മാസം 14 ജിബി എങ്കിലും വേണം; ഇന്ത്യക്കാരുടെ നെറ്റ് ഉപയോഗം വര്‍ധിക്കുന്നു
2014നെ ആപേക്ഷിച്ച് ഡാറ്റ ചെലവ് 96 ശതമാനം കുറഞ്ഞിട്ടുണ്ട്
ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിൻ്റെ കണക്കനുസരിച്ച് 2021 ജൂണ്‍വരെ രാജ്യത്ത് 83.37 കോടി ഇൻ്റര്‍നെറ്റ് കണക്ഷനുകളാണ് ഉള്ളത്. അതില്‍ 79 മില്യണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളാണ്. 2014ല്‍ വെറും 25.15 കോടി ഇൻ്റര്‍നെറ്റ് കണക്ഷനുകളാണ് ഉണ്ടായിരുന്നത്.
മൊബൈല്‍ ഇൻ്റര്‍നെറ്റ് ഉപയോഗത്തില്‍ എട്ട് വര്‍ഷം കൊണ്ട് വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായത്. 2021ല്‍ മൊബൈല്‍ ഇൻ്റര്‍നെറ്റ് കണക്ഷനുള്ള ഒരാള്‍ മാസം 14 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്. 2014ല്‍ വെറും 61.66 എംബിയായിരുന്നു ഇന്ത്യക്കാരുടെ പ്രതിമാസ ഡാറ്റാ ഉപയോഗം. മൊബൈല്‍ ഡാറ്റാ നിരക്ക് കുത്തനെ ഇടിഞ്ഞതും 4ജി സാങ്കേതിക വിദ്യയുടെ കടന്നുവരവുമാണ് ഡാറ്റാ ഉപയോഗം വര്‍ധിപ്പിച്ചത്.
2014നെ അപേക്ഷിച്ച് ഒരു ജിബി മൊബൈല്‍ ഇൻ്റര്‍നെറ്റിൻ്റെ ചെലവ് 268.97ല്‍ നിന്ന് 9.8 രൂപയായി കുറഞ്ഞു. 96 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2014ല്‍ നാല് ലക്ഷം മൊബൈല്‍ ടവറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6.6 ലക്ഷം ടവറുകളാണ് ഉള്ളത്. 2021 സെപ്റ്റംബറിലെ കണക്ക് അനുസരിച്ച് 1,189 മില്യണ്‍ ടെലിഫോണ്‍ കണക്ഷനുകള്‍ രാജ്യത്തുണ്ട്. ഗ്രാമങ്ങളില്‍ ഇൻ്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രം നടത്തുന്ന പദ്ധതിയാണ് ഭാരത്‌നെറ്റ്. ഇതുവരെ 17,232 ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് പദ്ധതിയുടെ നേട്ടം ലഭിച്ചത്.