'രാഷ്ട്രനിര്‍മാണത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകം'

Update: 2020-07-20 09:54 GMT

പൊതുമേഖലാ ബാങ്കുകളുടെ വലിയ നിഷ്‌ക്രിയ ആസ്തിയെയും കുറഞ്ഞ ലാഭക്ഷമതയെയും കുറിച്ച് വിമര്‍ശനം നടത്തുന്നവര്‍ രാഷ്ട്ര നിര്‍മാണത്തില്‍ ഈ ബാങ്കുകള്‍ വഹിക്കുന്ന പങ്ക് കാണാതെ പോകരുതെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്ര ലാല്‍ ദാസ്. ബാങ്ക് ദേശസല്‍ക്കരണത്തിന്റെ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലാഭം മാത്രം മുന്നില്‍ കണ്ടല്ല പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം. ആദായം ലഭിക്കാത്ത നിരവധി കാര്യങ്ങളും പൊതുമേഖലാ ബാങ്കുകള്‍ പൊതുജനങ്ങളുടെ ക്ഷേമത്തിനായി ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ബാങ്കുകളുടെ ലാഭം കുറയാനും ഇടയാക്കുന്നുണ്ട്. പക്ഷേ അവയെല്ലാം രാഷ്ട്ര നിര്‍മാണത്തിന് അനിവാര്യമാണ്. നമ്മുടെ രാജ്യത്ത് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിലേക്ക് റോഡുകളും പാലങ്ങളും പണിയുമ്പോള്‍, വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ നടപ്പാക്കപ്പെടുമ്പോള്‍ എല്ലാം അതിനു പിന്നില്‍ പൊതുമേഖലാ ബാങ്കുകളുണ്ട്. ദീര്‍ഘമായ നിര്‍മാണ കാലാവധിയുള്ള പശ്ചാത്തല സൗകര്യ പദ്ധതികള്‍ നടപ്പാക്കപ്പെടുമ്പോള്‍ അവയ്ക്ക് നല്‍കിയ വായ്പകള്‍ നിഷ്‌ക്രിയാസ്തി ആകാനും സാധ്യതയുണ്ടെന്ന് എം എല്‍ ദാസ് ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകള്‍, തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകള്‍, സേവന രംഗം തുടങ്ങി മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വായ്പ നല്‍കുക, മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിക്കാതെ ബാങ്കിംഗ് സേവനങ്ങള്‍ ഗ്രാമീണ, അര്‍ദ്ധ നഗരപ്രദേശങ്ങളിലേക്ക് എത്തിച്ച് പ്രാദേശികമായ അസന്തുലിത ഒഴിവാക്കുക, സമൂഹത്തില്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭിക്കാത്ത ജനതയിലേക്ക് അവ എത്തിക്കുക തുടങ്ങി ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ മുക്കിലും മൂലയിലും പൊതുമേഖലാ ബാങ്കുകള്‍

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ക്ക് രാജ്യമെമ്പാടുമായി 88000 ശാഖകളും 1,35,000 എറ്റിഎമ്മുകളുമാണ് ഉള്ളത്. ഏതാണ്ട് മൂന്ന് കോടിയിലേറെ ജന്‍ ധന്‍ എക്കൗണ്ടുകള്‍ പൊതുമേഖലാ ബാങ്കുകളിലുണ്ട്. ''ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ലക്ഷ്യങ്ങളെന്തൊക്കെയായിരുന്നോ അവയെല്ലാം സാക്ഷാത്കരിക്കാന്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം സഹായിച്ചിട്ടുണ്ട്. രാഷ്ട്ര നിര്‍മാണത്തില്‍ വന്‍തോതില്‍ പിന്തുണ നല്‍കാനും സാധിച്ചിട്ടുണ്ട്,'' എം എല്‍ ദാസ് ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News