ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയ ആസ്റ്ററിന്റെ ശ്രദ്ധ ഇനി ഉത്തരേന്ത്യയിലേക്ക്

മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ കൂടുതല്‍ ആശുപത്രികളെ ഏറ്റെടുത്തേക്കും

Update:2023-12-24 09:00 IST

Image : asterhospitals.in

ഇന്ത്യയിലെയും ഗള്‍ഫിലെയും ബിസിനസ് രണ്ട് സ്വതന്ത്ര കമ്പനികളായി വേര്‍തിരിച്ച പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഇനി ഉത്തരേന്ത്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിലവില്‍ ആസ്റ്ററിന്റെ ആശുപത്രികളിലധികവും ദക്ഷിണേന്ത്യയിലാണ്. ഇന്ത്യയില്‍ മൊത്തം 19 ഹോസ്പിറ്റലുകളുള്ളതില്‍ ആറും കേരളത്തിലാണ്.

രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഹെല്‍ത്ത് സെക്ടറില്‍ വലിയ വിടവുണ്ടെന്നും സംഘടിത മേഖലയില്‍ വെറും ഒരു ലക്ഷത്തോളം ബെഡുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും യഥാര്‍ത്ഥ ആവശ്യം ഇതിന്റെ പത്ത് മടങ്ങാണെന്നും ബിസിനസ് ടുഡെയ്ക്ക് നല്‍കിയ  അഭിമുഖത്തില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ഉള്‍പ്പെടെയുള്ള വിവിധ ആരോഗ്യ പദ്ധതികള്‍ നടപ്പാക്കി വിവിധ വരുമാന ഗ്രൂപ്പില്‍ പെടുന്നവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും വീടിനടുത്ത് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ പേരും പണം മുടക്കി അടുത്തുള്ള ആശുപത്രികളെ ആശ്രയിക്കുന്നുണ്ടെന്നും ആസാദ് മൂപ്പന്‍ പറയുന്നു.
ആശുപത്രികളെ ഏറ്റെടുക്കാന്‍ ₹1,500 കോടി
ഇന്ത്യയില്‍ ഹോസ്പിറ്റല്‍ ശൃംഖല വ്യാപിപ്പിക്കാന്‍ 1,500 കോടി രൂപ നീക്കിവയ്ക്കാനാണ് ആസ്റ്റര്‍ പദ്ധതിയിടുന്നത്. കൂടാതെ ജി.സി.സി ബിസിനസ് വേര്‍പെടുത്തല്‍ പൂര്‍ണമായ ശേഷം 1,500-2,000 കോടി രൂപ അടുത്ത മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മറ്റ് ആശുപത്രികളെ ഏറ്റെടുക്കാനായും ചെലവഴിക്കും.
ഇതുകൂടാതെ ഫാര്‍മസി ഡയഗ്നോസ്റ്റിക് സേവനമേഖലയിലും വിപുലീകരണത്തിന് ആസ്റ്റര്‍ പദ്ധതിയിടുന്നുണ്ട്. രാജ്യമെമ്പാടുമായി സേവനം വ്യാപിക്കുന്നതില്‍ നിന്ന് മാറി നിലവിലുള്ള ഹോസ്പിറ്റലുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലായിരിക്കും ശ്രദ്ധിക്കുകയെന്നും മൂപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ 'മൈ ആസ്റ്റര്‍' എന്ന ആപ്ലിക്കേഷനും അടുത്ത ആറു മാസത്തിനുള്ളില്‍ അവതരിപ്പിച്ചേക്കും. നിലവില്‍ ജി.സി.സിയില്‍ വിജയകരമായി ഉപയോഗിക്കുന്ന ആപ്പ് രോഗികളുടെ നിരവധി ആവശ്യങ്ങള്‍ക്ക് പരിഹാരമേകുന്നതാണ്. ഡോക്ടര്‍ അപ്പോയ്ന്‍മെന്റ്, റിസള്‍ട്ട്, ആരോഗ്യ സംബന്ധമായ ഓര്‍മപ്പെടുത്തലുകള്‍, ഉപദേശങ്ങള്‍ എന്നിവയെല്ലാം ഇതുവഴി ലഭ്യമാക്കാം.
ബിസിനസ് വിഭജനം
കഴിഞ്ഞ മാസമാണ് ആസ്റ്ററിന്റെ ഗള്‍ഫ് ബിസിനസിന്റെ 65 ശതമാനം ഓഹരികള്‍ ദുബൈയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഫജ്ര്‍ ക്യാപിറ്റിലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമായ ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്‌സിന് വിറ്റത്. നിലവില്‍ ഗള്‍ഫ് ബിസിനസില്‍ മൂപ്പന്‍ കുടുംബത്തിന് 35 ശതമാനം ഓഹരി മാത്രമാണുള്ളത്. രണ്ട് ബിസിനസുകളുടെയും സംയോജിത വിപണി മൂല്യം 200 കോടി ഡോളറാണ് (ഏകദേശം 18,000 കോടി രൂപ). ഇതില്‍ ജി.സി.സി ബിസിനസ് മാത്രം 170 കോടി ഡോളര്‍ വരും(15,000 കോടിയിലധികം). കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ നാലിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്.
ഗള്‍ഫ് ബിസിനസിന്റെ നിയന്ത്രണം ഫജ്ര്‍ ഗ്രൂപ്പിനാണെങ്കിലും ചെയര്‍മാനായി ഡോ.ആസാദ് മൂപ്പന്‍ തുടരും. ഡോ.മൂപ്പന്റെ മകള്‍ അലീഷ മൂപ്പന്‍ ഗള്‍ഫ് ബിസിനസിന്റെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമാണ്.
Tags:    

Similar News