ബജാജ് ഓട്ടോ ലിമിറ്റഡ്; അറ്റാദായം ഉയര്‍ന്നത് 11 ശതമാനം

നെഗറ്റീവ് വളര്‍ച്ചയായിരുന്നു പ്രവചനങ്ങളെങ്കിലും ഇതിനെ മറികടക്കുന്നതായിരുന്നു നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യപാദ ഫലം

Update: 2022-07-26 10:24 GMT

വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ ജൂണ്‍ പാദത്തിലെ അറ്റാദായം മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 8.3 ശതമാനം വര്‍ധിച്ച് 8,004.97 കോടി രൂപയായി. അതേസമയം, മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.3 ശതമാനത്തിന്റെ മാത്രം വര്‍ധനവാണിത്. മുന്‍പാദത്തില്‍ 7,974.84 കോടിയായിരുന്നു വാഹന നിര്‍മാതാക്കളുടെ അറ്റാദായം. ഇരുചക്രവാഹന വിപണിയില്‍ പ്രമുഖരായ നിര്‍മാതാക്കളുടെ ജൂണ്‍പാദത്തിലെ അറ്റാദായത്തില്‍ നെഗറ്റീവ് വളര്‍ച്ചയായിരുന്നു വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതിനെ മറികടന്നു.

നികുതിക്ക് ശേഷമുള്ള ലാഭം, മുന്‍ വര്‍ഷത്തെ പാദത്തിലെ 1,061.18 കോടി രൂപയില്‍ നിന്ന് 10 ശതമാനമാണ് ഉയര്‍ന്നത്. 1,173.3 കോടി രൂപയാണ് കഴിഞ്ഞപാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം. എന്നിരുന്നാലും മാര്‍ച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ 1,468.95 കോടി രൂപയില്‍ നിന്ന് 20 ശതമാനം കുറവാണിത്.

അസംസ്‌കൃത വസ്തുക്കളുടെ വിലയും ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ ചെലവും ഉയര്‍ന്നതോടെ ചെലവ് മുന്‍കാലയളവിനേക്കാള്‍ 7.05 ശതമാനം വര്‍ധിച്ച് 6,332.62 കോടി രൂപയായി. മൊത്തം ചെലവുകളിലെ കുതിപ്പാണ് കമ്പനിയുടെ ലാഭത്തെ ബാധിച്ചത്. ആഭ്യന്തര വിപണിയില്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. വില്‍പ്പന മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 163 ശതമാനം ഉയര്‍ന്ന് 38,418 യൂണിറ്റിലെത്തി.

ഒന്നാം പാദഫലം പുറത്തുവന്നതിന് പിന്നാലെ ബജാജ് ഓട്ടോ ലിമിറ്റഡ് 2.58 ശതമാനം ഇടിവോടെ (26-07-2022, 3.10) 3,922.80 രൂപ ഓഹരി വിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.

Tags:    

Similar News