വിജയാ ബാങ്കും ദേനാ ബാങ്കും ബിഒബിയിൽ ലയിച്ചു; അറിയാം 10 കാര്യങ്ങൾ

Update:2019-04-01 12:30 IST

ഇന്നുമുതൽ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുടെ ഭാഗമാണ്. ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് സ്വതന്ത്ര ബാങ്കുകൾ ലയിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ച ലയനം 2019 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു.

ലയനത്തിന് ശേഷം രൂപപ്പെടുന്ന ബാങ്ക് 14.82 ലക്ഷം കോടി രൂപയുടെ ബിസിനസോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കാകും. എസ്ബിഐയും അസ്സോസിയേറ്റ് ബാങ്കുകളും ലയിച്ചതിന് രണ്ടു വർഷത്തിന് ശേഷമാണ് അടുത്ത ലയനം സാധ്യമായത്. ഇതേക്കുറിച്ചറിയാം 10 കാര്യങ്ങൾ.

  1. പെരുകുന്ന കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി നേരിടാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ലയനം.
  2. റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ അഥവാ പിസിഎ ചട്ടത്തിന് കീഴിലുള്ള അഞ്ചു ബാങ്കുകളിൽ ഒന്നായിരുന്നു ദേന. ലയനത്തോടെ ദേന പിസിഎയിൽ നിന്ന് ഒഴിവാകും.
  3. വിജയാ ബാങ്കിന്റെയും ദേനാ ബാങ്കിന്റെയും ജീവനക്കാർ ലയനത്തിന് ശേഷം രൂപം കൊണ്ട പുതിയ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.
  4. ലയനത്തിന് ശേഷമുള്ള ബാങ്ക് ഓഫ് ബറോഡയുടെ അഡ്വാൻസസ് (6.25 ലക്ഷം കോടി) , ഡെപ്പോസിറ്റുകൾ (8.75 ലക്ഷം കോടി) എന്നിവയ്ക്ക് യഥാക്രമം 6.9%, 7.4% എന്നിങ്ങനെ വിപണി വിഹിതം ഉണ്ടായിരിക്കും.
  5. പുതിയ ബാങ്കിന് 9500 ബ്രാഞ്ചുകളും, 13400 ലധികം എടിഎമ്മുകളും, 85,000 ജീവനക്കാരും 120 ദശലക്ഷം ഉപഭോക്താക്കളും ഉണ്ടായിരിക്കും
  6. മൂന്ന് ബാങ്കുകൾ കൂടി ലയിക്കുമ്പോൾ ആകെയുള്ള പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 21 ൽ നിന്ന് 19 ആയി കുറയും.
  7. ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ, ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായത്തിൽ നാലിരട്ടി വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
  8. പുതിയ ബാങ്കിന്റെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താനായി ലയനത്തിന് തൊട്ടുമുൻപ് 5,042 കോടി രൂപയാണ് സർക്കാർ ബാങ്ക് ഓഫ് ബറോഡയ്ക്ക് കൈമാറിയത്.
  9. കൂടുതൽ ശക്തമായ അടിത്തറയുള്ള കുറച്ചു ബാങ്കുകളാണ് ഇന്ത്യയ്ക്കാവശ്യമെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി നേരത്തേ വ്യക്തമാക്കിയിരുന്നു.
  10. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനുള്ള വിവിധ മോഡലുകൾ സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ബിഒബി ലയനം വിജയമായാൽ മാത്രമേ കൂടുതൽ ലയനങ്ങളുമായി സർക്കാർ മുന്നോട്ടുപോകൂ എന്നാണ് സൂചന.

രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളിലെ ഭൂരിഭാഗം ഓഹരിയും സർക്കാരിന്റെ കൈകളിലാണ്. രാജ്യത്തെ മൊത്തം ബാങ്കിംഗ് ആസ്തിയുടെ മൂന്നിലൊന്നു വരുമിത്.

Similar News