ബാങ്ക് ലയനം: ലിസ്റ്റഡ് ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 20,000 കോടി രൂപയുടെ വിപണി മൂല്യം

Update: 2018-09-19 07:51 GMT

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ലിസ്റ്റഡ് ബാങ്കുകള്‍ക്ക് മൂല്യത്തകര്‍ച്ച.

കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്കുകള്‍ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക് രൂപീകരിക്കുമെന്ന് നേരത്തേ ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ മൊത്തം വിപണിമൂല്യം 20,000 കോടി രൂപയോളം ഇടിഞ്ഞെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം നിക്ഷേപകരില്‍ അനുകൂലമായ പ്രതികരണം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ദേന ബാങ്ക് നിലവില്‍ ആര്‍ബിഐയുടെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന് (PCA) കീഴിലാണുള്ളത്. അതിനാല്‍ തന്നെ ബാങ്കിന് വായ്പ നല്കാന്‍ സാധിക്കില്ല. എന്‍.പി.എ റേഷ്യോ 22 ശതമാനമാണ്.

ഈ മൂന്ന് പൊതുമേഖലാ ബാങ്കുകളില്‍, നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന ബാങ്കുകളില്‍ ഒന്നാണ് വിജയ ബാങ്ക്. ഇതിന്റെ എന്‍.പി.എ റേഷ്യോ 6.9 ശതമാനമേയുള്ളൂ. ഇവയില്‍ ഏറ്റവും വലിയ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ എന്‍.പി.എ റേഷ്യോ 12.4 ശതമാനവും. ലയിച്ചുണ്ടാകുന്ന പുതിയ ബാങ്കിന്റേത് ഏകദേശം 13 ശതമാനം വരുമെന്ന് കണക്കാക്കുന്നു.

Similar News