ഇന്ന് നിങ്ങൾ അറിയേണ്ട 5 പ്രധാന ബിസിനസ് വാർത്തകൾ : സെപ്റ്റംബര്‍ 5

Update: 2019-09-05 04:42 GMT

1. വായ്പാ മോറട്ടോറിയം: വീണ്ടും അപേക്ഷിക്കാം

കഴിഞ്ഞ വര്‍ഷം അനുവദിക്കുകയും ഡിസംബര്‍ 31വരെ നീട്ടി നല്‍കുകയും ചെയ്ത വായ്പാ മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചവര്‍ക്കും ഈ വര്‍ഷത്തെ മോറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ( എസ് എല്‍ ബി സി) ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.തുടര്‍ച്ചയായി രണ്ടു വര്‍ഷം പ്രകൃതിദുരന്തത്തിന് ഇരയാകുകയും മോറട്ടോറിയം അനുവദിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ആദ്യമായാണ് കേരളം നേരിടുന്നത്.

2.ട്രഷറി നിയന്ത്രണം നീക്കി

ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനുകളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ട്രഷറി നിയന്ത്രണം സര്‍ക്കാര്‍ നീക്കി. ഓണത്തിന് മുമ്പ് വകുപ്പുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കരാറുകാര്‍ക്കും പണം വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് നിയന്ത്രണം നീക്കിയത്.

3.സര്‍ക്കാര്‍ ഓഫീസുകളില്‍ പണമടയ്ക്കാന്‍ എസ്ബിഐ ഇ - പോസും

സര്‍ക്കാര്‍ ഓഫീസുകളില്‍ പണമടയ്ക്കുന്നതിന് ഇ - പോസ് മെഷീന്‍ സ്ഥാപിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കരാറിലേര്‍പ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ട്രഷറി, വില്ലേജ് ഓഫീസുകള്‍, കോളെജുകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇ - പോസ് മെഷീന്‍ വഴി പണമടയ്ക്കാന്‍ സൗകര്യമുള്ളത്. നിലവില്‍ ഫെഡറല്‍ ബാങ്ക് മാത്രമായാണ് ധാരണയുള്ളത്.

4.മുത്തൂറ്റ് സമരം: ചര്‍ച്ച ഒന്‍പതിലേക്ക് മാറ്റി

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കവും സമരവും ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ എത്താന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച മാറ്റിവെച്ചു. ഒന്‍പതിന് വൈകീട്ട് കൊച്ചിയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

5.ടൂറിസം റാങ്ക്: ഇന്ത്യയ്ക്ക് നേട്ടം

ലോക ട്രാവല്‍ - ടൂറിസം മല്‍സരക്ഷമതയില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നു. 2017ല്‍ 40ാം റാങ്ക് ആയിരുന്നത് 2018ല്‍ 34 ആയി. സാംസ്‌കാരിക സമ്പത്തും പ്രകൃതി വൈവിധ്യവുമാണ് ഇന്ത്യയുടെ ശക്തിയെന്ന് ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar News