കോട്ടക് മഹീന്ദ്ര ബാങ്കില്‍ ഗുരുതര വീഴ്ച; പുതിയ ഉപഭോക്താവിനെ ചേര്‍ക്കരുതെന്ന് നിര്‍ദേശിച്ച് ആര്‍.ബി.ഐ

ധനകാര്യ മേഖലയില്‍ ശുദ്ധീകരണം തുടര്‍ന്ന് റിസര്‍വ് ബാങ്ക്

Update: 2024-04-24 12:46 GMT

Image courtesy: Kotak Mahindra Bank, RBI

പേയ്ടിഎം, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ്, ജെ.എം ഫിനാന്‍ഷ്യല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയവര്‍ക്ക് പിന്നാലെ റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) കടുത്ത നടപടി നേരിട്ട് കോട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank). ഓണ്‍ലൈനായോ മൊബൈല്‍ ബാങ്കിംഗ് വഴിയോ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കരുതെന്നും കൊട്ടക് മഹീന്ദ്ര ബാങ്കിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അതേസമയം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സേവനങ്ങള്‍ നല്‍കി വരുന്നത് തുടരും.

ഐ.ടി സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍

കോട്ടക് മഹീന്ദ്ര ബാങ്കിലെ കംപ്ലയിന്‍സും റിസ്‌ക് മാനേജ്മെന്റും സംബന്ധിച്ച് ചില ആശങ്കകള്‍ നിലനിന്നിരുന്നു. 2022, 2023 വര്‍ഷങ്ങളിലെ കോട്ടക്കിന്റെ ഐ.ടി സംവിധാനങ്ങള്‍ പരിശോധിച്ചപ്പോള്‍ വലിയ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. ഐ.ടി ഇന്‍വെന്ററി മാനേജ്മെന്റ്, പാച്ച് ആന്‍ഡ് ചേഞ്ച് മാനേജ്മെന്റ്, യൂസര്‍ ആക്സസ് മാനേജ്മെന്റ്, വെണ്ടര്‍ റിസ്‌ക് മാനേജ്മെന്റ്, ഡേറ്റ സെക്യൂരിറ്റി, ഡേറ്റ ചോര്‍ച്ച തടയുന്ന സംവിധാനം തുടങ്ങി വിവിധ മേഖലകളില്‍ ഗുരുതരമായ വീഴ്ചയാണ് ആര്‍.ബി.ഐ കണ്ടെത്തിയത്.

അതായത് ബാങ്കിന്റെ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ആര്‍ക്കൊല്ലാം ആക്സസ് ചെയ്യാമെന്ന കാര്യം കൃത്യമായി തിട്ടപ്പെടുത്തനായിട്ടില്ല. ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ട നടപടികളും ബാങ്ക് കൃത്യമായി സ്വീകരിച്ചിട്ടില്ല. മാത്രമല്ല ഐ.ടി സുരക്ഷ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനുള്ള നിയമങ്ങളും പാലിച്ചില്ല. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറഞ്ഞതിന് ശേഷവും കോട്ടക് മഹീന്ദ്ര ബാങ്കിന് ഇതുവരെ അവ പരിഹാരിക്കാനായില്ലെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു. ഇതിനെല്ലാമെതിരെ റിസര്‍വ് ബാങ്ക് സ്വീകരിച്ച നിയന്ത്രണ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.

കോട്ടക് ബാങ്കിന്റെ വളര്‍ച്ചയ്ക്ക് ആനുപാതികമായി ഐ.ടി സംവിധാനങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതില്‍ ബാങ്ക് പരാജയപ്പെട്ടു. ഡിജിറ്റല്‍ ബാങ്കിംഗ്, പേയ്മെന്റ് സംവിധാനങ്ങളുടെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ തടയുന്നതിനും ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു. 

ഇനി പുറത്തുനിന്നുള്ള വിദഗ്ദ്ധരെ വച്ച് സമഗ്രമായ ഓഡിറ്റ് നടത്തുന്നതുവരെ ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെ ഈ എക്സ്റ്റേണല്‍ ഓഡിറ്റ് നടത്തുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ഓഡിറ്റ് പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യും. ഇതിന് ശേഷമാകും മറ്റ് നടപടികള്‍.

നിരീക്ഷണം കടുപ്പിച്ച് റിസര്‍വ് ബാങ്ക്

ധനകാര്യ മേഖലയെ അടുത്തിടെയായി റിസര്‍വ് ബാങ്ക് അതികഠിനമായി നിരീക്ഷിച്ചു വരികയാണ്. ബാങ്കുകളും എന്‍.ബി.എഫ്.സികളുമെല്ലാം അടുത്തിടെയായി ഈ അതികഠിന നിരീക്ഷണ വലയത്തിലാണെന്ന് പറയാം. പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിലാണ് ഇതിന്റെ തുടക്കം. കെ.വൈ.സി നിബന്ധനകള്‍ പാലിക്കാത്തതു മുതല്‍ വിദേശനാണ്യ ഇടപാടുകളിലെ ക്രമക്കേടുകള്‍ വരെ പല പ്രശ്നങ്ങളാണ് പേയ്ടിഎം പേയ്മെന്റ്സ് ബാങ്കില്‍ റിസര്‍വ് ബാങ്ക് കണ്ടെത്തിയത്. പിന്നാലെ കടുത്ത നടപടിയുമെടുത്തു.

സ്വര്‍ണപ്പണയ വായ്പകളില്‍ ഒട്ടേറെ ക്രമക്കേടുകളോടെ ഐ.ഐ.എഫ്.എല്‍ ഫിനാന്‍സാണ് പിന്നീട് ആര്‍.ബി.ഐയുടെ നടപടി നേരിട്ടത്. പിന്നീട് ജെ.എം ഫിനാന്‍ഷ്യല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും നടപടി നേരിടേണ്ടി വന്നു. ഇത്തരത്തില്‍ ഇപ്പോള്‍ ആര്‍.ബി.ഐ മേല്‍നോട്ടം ശക്തമാക്കുന്നതിനൊപ്പം ക്രമക്കേടുകള്‍ക്കെതിരെ ഉടനടി നടപടിയും സ്വീകരിച്ചുവരികയാണ്. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ കോട്ടക് മഹീന്ദ്ര ബാങ്കും ഈ പട്ടികയിൽ എത്തിയിരിക്കുന്നത്.

Tags:    

Similar News