2027 ല്‍ പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക് വന്നേക്കാം
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നഗരങ്ങളിലെ പൊതുഗതാഗതം പൂര്‍ണമായി ഹരിത ഇന്ധനത്തിലേക്ക് മാറ്റണമെന്ന് എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റിയുടെ നിര്‍ദേശം
പത്തു ലക്ഷത്തിലധികം ജനസംഖ്യയുളള പ്രധാന ഗരങ്ങളില്‍ 2027 ഓടെ നാലു ചക്ര ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ നീക്കം. ക്ലീന്‍ എനര്‍ജി പരിവര്‍ത്തന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റിയുടേതാണ് പുതിയ നിര്‍ദേശം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കണോ എന്ന് തീരുമാനിക്കുക കേന്ദ്ര സര്‍ക്കാരാണ്.
ഹരിത ഇന്ധനം മാത്രം
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നഗരങ്ങളിലെ പൊതുഗതാഗതം പൂര്‍ണമായി ഹരിത ഇന്ധനത്തിലേക്ക് മാറ്റണമെന്നും നഗര യാത്രകള്‍ക്കായി ഇനി ഡീസല്‍ ഉപയോഗിച്ചുള്ള ബസുകള്‍ കൂട്ടിച്ചേര്‍ക്കരുതെന്നും മുന്‍ ഓയ്ല്‍ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ തരുണ്‍ കപൂര്‍ ചെയര്‍മാനായ പാനല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വായു മലിനീകരണത്തില്‍ മുഖ്യഘടകമായ പിഎം 2.5 (ഫൈന്‍ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5) പുറന്തള്ളലില്‍ 20 ശതമാനവും ഗതാഗത മേഖലയുടെ സംഭവനയാണെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ 2022 സെപ്റ്റംബറില്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സമിതിയുടെ നിര്‍ദേശത്തിന് വലിയ പ്രാധാന്യമുണ്ട്.
നഗരത്തിലെ യാത്രാസര്‍വീസകള്‍ക്ക് ഡീസല്‍ വാഹനങ്ങളാണ് നിലവില്‍ കൂടുതലായി ഉപയോഗിക്കുന്നത്. അതൊഴിവാകുന്നതോടെ ജൈവ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനുമാകും.
പ്രധാന നഗരങ്ങള്‍
നിര്‍ദേശം നടപ്പിലായാല്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള ഡല്‍ഹി & എന്‍സിആര്‍ റീജിയണ്‍, മുംബൈ, കോല്‍ക്കത്ത, പാറ്റ്‌ന, കാണ്‍പൂര്‍, ഹൈദരാബാദ് എന്നിവടങ്ങളിലും കൂടാതെ ലക്‌നൊ, കാണ്‍പൂര്‍, ബറേലി, നാസിക്, താനെ, നാഗ്പൂര്‍, ഗ്വാളിയാര്‍, ചെന്നൈ, മധുരൈ, കോയമ്പത്തൂര്‍ തുടങ്ങിയ 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലുമാകും വിലക്ക് ഏര്‍പ്പെടുത്തുക.
2030 ഓടെ നഗരങ്ങളിലെ യാത്രാ സേവനത്തിനായി ഇലക്ട്രിക് ബസുകളല്ലാതെ മറ്റൊന്നും പുതുതായി അനുവദിക്കില്ല. 2035 വരെ സിഎന്‍ജി ഉപയോഗിക്കാന്‍ അനുമതി നല്‍കും. എന്നാല്‍ 2024 മുതല്‍ നഗര ഗതാഗതത്തിന് ഡീസല്‍ ബസുകള്‍ ഉപയോഗിക്കാനാകില്ല. ദീര്‍ഘദൂര ബസുകളില്‍ സിഎന്‍.ജി, എല്‍.എന്‍.ജി മാറി ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു
ഫാസ്റ്റര്‍ അഡോപ്ഷന്‍ മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്(FAME)-II പദ്ധതി നടപ്പാക്കാനായി 130 കോടി ഡോളര്‍ സര്‍ക്കാര്‍ നീക്കി വച്ചിട്ടുണ്ട്. ഇതില്‍ 35 ശതമാനം പൊതുഗതാഗത മേഖലയിലെ ഇ-ബസുകള്‍ക്കും 25 ശതമാനം ഇലക്ട്രിക് മുചക്ര വാഹനങ്ങള്‍ക്കുമായാണ് ഉപയോഗിക്കുക.