നിതീഷ് ഷെട്ടി പറഞ്ഞു.
2023 നവംബറില്‍ കമ്പനിയുടെ ഇന്ത്യ, ഗള്‍ഫ് യൂണിറ്റുകള്‍ വേര്‍തിരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന്, ജി.സി.സിയിലെ കമ്പനിയുടെ ഓഹരികള്‍ 101 കോടി ഡോളറിന് വിറ്റഴിച്ചിരുന്നു. ഇനി ഇന്ത്യന്‍ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നതെന്ന് നിതീഷ് ഷെട്ടി പറഞ്ഞു.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 19 ആശുപത്രികളിലായി 4,900 കിടക്കകളാണ് കമ്പനിക്കുള്ളത്. കേരളത്തിലും കര്‍ണാടകയിലുമായി ഏകദേശം 2,500 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി പദ്ധതിയുണ്ട്. അതില്‍ 60 ശതമാനവും നിലവിലുള്ള ആശുപത്രികളുടെ വിപുലീകരണമായിരിക്കും.
ഒരു സംയോജിത ആരോഗ്യ സംരക്ഷണ സംവിധാനം സൃഷ്ടിക്കുന്നതിനായി ആശുപത്രികള്‍ക്ക് ചുറ്റും ഫാര്‍മസികളും ലാബുകളും സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള ആശുപത്രികളുടെ വിപുലീകരണത്തിന് പുറമേ ഉത്തരേന്ത്യയിലേക്ക്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലേക്ക് കമ്പനി വ്യാപിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. എന്‍.എസ്.ഇയില്‍ ഇന്ന് 0.93 ശതമാനം ഉയര്‍ന്ന് 437.95 രൂപയില്‍ (10:30 am) ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്‌കെയറിന്റെ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു.