ഭവനവായ്പാ പലിശ നിരക്ക് താഴ്ത്തി എച്ച്ഡിഎഫ്‌സിയും ബാങ്ക് ഓഫ് ബറോഡയും

Update: 2020-03-05 07:57 GMT

എച്ച്ഡിഎഫ്‌സിയും ബാങ്ക് ഓഫ് ബറോഡയും ഭവനവായ്പയുടെ പലിശനിരക്കില്‍ നേരിയ കുറവ് പ്രഖ്യാപിച്ചു. അതേസമയം മറ്റ് ബാങ്കുകള്‍ ഏപ്രില്‍ വരെ നിരക്ക് മാറ്റില്ലെന്നാണ് സൂചന.

പുതിയ ഉപഭോക്താക്കളുടെ നിരക്ക് 8.15 % ആയിരുന്നത് മാര്‍ച്ച് 1 മുതല്‍ 8% ആയാണ് ബാങ്ക് ഓഫ് ബറോഡ കുറച്ചിരിക്കുന്നത്. ഡിസംബറിലെ ഡാറ്റയെ അടിസ്ഥാനമാക്കി എടുത്ത തീരുമാനമാണിതെന്ന് ബാങ്ക് ഓഫ് ബറോഡയുടെ മോര്‍ട്ട്‌ഗേജ്, റീട്ടെയില്‍ ആസ്തി വിഭാഗം മേധാവി വീരേന്ദ്ര കുമാര്‍ സേതി പറഞ്ഞു.

എച്ച്ഡിഎഫ്‌സി ലിമിറ്റഡ് അതിന്റെ റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് നിരക്ക് 5 ബേസിസ് പോയിന്റ് (ബിപിഎസ്) ആണ് കുറച്ചത്. ഇത് മാര്‍ച്ച് 9 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും നിലവിലുള്ള എല്ലാ റീട്ടെയില്‍ ഭവന വായ്പ ഉപഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ അറിയിപ്പില്‍ എച്ച്എഫ്‌സി പറഞ്ഞു. ഏറ്റവും കുറഞ്ഞ ഭവനവായ്പാ നിരക്ക് ഇപ്പോള്‍ 8 % ആയി.

രാജ്യത്ത് ഏറ്റവുമധികം ഭവനവായ്പ നല്‍കുന്ന ഏജന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു എച്ച്ഡിഎഫ്‌സി. ബാങ്ക് ഓഫ് ബറോഡ അടുത്ത കാലത്ത് വന്‍ തോതില്‍ ഭവനവായ്പ നല്‍കിത്തുടങ്ങിയിട്ടുണ്ട്. മിക്ക ബാങ്കുകളും തങ്ങളുടെ വായ്പകള്‍ക്ക് താഴ്ന്ന നിരക്ക് നേരത്തെ നിശ്ചയിച്ചിട്ടുള്ളതിനാല്‍ അവര്‍ തല്‍ക്കാലം ബാങ്ക് ഓഫ് ബറോഡയെയും എച്ച്ഡിഎഫ്‌സിയെയും പിന്തുടരില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. റീട്ടെയില്‍ ഹോം വിഭാഗത്തില്‍ ഏറ്റവുമധികം വായ്പ നല്‍കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനകം തന്നെ ഏറ്റവും കുറഞ്ഞ നിരക്ക് 7.95% ആക്കിയിട്ടുണ്ട്. മറ്റ് പല പൊതുമേഖലാ ബാങ്കുകളില്‍ നിന്നുമുള്ള പലിശനിരക്ക് അതിനടുത്താണ് - മൈലോണ്‍കെയര്‍.ഇന്‍ സഹസ്ഥാപകനും സിഇഒയുമായ ഗൗരവ് ഗുപ്ത പറഞ്ഞു.

ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ ഭവനവായ്പാ നിരക്ക് യഥാക്രമം 8.0%, 8.05%, 8.0%, 7.95% എന്നിങ്ങനെയാണെന്ന് ബാങ്കുകളുടെ വെബ്സൈറ്റ് പറയുന്നു. ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍, എച്ച്ഡിഎഫ്സിയുടെ ഭവനവായ്പാ നിരക്ക് എച്ച്എഫ്സികള്‍ക്കിടയില്‍ ഏറ്റവും മത്സരാധിഷ്ഠിതമാണ്. അതേസമയം, നിരക്കുകള്‍ ഇതിനകം തന്നെ താഴ്ന്നു നില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രോസസ്സിംഗ് ഫീസുകളില്‍ കിഴിവുകള്‍ നല്‍കുന്നുണ്ട് ചില വായ്പാ ദാതാക്കള്‍. ഏപ്രില്‍ വരെ നിരക്കില്‍ മറ്റുള്ളവര്‍ മാറ്റം വരുത്തുമെന്ന് വിശ്വസിക്കുന്നില്ല-വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ ഭവനവായ്പ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന സ്വിച്ച്‌മെ.ഇന്‍ സ്ഥാപകനും സിഇഒയുമായ ആദിത്യ മിശ്ര പറഞ്ഞു.

ഫെബ്രുവരി 6 ന് നടന്ന ആറാമത്തെ ദ്വിമാസ യോഗത്തില്‍ റിസര്‍വ് ബാങ്ക് നിരക്ക് മാറ്റിയില്ല. പകരം, ദീര്‍ഘകാല റിപ്പോ പ്രവര്‍ത്തനങ്ങള്‍ (എല്‍ടിആര്‍ഒ) അവതരിപ്പിച്ചു. അതിന് കീഴില്‍ ബാങ്കുകള്‍ക്ക് കുറഞ്ഞ ദീര്‍ഘകാല ഫണ്ടുകള്‍ ലഭിക്കും. ഭവന, വാഹന വായ്പകള്‍ക്കുള്ള ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) ആവശ്യകതകളില്‍ ഇളവ് വരുത്തുമെന്നും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) വായ്പ നല്‍കുമെന്നും പ്രഖ്യാപിച്ചു. ഈ രണ്ട് സംയോജിത നീക്കങ്ങളും ബാങ്കുകള്‍ക്കുള്ള ഫണ്ടുകളുടെ ലഭ്യത സുഗമമാക്കുമെന്നാണ് പ്രതീക്ഷ. അതിന്റെ ഗുണം വൈകാതെ പുതിയ വായ്പക്കാര്‍ക്കും പഴയ വായ്പക്കാര്‍ക്കും കൈമാറണമെന്നാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമാക്കുന്നത്. ബാങ്കുകള്‍ നിരക്ക് കുറയ്ക്കുന്നതിനുള്ള ഒരു കാരണമായി ഇത് മാറുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News